തിരുവനന്തപുരം: വിഷയം ലൗ ജിഹാദാകുമ്പോൾ പൊരിക്കും. ഹാദിയയും ആതിരയുമൊക്കെ ചർച്ചയാവുമ്പോൾ അത് ഏറ്റെടുക്കാതിരിക്കുന്നതെങ്ങിനെ. പ്രത്യേകിച്ചും അമിത് ഷാ കണ്ണൂരിൽ കറങ്ങുമ്പോൾ. ഇതൊക്കെയായിരിക്കും ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ്‌ലൗ ജിഹാദിനെ കുറിച്ച് പോസ്റ്റിട്ടപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി കരുതിയത്. എന്നാൽ ചതി പറ്റിയതറിഞ്ഞ് അത് പിൻവലിച്ചിരിക്കുകയാണിപ്പോൾ.

ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് സി.പി.എം നേതാവിൽ നിന്ന് രൂക്ഷമായ വിമർശനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യാത്രയിൽ പങ്കെടുക്കാൻ എത്തിയ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലൗ ജിഹാദ് കേരളത്തിൽ യാഥാർത്ഥ്യമാണെന്ന് പ്രസ്താവിച്ചിരുന്നു. ഈ പരാമർശത്തെ വിമർശിച്ച് ഇട്ട പോസ്റ്റാണ് കോടിയേരിക്ക് പിൻവലിക്കേണ്ടിവന്നത്. പോസ്റ്റിലെ ആരോപണങ്ങളിലെ വസ്തുതാപരമായ തെറ്റുകളാണ് കാരണം.

ലൗ ജിഹാദിന്റെ പേരുപറഞ്ഞ് കേരളത്തിൽ മുസ്ലിം വിരുദ്ധത പടർത്താനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമമെന്നായിരുന്നു കോടിയേരിയുടെ ആരോപണം. ഹിന്ദു-മുസ്ലിം വിവാഹം അരുതാത്ത പാപമാണെങ്കിൽ അതിലേർപ്പെട്ട ബിജെപി നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കുമോയെന്നും കോടിയേരി ചോദിച്ചു.

ലൗ ജിഹാദിന്റെ വിളനിലമാണ് കേരളം എന്ന അഭിപ്രായത്തിലൂടെ ആദിത്യനാഥ് പ്രചരിപ്പിക്കുന്നത് നിർബന്ധിത മതപരിവർത്തനത്തിലൂടെ ഭീകരവാദത്തിന് ആളെ ചേർക്കുന്നവരാണ് മുസ്ലീങ്ങളെന്ന് വരുത്തുകയാണ്. ഒരു സമുദായത്തെയാകെ സംശയത്തിന്റെ പുകമറയിൽ നിർത്തുന്നത് ഹീനകൃത്യമാണ്. കോടിയേരി പറഞ്ഞു.
വിശ്വഹിന്ദ് പരിഷത്ത് നേതാവായിരുന്ന അശോക് സിംഗാളിന്റെ മകളെ വിവാഹം കഴിച്ച മുഫ്താർ അബ്ബാസ് നഖ്വി കേന്ദ്രമന്ത്രിയായ ബിജെപി നേതാവാണല്ലോ. മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം ചെയ്തത് മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെയാണ്. സുബ്രഹ്മണ്യസ്വാമി യുടെ മകൾ സുഹാസിനി വിവാഹം കഴിച്ചത് നദീം ഹൈദറെയാണ് ഇത്തരം വിവാഹങ്ങളെല്ലാം ലൗ ജിഹാദാണോയെന്ന് ആദിത്യനാഥ് വിശദീകരിക്കണമെന്നും കോടിയേരി പറഞ്ഞു.
യു.പി യുടെ പേരിൽ കേമത്തം നടിക്കുന്ന മുഖ്യമന്ത്രി സ്വപ്നലോകത്താണ് ജീവിക്കുന്നത്, അതുകൊണ്ടാണ് ആരോഗ്യ രംഗത്ത് കേരളം പിന്നിലാണെന്നുള്ള വിവരക്കേട് യോഗി വിളമ്പിയതെന്നും കോടിയേരി പറയുന്നു.

കോടിയേരി ബാലകൃഷ്ണന്റെ പോസ്്്റ്റിന് സൈബർ സഖാക്കളുടെ ഗ്രൂപ്പുകളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ഈ കുറിപ്പിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നതാണ് സത്യം. വിമർശനത്തിന്റെ അമിതാവേശത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കാൻ കോടിയേരിയുടെ പോസ്റ്റ് തയ്യാറാക്കിയവർ ശ്രദ്ധിച്ചില്ല. ഇതോടെ സംഘികൾ ഇതിൽ അതിരൂക്്ഷ ആക്രമണം തുടങ്ങി. ഒന്നും പറയാതെ സി.പി.എം സംസ്ഥാന സെക്രട്ടറി പോസ്്‌ററു പിൻവലിക്കുകയും ചെയ്തു.

പ്രധാനമായി രണ്ട് അബദ്ധങ്ങളാണ് കോടിയേരിയുട പോസ്റ്റ് തൊഴിലാളികൾക്ക് പറ്റിയത്. അശോക് സിംഗാളിന്റെ മകളെ വിവാഹം കഴിച്ചത് മുക്്താർ അബ്ബാസ് നഖ്വിയാണെന്നതും, കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം ചെയ്തത് മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെ ആണെന്നുള്ളതും. യഥാർത്ഥത്തിൽ വിഎച്ച്പി അദ്ധ്യക്ഷനായിരുന്ന അശോക് സിംഗാൾ അവിവാഹിതനായിരുന്നു. മുക്താര് അബ്ബാസ് നഖ്വിയുടെ വിക്കിപേജാണ് സഖാക്കളെ ഇവിടെ ചതിച്ചത്. കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം ചെയ്തത് മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെ എന്ന പരാമർശവും തെറ്റാണ്. ജോഷിക്ക് അങ്ങിന ഒരു മകളില്ല. പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ച രേണുവിന് മുരളി മനോഹറുമായി ഒരു ബനധവുമില്ല. ഈ ഒരു ആരോപണം പണ്ട് ആംആദ്മി പാർട്ടി പ്രവർത്തകരും ഉയർത്തിയിരുന്നു.

കാവിപ്പട എന്ന സംഘി പേജിലാണ് കോടിയേരിക്ക് അതിരൂക്ഷ വിമർശനമുള്ളത് . കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണെന്ന് വീണ്ടും വീണ്ടും മണ്ടത്തരങ്ങൾ വിളമ്പി തെളിയിക്കുകയാണെന്നാണ് പോസ്്റ്റു പറയുന്നത്. കോടിയേരിയുടെ ഫേസ്‌ബുക്കിൽ പോസ്റ്റുകയും പിന്നെ മുക്കുകയും ചെയ്ത പോസ്റ്റിലെ ചില മണ്ടത്തരങ്ങൾ കാവിപ്പട ടീം പൊളിച്ചെടുക്കുകയാണ്.

വിഎച്ച്പി നേതാവായിരുന്ന അശോക് സിംഗാളിന്റെ മകൾ വിവാഹം കഴിച്ചത് കേന്ദ്രമന്ത്രി കൂടിയായ മുക്താർ അബ്ബാസ് നഖ്വിയെ ആണെന്നാണ് കോടിയേരി പോസ്റ്റിയത്. നഖ് വിയുടെ ഭാര്യയായ സീമ നഖ് വി അലഹബാദ് സ്വദേശിനിയാണ്. ഇരുവരും പഠനകാലത്താണ് അടുക്കുന്നതും പ്രണയിച്ച് 1983 ൽ വിവാഹിതരാവുന്നതും. അശോക് സിംഗാൾ വിവാഹിതനല്ല. അദ്ദേഹത്തിന് മക്കളുമില്ല. പിന്നെവിടുന്ന് കിട്ടി ഈ ബന്ധം..?

മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം ചെയ്തിരിക്കുന്നത് മുരളി മനോഹർ ജോഷിയുടെ മകൾ രേണുവിനെയാണ് എന്നാണ് കോടിയേരി അവകാശപ്പെടുന്നത്. ഷാനവാസ് ഹുസൈൻ വിവാഹം ചെയ്തിരിക്കുന്നത് രേണുവിനെത്തന്നെയാണ്. പക്ഷെ രേണു മുരളി മനോഹർ ജോഷിയുടെ മകൾ അല്ല. മുരളി മനോഹർ ജോഷിയുടെ പെൺമക്കൾ പ്രിയവദ ജോഷിയും, നിവേദിത ജോഷിയുമാണ്.

കോടിയേരിയുടെ പോസ്റ്റിലെ കാര്യങ്ങളിൽ ഇത് മാത്രമാണ് ശരി. സുബ്രമണ്യ സ്വാമിയുടെ മകൾ സുഹാസിനി വിവാഹം ചെയ്തത് നദീം ഹൈദരെയാണ്.

ജനരക്ഷാ യാത്ര പുരോഗമിക്കുന്നതോടെ പല വിധത്തിലുള്ള വിമർശനങ്ങളും പ്രത്യാരോപണങ്ങളും ഇനിയും പ്രതീക്ഷിക്കാം