തൃശൂർ: കൊടുങ്ങല്ലൂരിൽ നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസി (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ശരീരത്തിൽ 30 വെട്ടേറ്റ പാടുകളാണ് ഉള്ളത്.

വ്യാഴാഴ്്ച രാത്രി എട്ടിനാണ് സംഭവം. വീട്ടിലേക്ക് പോകുംവഴി കൊടുങ്ങല്ലൂൽ ഏറിയാട് വച്ച് തടഞ്ഞുനിർത്തി മുൻജീവനക്കാരൻ റിയാസ് കടയുടമ കൂടിയായ റിൻസിയെ വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമി രക്ഷപ്പെടുകയും ചെയ്തു. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എറിയാട് കേരള വർമ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലംവിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിൽ യുവതിയുടെ വിരലുകൽ അറ്റു പോയ നിലയിൽ ആയിരുന്നു. അറ്റുപോയ വിരലുകൾ കവറിൽ ആക്കിയാണ് ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതി റിയാസ് കൊല്ലപ്പെട്ട യുവതിയുടെ സമീപവാസിയാണ്. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചിൽ തുടങ്ങി. ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.