തൃശൂർ: കേരളത്തിൽ എങ്ങും മയക്കുമരുന്ന് മാഫിയ. കണ്ണൂർ സ്‌കൂളിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ അഴീക്കോട് ബീച്ചിൽ നിന്നും ഹാഷിഷ് ഓയിൽ പൊലീസ് പിടികൂടിയ സംഭവവും ഞെട്ടലായി മാറുന്നു. ഈ സാഹചര്യത്തിൽ കൊടുങ്ങല്ലൂർ ബീച്ചിൽ പൊലീസ് ചെക്കിഗ് ശക്തമാക്കാൻ തീരുമാനം. ഓണക്കാലത്തിനു മുമ്പായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ബീച്ചിലും പരിസരത്തും കൂടുതൽ ശക്തമായി റെയ്ഡുകളും പരിശോധനകളും നടത്തും.

എറിയാട് പേബസാർ മാപ്പിള കുളത്ത് വീട്ടിൽ ഫൈസൽ , സുഹൃത്തായ പേബസാർ ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലിഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ സിഗരറ്റിൽ ഹാഷിഷ് ഓയിൽ പുരട്ടി വലിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത്. മൂന്ന് ഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ചെറിയ കുപ്പിയിൽ കൊണ്ടുവന്ന ഹാഷിഷ് ഈർക്കിലിൽ തോണ്ടിയെടുത്ത് സിഗരറ്റിൽ പുരട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാളായ ഫൈസൽ മദ്രസാ ഉസ്താദ് ആണ്.

കൊടുങ്ങല്ലൂർ എസ്‌ഐ: ബിജു, കൊടുങ്ങല്ലൂർ ക്രൈം സ്‌ക്വാഡ് എസ്‌ഐ: പി.സി. സുനിൽ, എഎസ്ഐ മാരായ സി.ആർ. പ്രദീപ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ഹാഷിഷ് ഓയിൽ കിട്ടിയത് എങ്ങനെയെന്നും ഇതിന്റെ പുറകിലുള്ള ആൾക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചിയിൽ ലഹരി പാർട്ടിക്ക് കൊണ്ട് പോയ 12 കിലോ ഹാഷിഷ് പിടികൂടിയ സംഭവത്തിൽ ഹാഷിഷ് ഇറക്കാൻ പൈസ ചെലവാക്കിയ നാല് പേരേ കോരട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പുതുവൈപ്പ് സ്വദേശി പ്രേംകുമാർ, സാബിൻ, മലപ്പുറം സ്വദേശി ഹെൻവിൻ, ഞാറയ്ക്കൽ സ്വദേശി ഫെബിൻ എന്നിവരേയാണ് ഹാഷിഷ് ഓയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ മുരിങ്ങൂർ ദേശീയപാതയിൽ വച്ചാണ് പൊലീസ് പന്ത്രണ്ടു കിലോ ഹഷീഷ് ഓയിൽ പിടികൂടിയത്. രണ്ടു വാഹനങ്ങളും കണ്ടെടുത്തിരുന്നു എന്നാൽ അന്വേഷത്തിൽ പിടിയിലായ മൂന്ന് പേരും കടത്തുകാർ മാത്രമാണ് എന്ന് പൊലീസ് മനസിലാക്കിയതാണ് ഇപ്പോൾ ഈ സംഘത്തിന് കുരുക്കായത്.

ഹാഷിഷ് ഓയിലുമായി ആദ്യം പിടിയിലായവരുടെ ചുറ്റുപാടുകൾ അന്വേഷിച്ച് ചെന്നപ്പോഴാണ് പിടികൂടിയ സാധനത്തിന്റെ വിലയും മറ്റും പൊലീസിന് മനസിലായത് ഈ തുക ചെലവാക്കാൻ കഴിയുന്ന തരത്തിലായിരുന്ന അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ അതോടെ പൊലീസിന് ഇതിന് പിന്നിൽ വേറേ ആളുകൾ ഉണ്ട് എന്ന് മനസിലായി. പിടിയിലായ പ്രതികളുടെ മോബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ചുമാണ് ഇപ്പോൾ പിടികൂടിയ പ്രതികളിലെക്ക് പൊലീസ് സംഘം എത്തിയത്.

തൃശ്ശൂർ എസ്‌പി ഐശ്വര്യാ ഡോഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ സംഘത്തെ കുരുക്കിയത്. ഈ കഴിഞ്ഞ മാർച്ചിലാണ് മുരിങ്ങൂർ ദേശീയപാതയിൽ നിന്നും ചാലക്കുടി ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെയും കൊരട്ടി ഇൻസ്‌പെക്ടർ ബി.കെ അരുണിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം 12 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പ്രതികളെ പിടികൂടിയത്.