- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടുവള്ളിയിൽ മുനീറിനെ വേണ്ടെന്ന് ലീഗുകാർ; മത്സരിക്കാനുള്ള തീരുമാനവുമായി മുമ്പോട്ട് പോയാൽ മണ്ഡലത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതി വരുമെന്ന് ഭീഷണിപ്പെടുത്തൽ; മുമ്പോട്ട് വയ്ക്കുന്നത് എംഎ റസാഖിന്റെ പേര്; കൊടുവള്ളിയിൽ കാരാട്ട് റസാഖ് ഇഫ്കട് എന്ന തിരിച്ചറിവിൽ നേതൃത്വം
കോഴിക്കോട്: കൊടുവള്ളിയിൽ എം.കെ മുനീർ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. കൊടുവള്ളിയിൽ ഇറക്കുമതി സ്ഥാനാർത്ഥികൾ വേണ്ടെന്നും അവിടെ നിന്നുള്ള സ്ഥാനാർത്ഥികൾ തന്നെ മതിയെന്നും ആവശ്യപ്പെട്ട് ലീഗിന്റെ തന്നെ ഒരു വിഭാഗം പ്രവർത്തകർ മുനീറിന്റെ വീട്ടിൽ പ്രതിഷേധവുമായി എത്തി. പുതിയ പട്ടിക അനുസരിച്ച് എം.കെ. മുനീറിനെയാണ് കൊടുവള്ളിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
മുസ്ലിം ലീഗിൽ കാരാട്ട് റസാഖിനുള്ള സ്വാധീനമാണ് ഈ തർക്കത്തിനുള്ള കാരണമെന്നും വാദമുണ്ട്. അപ്രസക്തനെ നിർത്തിയാൽ കൊടുവള്ളിയിൽ ഇടതു സ്വതന്ത്രനായി റസാഖിന് വീണ്ടും ജയിക്കാം. ഇതാണ് പ്രതിഷേധമായി മാറുന്നതിന് പിന്നലെ അജണ്ടയെന്ന വാദവും സജീവമാണ്. എം.കെ മുനീർ കൊടുവള്ളിയിൽ മത്സരിക്കുകയാണെങ്കിൽ വോട്ട് ചെയ്യില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മുനീറിന്റെ വീട്ടിലെത്തി സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻവാങ്ങണമെന്നും നാട്ടുകാരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുസ്ലിം ലീഗ് നേതാവായിരുന്നു കാരാട്ട് റസാഖ്. റസാഖിനെ അടർത്തിയെടുത്ത് പൊതു സ്വതന്ത്രനാക്കിയാണ് ഇടതുപക്ഷം കൊടുവള്ളിയിൽ ജയിച്ചത്. ഇത്തവണയും റസാഖ് തന്നെയാണ് ഇടതു സ്ഥാനാർത്ഥി. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗിനുള്ളിലെ പ്രതിഷേധത്തെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. മുനീർ അതിശക്തനായ സ്ഥാനാർത്ഥിയാണ്. ഇത് മനസ്സിലാക്കി റസാഖ് നടത്തുന്ന ഇടപെടലാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവർത്തകർ മുനീറിന്റെ വീട്ടിൽ എത്തിയത്. മുന്നോട്ട് പോയാൽ മണ്ഡലത്തിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയുണ്ടാകും എന്നും പറഞ്ഞിരുന്നു. ഇവിടെ എം.എ റസാഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ലീഗിൽ മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്ന നിർദേശത്തിൽ മൂന്ന് സീനിയർ നേതാക്കൾക്ക് മാത്രമാണ് ഇളവ് നൽകിയത്. അവരിൽ ഒരാളാണ് എം.കെ. മുനീർ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദുമാണ് മറ്റുള്ളവർ.
കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. യുവാക്കൾക്കും ഒരു വനിതയ്ക്കും ലീഗ് ഇത്തവണ അവസരം നൽകി. കോഴിക്കോട് സൗത്തിൽ മൽസരിക്കുന്ന അഡ്വ. നൂർബീന റഷീദ് ആണ് ഏക വനിതാ സ്ഥാനാർത്ഥി. 25 വർഷത്തിന് ശേഷമാണ് ഒരു വനിതയ്ക്ക് ലീഗ് അവസരം നൽകുന്നത്. 12 സിറ്റിങ് എംഎൽഎമാർ മൽസരിക്കുമ്പോൾ മൂന്നു പേർ മണ്ഡലം മാറി. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എംപി. അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി.വി. അബ്ദുൽ വഹാബും മൽസരിക്കും.
നിയമസഭയിലേക്ക് മൽസരിക്കുന്ന 27 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഇതിനിടെയാണ് കൊടുവള്ളിയിൽ വിവാദം.