- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രവീന്ദ്രനും പ്രതിയായാൽ പിണറായിക്ക് രാജി വെക്കേണ്ടി വരും; സ്വപ്നാ സുരേഷിനെ മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎ വിളിച്ചതിന് നിരവധി തെളിവുകൾ;അവധി അപേക്ഷ നൽകി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരിയും; ബിനീഷിന്റെ അറസ്റ്റിനെ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം; എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ പിണറായി പക്ഷം
കൊച്ചി: എം. ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുത്ത് സിപിഎം കേന്ദ്ര നേതൃത്വം. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണം തേടാനാണ് സ്വപ്നയെയും സംഘത്തെയും ഇഡി വീണ്ടും ചോദ്യം ചെയ്തത്. ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായാൽ അത് മുഖ്യമന്ത്രി പിണറായി വിജയനും വിനയായി മാറും. മകൻ ബിനീഷ് കോടിയേരിയ്ക്കെതിരെ നിരന്തര ആരോപണങ്ങൾ വരുന്ന സാഹചര്യത്തിൽ സിപിഎം സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിയുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം പിണറായിയും രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പുറമേ മറ്റൊരാൾകൂടി തന്നെ വിളിച്ചിരുന്നുവെന്ന് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതേപ്പറ്റി കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് 'വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും മറ്റുമായി വിളിക്കാറുണ്ടായിരുന്നു' എന്ന മൊഴി നൽകിയത്. സിഎം രവീന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ അതിശക്തനെ കുറിച്ചാണ് സംശയം ഉയരുന്നത്. സ്വപ്നയുടെ ഫോൺ പരിശോധിച്ചതിൽ ഈ നമ്പറിൽനിന്ന് വിളികൾ വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിസ സ്റ്റാമ്പിങ്ങിനായി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിളിക്കുന്നതിലെ അനൗചിത്യമാണ് ഇ.ഡി. പരിശോധിക്കുന്നത്. കേസിൽ രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും പരിഗണനയിലാണ്. രവീന്ദ്രൻ കൂടി കേസുകളിൽ പ്രതിയായാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും ഉയരും.
ശിവശങ്കർ ഐഎഎസുകാരനാണെങ്കിൽ രവീന്ദ്രൻ പാർട്ടിയുടെ നോമിനിയാണ്. ഊരാളുങ്കൽ സൊസൈറ്റിയുമായും അടുത്ത ബന്ധമുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ ഈ സൊസൈറ്റിയുടെ സഹായം ഉപയോഗിച്ചിട്ടുണ്ടോ എന്ന സംശയവും കേന്ദ്ര ഏജൻസികൾക്കുണ്ട്. സർക്കാരിന്റെ പദ്ധതികൾ മിക്കതും സഹകരണ സ്ഥാപനമെന്ന നിലയിൽ ഊരാളുങ്കലിന് കൊടുക്കുന്നതും ഇഡി പരിശോധിക്കും. വൈദ്യുത ബോർഡ് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ ഫോണിന്റെ രേഖകൾ എല്ലാം വൈദ്യുത ബോർഡിൽ നിന്ന് ഇഡി ശേഖരിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം വൈദ്യുത ഭവനിൽ ഇഡിക്കാർ എത്തി. ഇങ്ങനെ പ്രതിസന്ധികൾ രൂക്ഷമായാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന സൂചന പിണറായിക്ക് കേന്ദ്ര നേതൃത്വം നൽകി കഴിഞ്ഞു.
വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് കോൺസുലേറ്റുമായി കരാർ ഉണ്ടായിരുന്ന യു.എ.എഫ്.എക്സ്. സ്ഥാപന ഉടമ അബ്ദുൾ ലത്തീഫ് ബിനീഷ് കോടിയേരിയുടെ മകന്റെ ബിനാമിയാണെന്നും ഇ.ഡി. സംശയിക്കുന്നുണ്ട്. ഫോൺ വിളികൾക്ക് പിന്നിൽ ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടോ എന്നാണ് അന്വേഷണം. അബ്ദുൾ ലത്തീഫിന്റെ കമ്പനിക്ക് വിസ സ്റ്റാമ്പിങ്ങിന്റെ കരാർ നൽകിയപ്പോൾ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിക്ക് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചു. ഇതേ അബ്ദുൾ ലത്തീഫിന്റെ കമ്പനിയായ കാർപാലസിനാണ് പ്രളയത്തിൽ തകർന്ന 150 വീടുകളുടെ പുനർനിർമ്മാണക്കരാർ യു.എ.ഇ. കോൺസുലേറ്റിൽനിന്ന് ലഭിച്ചത്. ഈ കരാറിൽ യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് 1.50 കോടി രൂപയും സ്വപ്നാ സുരേഷിന് 52 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചെന്നും ഇ.ഡി. പറയുന്നു.
ഈ സാഹചര്യത്തിലാണ് കോടിയേരി അവധി അപേക്ഷ നൽകുന്നത്. ചികിൽസയ്ക്കായി മുമ്പും കോടിയേരി അവധി എടുത്തിട്ടുണ്ട്. അന്ന് എംവി ഗോവിന്ദന് താൽകാലി ചുമതല നൽകി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എംവി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയായി തന്നെ നിയമിക്കും. ഇതിനുള്ള ധാരണ കണ്ണൂർ ലോബിയിൽ ആയി കഴിഞ്ഞു. രവീന്ദ്രനെ ചോദ്യം ചെയ്യുകയും അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്താൽ പിണറായിയും രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത ജാഗ്രതക്കുറവുണ്ടായി എന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. പിണറായിയെ മാറ്റാതെ ഈ കളങ്കം മാറില്ലെന്നും അവർ വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം ശിവശങ്കർ. സ്വർണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രധാനിയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മന്ത്രി ജലീലും സംശയ നിഴലിലാണ്. ഇതെല്ലാം പിണറായിയെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. പിണറായിയും കോടിയേരിയും സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പരസ്യമായി പറയുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയിൽ അടക്കം എതിർസ്വരങ്ങൾ ശക്തമാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും തീർത്തും നിരാശരാണ്. ഇത് പിണറായിയും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കേണ്ടി വരുമെന്ന് പിണറായി തിരിച്ചറിയുന്നത്.
അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ തന്ത്രങ്ങൾ മെനയുകയാണെന്നാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുക്കുന്നുവെന്നാണ് സൂചന. അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങാനാണ് പിണറായി നിർബന്ധിതനാകുന്നത്. പിണറായിക്ക് സ്ഥാനം പോയാൽ പകരം എത്തേണ്ടത് സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. എന്നാൽ മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ അവസരം നഷ്ടപ്പെട്ട് കോടിയേരിയും പ്രതിസന്ധിയിലായി. പകരം ആരു മുഖ്യന്ത്രിയാകുമെന്നതും സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസിൽ കേന്ദ്ര ഏജൻസികൾ ഇനി ചോദ്യം ചെയ്യാൻ ഊഴം കാക്കുന്നത് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്ന് സൂചനയുണ്ട്. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങൾ ശിവശങ്കറിനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദർശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരിൽ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കൽ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്.
കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രവീന്ദ്രന് നിർണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനൻ പ്രതിപക്ഷ നേതാവായപ്പോൾ പാർട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാർട്ടി നിയമനം. പിണറായിക്ക് അധികാരം കിട്ടിയപ്പോൾ സെക്രട്ടറിയേറ്റിലെ അതിശക്തനും. മിനി മുഖ്യമന്ത്രിയാണ് രവീന്ദ്രൻ എന്ന് കരുതുന്ന പലരും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ