കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ഫാറൂഖ് കോളേജിലെ അദ്ധ്യാപകനെതിരെയുള്ള നിലപാട് തിരുത്തി പൊലീസ്. പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ അദ്ധ്യാപകൻ ജൗഹർ മുനവിറിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് കൊടുവള്ളി പൊലീസ് വ്യക്തമാക്കി

അദ്ധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന വിവരം മാധ്യമങ്ങൾക്ക് നൽകിയതിൽ പിശക് പറ്റിയെന്ന് കൊടുവള്ളി സിഐ പി. ചന്ദ്രമോഹൻ വ്യക്തമാക്കി. ജൗഹർ മുനവറിനെതിരെ സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഫാറൂഖ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി അമൃത മേത്തർ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ എളേറ്റിൽ വട്ടോളിയിലായിരുന്നു അദ്ധ്യാപകൻ വിവാദ പരാമർശം നടത്തിയത്.

ജവഹർ മുനവറിനെതിരെ കേസെടുത്ത സംഭവത്തിൽ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയതോടെയാണ് കൊടുവള്ളി പൊലീസ് വിഷയത്തിൽ പിന്നോട്ടു പോയത്.

അതിനിടെ അദ്ധ്യാപകന് പിന്തുണയുമായി വിവിധ മുസ്‌ലിം സംഘടനകൾ രംഗത്തെത്തി. അദ്ധ്യാപകൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഫാറൂഖ് കോളജിനെതിരെ ചില നിക്ഷിപ്ത താൽപര്യക്കാരാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നതെന്നും വിവിധ സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അദ്ധ്യാപകനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലേക്ക് എസ്വൈഎസ് മാർച്ച് നടത്തി.

കേസെടുക്കരുതെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. വാർത്താ കുറിപ്പിലൂടെയാണ് യൂത്ത് ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദ പ്രസംഗത്തിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടന്നിരുന്നു. സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് അദ്ധ്യാപകന് എതിരെ ഉയർന്നത്. സ്ഥാപനത്തിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം നേരിട്ട സംഭവം ചർച്ചയായതിന് തൊട്ടുപുറകെ ഇത്തരമൊരു വിവാദം ഉണ്ടായത് സ്ഥാപനത്തിന് വലിയ നാണക്കേടായി മാറി. തുടർന്ന് അദ്ധ്യാപകന് നിർബന്ധിത അവധി നൽകിയിരിക്കുകയാണ്. ഇതിനിടെയാണ് ഡിജിപിക്ക് ഉൾപ്പെടെ പരാതി എത്തുന്നതും സ്ഥാപനത്തിലെ വിദ്യാർത്ഥിനി തന്നെ പൊലീസിൽ നേരിട്ട് പരാതി നൽകുന്നതും. ഇതേത്തുടർന്നാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി അമൃത മേത്തർ നൽകിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസ് സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ ഉദാഹരണമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നേരത്തെ കോളേജിനെതിരെയുള്ള സമരങ്ങൾ കോളേജിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന രീതിയിൽ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് നിലപാടെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ ഫാറൂഖ് കോളേജിലെ പെൺകുട്ടികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയ അദ്ധ്യാപകനെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇതോടെ ഇക്കാര്യം വലിയ ചർച്ചയായി.

ഇതിനെതിരെ സമസ്ത വിഭാഗം നേതാക്കളടക്കം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ പരാതിയുമായി നേതൃത്വത്തെ സമീപിച്ചതോടെയാണ് ഇപ്പോൾ സംസ്ഥാന കമ്മറ്റിയുടെ കുറിപ്പിന്റെ രൂപത്തിൽ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടുമായി യൂത്ത് ലീഗ് എത്തുന്നത്. അദ്ധ്യാപകനെ തള്ളിപ്പറഞ്ഞുള്ള പികെ ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴെ നിരവധി ലീഗ് പ്രവർത്തകരും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെ അനുകൂലിക്കുന്നുവരും ഫിറോസിനെ തെറിപറഞ്ഞ് കമന്റുകളിടുന്നത് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ പോയാൽ പികെ ഫിറോസിന് കെടി ജലീലിന്റെ ഗതിയാകുമെന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ ലീഗിൽ തന്നെ രണ്ടുപക്ഷമായി ഈ വിഷയത്തിൽ പോരുതുടരുന്നുവെന്നാണ് വിവരം.

നേരത്തെ പികെ ഫിറോസിനെ പോലുള്ളവരെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് അടക്കിനിർത്തണമെന്ന് ചേളാരി സമസ്ത വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ നേതൃസ്ഥാനം സമുദായത്തിനെതിരെ എന്തുവിളിച്ച് പറയാനുള്ള ലൈസൻസാണന്ന് ധരിക്കരുതെന്നും, ലീഗിന്റെ നേതൃസ്ഥാനത്തിരുന്ന് ഇത്തരത്തിൽ സമുദായത്തെ അവഹേളിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാട് ലീഗ് തിരുത്തണമെന്നും സമസ്ത നേതാക്കൾ പറഞ്ഞിരുന്നു. ഇതെല്ലാം തുടരുന്നതിനിടയിലാണ് ഇപ്പോൾ പത്രക്കുറിപ്പിറക്കി സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാട് യൂത്ത് ലീഗെടുത്തിരിക്കുന്നത്.