കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി രംഗത്ത്. സ്വത്തു വിവരം സംബന്ധിച്ചു തെറ്റായ സത്യവാങ്മൂലം നൽകി ഗവർണറെ കോടിയേരി തെറ്റിദ്ധരിപ്പിച്ചുവെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആരോപിച്ചു. ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി നൽകിയ വാർത്തയാണ് ബിജെപി നേതാവ് ഏറ്റെടുത്തത്.

തലശ്ശേരി ടെമ്പിൾ റോഡിലെ വീടും സ്ഥലവും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്. കോടിയേരി ബാലകൃഷ്ണൻ സ്വത്ത് വെളിപ്പെടുത്തിയപ്പോൾ നാലര ലക്ഷം മതിപ്പ് വിലയാണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. ഈ വസ്തുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. കോടിയേരിയുടെ മൂത്തമകൻ ബിനോയ്ക്ക് ഗൾഫിൽ 13 കോടിയുടെ വായ്പാ തട്ടിപ്പ് വിവാദം ഉണ്ടാകുമ്പോഴാണ് ഈ വസ്തു കച്ചവടവും ചർച്ചയാകുന്നത്. വസ്തു വിറ്റെങ്കിലും ഇപ്പോഴും ഇത് കോടിയേരിയുടെ കൈവശം തന്നെയാണ് ഉള്ളത്. ഇതാണ് സംശയത്തിന് കാരണം. കള്ളപ്പണം വെളുപ്പിക്കാനുള്ള കുതന്ത്രമാണ് ഈ വസ്തു വിൽപ്പനയെന്നാണ് ആരോണം. ടെമ്പിൾ റോഡിലെ വസ്തു വിറ്റുവെന്നത് വ്യക്തമാക്കുന്ന രേഖകൾ മറുനാടന് കിട്ടിയതോടെയാണ് വസ്തു വിൽപ്പനയിലെ കള്ളക്കളിയുടെ പുകമറ സജീവ ചർച്ചയായത്. ഇതാണ് ബിജെപി ഏറ്റെടുത്തത്.

കോടിയേരിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംബന്ധിച്ചു വിശദമായ പരിശോധന വേണമെന്ന് എഎൻ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുൻപു 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണു ഗവർണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 2011ൽ നിയമസഭ തിരഞ്ഞെടുപ്പു നടക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ഭാര്യ വിനോദിനിയുടെ പേരിൽ കണ്ണൂർ ജില്ലയിൽ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നതു നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളിൽ ഒന്നിൽ വീടുണ്ട്. എന്നാൽ 2015 ജൂൺ 30നു കോടിയേരി ഗവർണർക്കു നൽകിയ സത്യവാങ്മൂലത്തിൽ വീടിരിക്കുന്ന പ്ലോട്ടിനു നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇതു വാസ്തവ വിരുദ്ധമാണ്.

2014ൽ നിഖിൽ രാജേന്ദ്രൻ എന്നയാൾക്കു വിനോദിനിയുടെ പേരിലുള്ള പ്ലോട്ടുകൾ 45 ലക്ഷം രൂപയ്ക്കു വിൽപന നടത്തിയിട്ടുണ്ട്. ചൊക്ലി സബ് രജിസ്റ്റ്രാർ ഓഫിസിലായിരുന്നു നടപടികൾ. അഞ്ചര ലക്ഷം രൂപ റജിസ്‌ട്രേഷനു ചെലവായി. വിനോദിനി 45 ലക്ഷം രൂപയ്ക്കു വിറ്റ സ്ഥലത്തിനു തൊട്ടടുത്തായി മകൻ ബിനീഷ് കോടിയേരി ഇതേ കാലയളവിൽ ലക്ഷ്മിയമ്മ, സോമൻ എന്നിവരിൽ നിന്ന് അഞ്ചേമുക്കാൽ ലക്ഷത്തിനു 12.5 സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. ഭൂമിവില കുറവുള്ള ഈ സ്ഥലത്തു വിനോദിനിയുടെ ഭൂമിക്കു മാത്രം എങ്ങനെ കൂടുതൽ വില ലഭിച്ചുവെന്നു പരിശോധിക്കണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. 2009ൽ സിപിഎം നിയന്ത്രണത്തിലുള്ള ചൊക്ലി സഹകരണ ബാങ്ക്, കോടിയേരി സർവീസ് സഹകരണ ബാങ്ക് എന്നിവയിൽ ഇതേ പ്ലോട്ടുകൾ ജാമ്യം നൽകി വിനോദിനി 18 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റ രേഖകളും വാർത്താ സമ്മേളനത്തിൽ ഹാജരാക്കി.

2014ലാണ് ഈ വസ്തു കോടിയേരിയുടെ ഭാര്യ വിറ്റത്. അടുത്ത ബന്ധുവും എഞ്ചിനിയറിങ് വിദ്യാർത്ഥിയുമായ നിഖിലിനാണ് 45 ലക്ഷം രൂപയ്ക്ക് വിറ്റത്. കോടിയേരി 4 ലക്ഷം മതിപ്പ് വില കാട്ടിയ വസ്തുവാണ് ഇത്തരത്തിൽ 45 ലക്ഷത്തിന് വിൽപ്പന നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് മറുനാടന് ലഭിച്ചത്. ഇതിന് ശേഷം തിരുവനന്തപുരത്ത് കോടിയേരി പുതിയ സ്ഥലം വാങ്ങുകയും ചെയ്തു. നാൽപത് ലക്ഷത്തിനായിരുന്നു ഇത് വാങ്ങിയത്. എന്നാൽ 2014ൽ വിറ്റ വസ്തുവും വീടും ഇപ്പോഴും കോടിയേരിയുടെ കൈവശമാണുള്ളത്. തലശ്ശേരിയിലെ ഈ വിട്ടിൽ ഇപ്പോഴും കോടിയേരിയും കുടുംബവും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് ശത്രുസംഹാര പൂജ നടന്നെന്ന വിവാദവും കോടിയേരിക്ക് എതിരെ ഉയർന്നിരുന്നു. ഇതും 2014ൽ വിറ്റ വീട്ടിലാണ് നടന്നതെന്നാണ് ആക്ഷേപം. ഷാജി കുര്യാക്കോസ് എന്ന വിവരാവകാശ പ്രവർത്തകർ ചൊക്ലി രജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകി ശേഖരിച്ച ശേഷം മറുനാടന് നൽകിയ രേഖകളാണ് ഈ ഭൂമി കച്ചവടത്തിലെ കള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

45 ലക്ഷം രൂപ രൊക്കം നൽകി വസ്തു വാങ്ങിയെന്നാണ് ആധാരത്തിലുള്ളത്. ഈ പണം നഖിലിന് എവിടെ നിന്ന് കിട്ടിയെന്നത് ആ സമയത്ത് ആരും പരിശോധിക്കില്ല. വിദ്യാർത്ഥി ആയതു കൊണ്ട് തന്നെ ഇൻകം ടാക്സ് നൂലാമാലകളുമില്ല. അതുകൊണ്ട് തന്നെ ഇയാൾ റിട്ടേൺ കൊടുക്കാനുള്ള സാധ്യതയും കുറവാണ്. അതിനാൽ 45 ലക്ഷം രൂപയുടെ ഉറവിടം നിഖിന് ഒരിടത്തും രേഖപ്പെടുത്തേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഇതൊരു അഡ്ജസ്റ്റ്മെന്റ് ഇടപാടായിരുന്നുവെന്ന സംശയമാണ് സജീവമാകുന്നത്. അതായത് കോടിയേരിയും കുടുംബവും ആർക്കും വസ്തു കൈമാറിയില്ല.

പറഞ്ഞാൽ കേൾക്കുന്ന ആൾക്ക് ആധാരത്തിലൂടെ വസ്തു രജിസ്റ്റർ ചെയ്ത് പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിലൂടെ തിരുവനന്തപുരത്ത് വാങ്ങിയ വസ്തുവിന് നൽകിയ പണം കണക്കിൽപ്പെട്ടതുമാക്കിയെന്നാണ് ഉയരുന്ന ആരോപണം. വലിയ ഇടപെടുകൾ ബാങ്കുകൾ വഴിയേ നടത്താവൂവെന്ന് കേന്ദ്ര നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.