- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോവിഡ് ബാധിച്ചു മരിച്ച മലപ്പുറം സ്വദേശിക്ക് അന്ത്യവിശ്രമത്തിന് ഖബർ ഒരുക്കിയതുകൊടുവള്ളി മഹല്ല് കമ്മിറ്റി; നാട്ടിലെ ഖബർസ്ഥാനിൽ മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടയാൾക്ക് ഖബറടക്കം ഒരുക്കി; എല്ലാറ്റിനും മുൻകൈയെടുത്ത് ജനപ്രതിനിധികൾ അടക്കമുള്ളവർ; കൊടുവള്ളി മഹല്ല് കമ്മറ്റി പുതുമാതൃക തീർത്തത് ഇങ്ങനെ
കോഴിക്കോട്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ട മലപ്പുറം സ്വദേശിക്ക് അന്ത്യവിശ്രമത്തിന് ഖബറൊരുക്കിയത് കോഴിക്കോട് കൊടുവള്ളി മഹല്ല് ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കോവിഡ് പോസിറ്റിവായി മരിച്ച മലപ്പുറം സൗത്ത് തൃപ്പനച്ചി പൊറ്റമ്മൽ സ്വദേശി ശംസുദ്ദീനെയാണ് കോഴിക്കോട് കൊടുവള്ളിയിൽ അടക്കം ചെയ്തത്. ഇദ്ദേഹത്തിന്റെ നാടായ മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി പള്ളിയിലെ ഖബർസ്ഥാനിൽ മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കിലോമീറ്ററുകൾ അപ്പുറമുള്ള കോഴിക്കോട് ജില്ലയിൽ ഖബറൊരുക്കിയത്.
ജൂലൈ 29നാണ് മലപ്പുറം തൃപ്പനച്ചി സ്വദേശിയായ ശംസുദ്ദീനെ അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിന് വീട്ടിലേക്ക് തിരിച്ചുപോവുകയും ചെയ്തു. വീട്ടിലിരിക്കെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 12ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കോവിഡ് പോസിറ്റിവാകുകയും ചെയ്തു. 15ന് വൈകീട്ട് 3.40ഓടെ മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മനാട് കോഴിക്കോട് ജില്ലയിൽ ആണെങ്കിലും 30 വർഷത്തിലധികമായി ഇദ്ദേഹം മലപ്പുറം തൃപ്പനച്ചിയിലായിരുന്ന സ്ഥിരതാമസം.
അതുകൊണ്ട് തന്നെ മരണശേഷം അവിടെയാണ് ഖബറടക്കേണ്ടിയിരുന്നത്. മരണശേഷം സൗത്ത് തൃപ്പനച്ചി മഹല്ല് ഖബർസ്ഥാനിൽ കോവിഡ് ചട്ടപ്രകാരം ഖബറൊരുക്കാൻ ശ്രമം നടന്നെങ്കിലും ഖബർസ്ഥാനിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായി. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കോഴിക്കോട് ജില്ല കളക്ടർ കുന്ദമംഗലം എംഎൽഎ പിടിഎ റഹീമുമായി ബന്ധപ്പെടുന്നത്. അദ്ദേഹം കൊടുവള്ളി മഹല്ല് പ്രസിഡണ്ട് കൂടിയാണ്.
കൊടുവള്ളിയിൽ ഖബറൊരുക്കുന്നതിന് അദ്ദേഹത്തിന്റെ സഹായം തേടുകയും ചെയ്തു. മഹല്ല് കമ്മറ്റി പൂർണ്ണ സമ്മതം നൽകുകയുമായിരുന്നു. കൊടുവള്ളി മഹല്ല് കമ്മറ്റി അനുവാദം നൽകിയതോടെ മഹല്ല് കമ്മറ്റി രൂപംനൽകിയ ആർ.ആർ.ടി അംഗങ്ങളായ ബിച്ചുണ്ണി, സാലി തങ്ങൾ, ഷനവാസ് ഇമ്മാരത്തായിൽ, പി.കെ. സുബൈർ, ഒ.പി. സലീം, കെ.വി. നൗഷാദ്, ജംഷീർ, കെ.വി. ബാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെത്തന്നെ ഖബർ ഒരുക്കി നൽകി. താമരശ്ശേരി സ്വദേശി അണ്ടോണ മൻസൂർ ഖബറൊരുക്കാൻ തന്റെ മണ്ണുമാന്തിയന്ത്രവും സൗജന്യമായി വിട്ടുനൽകി.
11.30ഓടെ കോർപറേഷൻ ഹെൽത്ത് ഓഫിസറുടെ നേതൃത്വത്തിൽ ജീവനക്കാർ ആംബുലൻസിൽ മൃതദേഹം കൊണ്ടുവന്ന് സുരക്ഷ ചട്ടങ്ങൾ പാലിച്ച് ഖബറടക്കുകയായിരുന്നു. ശംസുദ്ദീന്റെ അടുത്ത ബന്ധുക്കളും കൊടുവള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളും അടക്കം ഏതാനും പേർ ദൂരെനിന്ന് അന്ത്യകർമ ചടങ്ങുകൾ വീക്ഷിച്ചു. തുടർന്ന് ജീവനക്കാർ പള്ളി പരിസരം അണുമുക്തമാക്കുകയും ചെയ്തു.
ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ കോട്ടയത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത് തടഞ്ഞ ഇക്കാലത്തുകൊടുവള്ളി ടൗൺ മഹല്ല് കമ്മറ്റിയുടെ ഈ പ്രവർത്തനം മാതൃകപരമാണ്. കൊടുവള്ളി മഹല്ല് കമ്മറ്റി കാണിച്ച മാതൃകാ തീരുമാനത്തെ കോഴിക്കോട് ജില്ല കളക്ടറടക്കമുള്ളവർ അഭിനന്ദിച്ചു. ഈ മാസം അഞ്ചിന് ഉദര സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റിവായി മരിച്ച കൊടുവള്ളി പെരിയാംതോട് സ്വദേശി സാബിത്തിന്റെ മൃതദേഹവും ഇതേ ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ