കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കുടുംബത്തിലെ നാല് പേർ വീടിന്റെ കിടപ്പുമുറയിൽ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ആത്മഹത്യയാണെന്ന് സൂചനകളിൽ വ്യക്തമാകുമ്പോഴും സമഗ്രമായി അന്വേഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊടുങ്ങല്ലൂർ നഗരത്തിനോട് ചേർന്ന ഉഴുവത്ത് കടവിലാണ് നാടിനെ നടുക്കിയ സംഭവം. പൊതുമരാമത്ത് റിട്ട. അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ പരേതനായ കാടാംപറമ്പത്ത് ഉബൈദിന്റെ മകൻ ആഷിഖ് (41), ആഷിഖിന്റെ ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (13), അനെയ്‌നുന്നിസ (ഏഴ്) എന്നിവരാണ് മരിച്ചത്.

റോഡിനോട് ചേർന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലാണ് നാലുപേരുടെയും മൃതദേഹം കിടന്നിരുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ആഷിഖ് കിടപ്പുമുറിയോട് ചേർന്നുതന്നെ ഓഫിസ് സംവിധാനമൊരുക്കി വിദേശ ഐ.ടി കമ്പനിയിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്തുവരുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്നും റൂറൽ എസ്‌പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു.

മരണത്തിന് കാരണമായ കാർബൺ മോണോക്‌സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തൽ. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുള്ളത്. ഇതിൽ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതിൽ തുറക്കുന്നവർ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. തങ്ങളുടെ മരണം സംഭവിച്ച ശേഷമുള്ള കാര്യങ്ങളെ കുറിച്ചും ആഷിഖ് മുൻകൂട്ടി കണ്ടിരുന്നു എന്ന് വ്യക്തമാകുന്നതാണ് ഈ കുറിപ്പും.

ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് ആഷിഖും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവർ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് അകത്ത് കയറുകയിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിട്ടുണ്ട്.

മുറിയിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജനാലകൾ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാർബൺ മോണോക്‌സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആഷിഖ് എഴുതിയതന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പിലുള്ളത്.

വലിയ തുക കടമുള്ളതായും കുറിപ്പിൽ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആഷിഖ് വീട് പണിതത്. അടുത്തിടെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ആഷിഖെന്നാണ് വീട്ടുകാർ പറയുന്നത്. ശാന്തസ്വഭാവക്കാരനായ ആഷിഖ് വീടിന് പുറത്ത് സഹവാസം വളരെ കുറവായിരുന്നു. നേരത്തേ സാമ്പത്തികമായി മികച്ച നിലയിലായിരുന്നു കുടുംബം. ആ തകർച്ചയാണ് ആഷിഖിന് താങ്ങാൻ കഴിയാതെ പോയതെന്നാണ് പുറത്തുവരുന്ന വിവരം.

ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്‌റേ, കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലീഷ് എൻ. ശങ്കരൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ബിജു എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പൊലീസ് നായും വിരലടയാള വിദഗ്ധരും സയന്റിഫിക് ടീമും പരിശോധന നടത്തി. ഇൻക്വസ്റ്റിന് ശേഷം ഞായറാഴ്ച വൈകീട്ടോടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

മരിച്ച കുട്ടികൾ രണ്ടുപേരും മാള രാജു ഡേവീസ് ഇന്റർനാഷനൽ സ്‌കൂൾ വിദ്യാർത്ഥികളാണ്. ആഷിഖിന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: അനസ്, ഷിഫ, ഷിബി. എറണാകുളം പള്ളിക്കര പെരിങ്ങാല കാരുകുന്നത്ത് കാസിമിന്റെയും സാജിദയുടെയും മകളാണ് അബീറ. സഹോദരങ്ങൾ: ആദിൽ, അഫ്‌ളഹ്, അമീറ.