കണ്ണൂർ: കെ.വി തോമസ് കോൺഗ്രസിൽ നിന്നും രാജിവെച്ച് വന്നാൽ സ്വീകരിക്കുന്നതിൽ തടസമൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

'സിപിഎമ്മുമായി സഹകരിക്കാൻ തയാറായി നേരത്തെയും പല കോൺഗ്രസ് നേതാക്കളും വന്നിട്ടുണ്ട്. അവരൊന്നും വഴിയാധാരമായിട്ടില്ല. പാർട്ടി കോൺഗ്രസ് കണ്ണൂരിലായതു കൊണ്ടു വരുന്നില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിന്റെ സെമിനാറിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ചെന്നിത്തല അന്ന് വന്നില്ല. കെ.വി തോമസിന്റെ സ്വാഗതാർഹമായ തീരുമാനമാണ്. നേരത്തെ തന്നെ അദ്ദേഹം വരുമെന്ന് അറിയിച്ചിരുന്നു.

കോൺഗ്രസിനകത്തുള്ള പലയാളുകളും ആ പാർട്ടിയിൽ നിന്ന് രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്ന സ്ഥിതി കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ മൂന്ന് ജനറൽ സെക്രട്ടറിമാരാണ് ഇപ്പോൾ രാജിവെച്ച് ഇടതുപക്ഷവുമായി സഹകരിക്കുന്നത്. നേരത്തെ കോൺഗ്രസ് വിടുന്ന ആളുകൾ സിപിഎമ്മുമായി നേരിട്ട് സഹകരിക്കാറില്ല, മറ്റേതെങ്കിലും ഘടകകക്ഷികളുമായി ചേർന്ന് സിപിഎമ്മുമായി സഹകരിക്കുന്ന സ്ഥിതിയായിരുന്നു. ഇന്നത് മാറി. സിപിഎമ്മുമായി നേരിട്ട് സഹകരിക്കുന്നതിൽ പ്രയാസമില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെവി തോമസുമായി മുൻപ് ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശശി തരൂരിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് വിലക്കിയതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നവരെല്ലാം സിപിഎമ്മിന്റെ അഭിപ്രായം തന്നെ പറയണമെന്നില്ല. അതിനുള്ള അവസരം ഉണ്ടാക്കാനാണ് സെമിനാറുകൾ നടത്തുന്നത്. ബഹുസ്വരതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാലാണ് വ്യത്യസ്ത പാർട്ടികളിൽ ഉൾപ്പെട്ടവരെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. വ്യത്യസ്ത അഭിപ്രായം ഉള്ളവരാണെങ്കിൽ അത് അവർ സെമിനാറിൽ പങ്കെടുത്ത് പറയട്ടെ, സിപിഎമ്മിന്റെ അഭിപ്രായം മാത്രം പറയാനാണെങ്കിൽ മറ്റ് നേതാക്കളെ വിളിക്കേണ്ട ആവശ്യമില്ലല്ലോ എന്നും കോടിയേരി കൂട്ടിച്ചേർത്തു.

സിപിഎമ്മുമായി സഹകരിക്കേണ്ട എന്നത് കോൺഗ്രസിന്റെ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് സംസ്ഥാന സമ്മേളനത്തിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നിട്ടില്ല. കാരണം സിപിഎം ചർച്ച ചെയ്യുന്നത് ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വിഷയങ്ങളാണ്. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു കാര്യവും കേരളത്തിലെ കോൺഗ്രസ് ചെയ്യാൻ തയ്യാറല്ല. ബിജെപിയുമായി ചേർന്ന് സമരം ചെയ്യാനും സിപിഎം വിരുദ്ധ നിലപാടുമാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.

കോൺഗ്രസുമായി ഒരു വിശാല സഖ്യം സിപിഎം ആലോചിക്കുന്നില്ലെന്നും മതനിരപേക്ഷ ശക്തികളുടെ ഒരു പ്‌ളാറ്റ്‌ഫോമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഈ കാര്യം പാർട്ടി കോൺഗ്രസിൽ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.