- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചത്; ഇപ്പോൾ വരുന്ന വെളിപ്പെടുത്തൽ ആരുടെയോ തിരക്കഥയ്ക്ക് അനുസരിച്ചാണ്; സമരാഭാസങ്ങൾക്കു മുൻപിൽ എൽ ഡി എഫ് സർക്കാർ കീഴടങ്ങില്ലെന്ന് കോടിയേരി
തലശേരി: പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങൾക്കു മുന്നിൽ എൽഡിഎഫ് സർക്കാർ കീഴടങ്ങില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്ന കറുത്ത ശക്തികളെ കണ്ടെത്തണം. എന്തും വിളിച്ചു പറയാമെന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഇത് അരാജകത്വത്തിലേക്കെത്തിക്കും. ഇത്തരം തെറ്റായ പ്രചാരവേലകൾ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. പാറാട് പി കെ കുഞ്ഞനന്തൻ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെയും പാർട്ടിയുടെയും പ്രതിച്ഛായ തകർക്കാനാണ് വലതുപക്ഷം ഒന്നടങ്കം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെയും പാർട്ടിയെയും പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്താനാണ് തിരക്കഥ മെനയുന്നത്. സ്വർണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയപ്പോഴാണ് അന്വേഷണം അവസാനിപ്പിച്ചത്. ഇപ്പോൾ വരുന്ന വെളിപ്പെടുത്തൽ ആരുടെയോ തിരക്കഥയ്ക്ക് അനുസരിച്ചാണ്.
ചോദ്യം ചെയ്യലിലും കോടതിയുടെ മുന്നിലും പറയാത്ത കാര്യങ്ങൾ പുതിയ കഥകളാക്കി അവതരിപ്പിക്കുന്നു. ഇത്തരം കഥകൾക്ക് അൽപായുസേയുള്ളൂ. വർഗീയ ശക്തികൾ രാജ്യത്തെ വിഘടിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രവാചകനെ നിന്ദിച്ചുള്ള ബിജെപി വക്താവിന്റെ വാക്കുകൾ രാജ്യത്തെ ഒറ്റപ്പെടുത്തി. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളൊന്നും ചർച്ച ചെയ്യാതെ നാട്ടിൽ സംഘർഷവും അക്രമവും നടത്താനാണ് ആർഎസ്എസ് ശ്രമം.
ആർഎസ്എസിന്റെ കള്ളപ്രചാരണം കേരളത്തിൽ യുഡിഎഫിന് ഗുണംചെയ്യുന്നു. അതുകൊണ്ടാണ് അവർ ആർഎസ്എസ്സിനെ സഹായിക്കുന്നത്. നാലുവോട്ടിനുവേണ്ടി രാഷ്ട്രീയം കളിച്ചാൽ നാട് തകരും. സമൂഹത്തിന്റെ നിലനിൽപ്പാണ് പ്രധാനം. ഇത്തരം പ്രചാരണങ്ങളെ തടയാൻ ജനങ്ങളെല്ലാം അണിനിരക്കണമെന്നും കോടിയേരി പറഞ്ഞു.




