പത്തനംതിട്ട: കൊടുമൺ കിഴക്ക് കൊടുമൺ ചിറ ഗുരുമന്ദിരത്തിന് സമീപം കല്ലിട്ടേതിൽ വിജയന്റെ ഭാര്യ വിജയകുമാരി(47)യുടെ മരണത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ വിജയകുമാരി മരിച്ചു കിടക്കുന്നത് ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത്.

മൃതദേഹം പൂർണ നഗ്‌നമായിരുന്നു. ധരിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്ത് ഊരി മാറ്റി വച്ചിരുന്ന നിലയിലായിരുന്നു. വിവരമറിഞ്ഞ് രാത്രി എട്ടുമണിയോടെ ജില്ലാ പൊലീസ് മേധാവി ഡോ സതീഷ് ബിനോ, അടൂർ ഡിവൈഎസ്‌പി ആർ ജോസ്, പന്തളം സിഐ ഇഡി ബിജു, കൊടുമൺ അഡി എസ്ഐ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

മൃതദേഹത്തിൽ മുറിവുകളോ പീഡനം നടന്നതിന്റെ പ്രത്യക്ഷ സൂചനകളോ ഇല്ല. ആത്മഹത്യയാണെന്നും കൊലപാതകമാണെന്നുമുള്ള നിഗമനം പൊലീസ് തള്ളിക്കളയുന്നുമില്ല. ആത്മഹത്യയാണെങ്കിൽ തന്നെ അതെങ്ങനെ എന്നും പൊലീസിന് പ്രഥമ പരിശോധനയിൽ മനസിലായിട്ടില്ല. തൊഴിലുറപ്പ് തൊഴിലിന് പോയി മടങ്ങി വന്ന ശേഷമാണ് ഇവർ മരിച്ചിരിക്കുന്നത്.

നാട്ടുകാർക്കും ബന്ധുക്കൾക്കും വിജയകുമാരിയെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. രണ്ടു സമുദായത്തിൽപ്പെട്ടവരാണ് വിജയനും വിജയകുമാരിയും. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ഡിവൈഎസ്‌പി ആർ ജോസ് പറഞ്ഞു. മക്കൾ: വിജീഷ്, വിനോദ്. മരുമകൾ: ആർദ്ര.