കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം എന്തായാലും കേരളത്തിൽ ഏറ്റവും കൂടുതൽ പണം ഇറങ്ങിയ മണ്ഡലമെന്ന് 'ഖ്യാതി' കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കായിരിക്കും. മുസ്ലിംലീഗ് ഔദ്യോഗിക സ്ഥാനാർത്ഥി എം.എ റാസഖ്മാസ്റ്റർക്ക് എതിവെ വ്യവസായ പ്രമുഖനും ലീഗ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കാരാട്ട് റസാഖ് വിമതനായി എത്തിയതോടെയാണ് ഇവിടെ വീറും വാശിയും ഏറിയത്. ലീഗിലെ ഭിന്നത മുതലെടുക്കാനായി ഇടതുമുന്നണി കാരാട്ട് റസാഖിനെ സ്ഥാനാർത്ഥിയായി ഏറ്റെടുത്തതോടെ ചിത്രം മാറി. കൊടുവള്ളി ലീഗ് പിളർന്ന അവസ്ഥയിലേക്കാണ് അതോടെ കാര്യങ്ങൾ നീങ്ങിയത്. ചെറുപ്പക്കാരിൽ നല്‌ളൊരു വിഭാവും കാരാട്ടിന് പിന്തുണ പ്രഖ്യാപിച്ചതോടെ ലീഗ് നേതൃത്വം അക്ഷരാർഥത്തിൽ ഞെട്ടിയിരുന്നു. ഇതോടെ എന്തുവിധേനെയും കാരാട്ട് റസാഖിനെ തോൽപ്പിക്കയെന്നത് മുസ്ലീ ലീഗിന്റെ അഭിമാന പ്രശ്‌നവുമായി.

ഇതോടെ ഗുണമുണ്ടായത് നാട്ടുകാരിൽ ചിലർക്കാണ്. എവിടെ വിവാഹമുണ്ടെങ്കിലും സ്ഥാനാർത്ഥികൾ പറന്നത്തെി മിനിമം രണ്ടു പവനെങ്കിലും നൽകും! കാരാട്ട് റസാഖാണ് ഈ പരിപാടി തുടങ്ങിവച്ചത്.കാര്യങ്ങൾ കൈവിട്ടുപോകുമെന്ന അവസ്ഥ എത്തിയതോടെ ലീഗും അതേ അടവുമായി രംഗത്തത്തെി. ഇപ്പോൾ പണമൊഴുക്കുന്ന കാര്യത്തിൽ ഒരു പടി മുന്നിലാണ് ലീഗ്. കെ.എം.സി.സി പോലുള്ള സംഘടനകളെവച്ച് കൊടുവള്ളിക്കുവേണ്ടി ഗൾഫിലും പ്രത്യേകമായി പരിവ് ലീഗ് നടത്തി. ഈ തുകയിൽ നല്‌ളൊരു ഭാഗം മണ്ഡലത്തിൽ 'ജീവകാര്യണ്യപ്രവർത്തനമായി'ചെലവിട്ടു കൊണ്ടിരിക്കയാണ്.

കഴിഞ്ഞ ദിവസം അതിർത്തി തർക്കത്തെ തുടർന്ന് വോട്ട് ചെയ്യില്‌ളെന്ന് അറിയിച്ച ഒരു കുടുംബത്തിന് ഒരു സംഘടനയുടെപേരിൽ ലീഗുകാർ സ്വന്തമായി വഴിയും മതിലും ഉണ്ടാക്കിക്കൊടുത്താണ് വോട്ടുറപ്പിച്ചത്.പ്രചാരണത്തിന് ചെറുപ്പക്കാരെ സജീവമായി നിലനിർത്താൻ എല്ലാവർക്കും ദിവസവും ആയിരംരൂപയും, ചിക്കൻബിരിയാണിയും, ടീ ഷർട്ടുമൊക്കെ ഇരുസ്ഥാനാർത്ഥികളും കൊടുക്കുന്നുണ്ട്. ദിവസങ്ങൾക്കുമുമ്പ് വിഷു ആംശസകൾ അറിയിച്ചുകൊണ്ട്, നിരവധി സാധനങ്ങൾ അടങ്ങിയ ഒരു സമ്മാനപ്പെട്ടി മണ്ഡലത്തിൽ വിതരണം ചെയ്തത് വിവാദമായിരുന്നു. പണം കൊണ്ട് കളിക്കുന്ന കാരാട്ടിനെ അതേ നാണയത്തിൽതന്നെ തിരച്ചടി നൽകാനായി ലീഗും ഇറങ്ങിയതോടെ പ്രചാരണവും കൊഴുക്കുകയാണ്.

തെരഞ്ഞെടുപ്പിനോട് അനുബദ്ധിച്ച് ഈ മേഖലയിൽ വ്യാപകമായി കള്ളപ്പണം ഇറങ്ങുന്നതായും പരാതിയുണ്ട്. കാരാട്ട് റസാഖും ബന്ധുക്കളും സ്വർണകള്ളക്കടത്ത്കുഴൽപ്പണം തുടങ്ങിയവയിൽ ആരോപിതരാണ്.പക്ഷേ ഇതിലും വലിയ കള്ളക്കടത്തുകാർ സ്വന്തം പാർട്ടിയിൽ ഉള്ളതുകൊണ്ട് മുസ്ലീഗിന് ഇതിനെയൊന്നും വിമർശിക്കാൻ ആവുന്നില്ല. ഇതുപോലൊരു വ്യക്തിക്ക് പിന്തുണ കൊടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്, കാരാട്ട് റസാഖിന്റെ പേരിൽ നിലവിൽ കേസുകൾ ഒന്നും ഇല്‌ളെന്നും അദ്ദേഹമൊരു വ്യവസായി മാത്രമാണെന്നുമാണ് ഇടതുമുന്നണി നേതൃത്വം പറയുന്നത്.

സംവിധായകൻ അലി അക്‌ബറിനെയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.പരസ്പര വിരുദ്ധമായ പ്രസ്താവന നടത്തിയും,കോമാളിക്കളിയോട് ഉപമിക്കാവുന്ന പ്രസംഗങ്ങളുമായി സകലരെയും ചുരുങ്ങിയകാലം കൊണ്ട് വെറുപ്പിച്ച് ചക്കിക്കൊത്ത ചങ്കരനായിരക്കയാണ് അലി അക്‌ബറും. മാത്രമല്ല, മണ്ഡലത്തിലെ പണക്കൊഴുപ്പിനെതിരെ പ്രചാരണം നടത്താൻ ബിജെപിക്കും ധൈര്യമില്ല. നേരത്തെ ഈ കൂട്ടുകച്ചവടത്തിൽ ബിജെപി അനുഭാവികളായ കോഴിക്കോട്ടെ പ്രമുഖ ജൂവലറി ഉടമകളുടെയും പേര് പറഞ്ഞുകേൾക്കുകയും ചെയ്തിരുന്നു.

യു.ഡി.എഫിന്റെ കുത്തക മണ്ഡലമായ കൊടുവള്ളിയിൽ, ലീഗിൽ നിന്ന് പി.ടി.എ റഹീം വിമതനായ പുറത്തുവന്ന 2006ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ് എൽ.ഡി.എഫിന് ജയിക്കാനായത്. അതുപോലൊരു പിളർപ്പാണ് ഇത്തവണ ഉണ്ടായതെന്നും അതിനാൽ വിജയം സുനിശ്ചിതമാണെന്നുമാണ് എൽ.ഡി.എഫ് പറയുന്നത്.കൊടുവള്ളി നഗരസഭയും മറ്റ് മൂന്ന് പഞ്ചായത്തുകളും യു.ഡി.എഫ് ഭരിക്കുമ്പോൾ വെറും രണ്ട് പഞ്ചായത്തുകൾ മാത്രമാണ് എൽ.ഡി.എഫിനുള്ളത്.പക്ഷേ ആദ്യഘട്ടത്തിൽ കാരാട്ട് നടത്തിയ വൻ മുന്നേറ്റം വോട്ടാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ ലീഗും രംഗത്തത്തെിയതോടെ ഇവിടെ മൽസരം പ്രവചനാതീതമാവുന്നു.