ഗുണ: ഇറ്റലിയിൽ വിവാഹവേദി തെരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്ത് ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഗുണയിൽ നിന്നുള്ള ബിജെപി എംഎൽഎ പന്നാലാൽ ശാക്യയാണ് വിരാട് കോഹ്ലി ഇന്ത്യയിൽ വിവാഹം നടത്താതിരുന്നതിനെ വിമർശിച്ചു രംഗത്തെത്തിയത്.

വിരാട് ഇന്ത്യയിലാണ് പണം സന്പാദിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ ഒരു സ്ഥലവും വിവാഹത്തിനായി കണ്ടെത്താനായില്ല. ഹിന്ദുസ്ഥാൻ തൊട്ടുകൂടാൻ കഴിയാത്ത രാജ്യമാണോ- ബിജെപി എംഎൽഎ ചോദിക്കുന്നു.

രാമൻ, കൃഷ്ണൻ, വിക്രമാദിത്യൻ, യുധിഷ്ഠിരൻ എന്നിവരൊക്കെ ഈ മണ്ണിലാണ് വിവാഹം ചെയ്തത്. നിങ്ങളും ഈ മണ്ണിലായിരിക്കും വിവാഹം നടത്തിയത്. വിവാഹം കഴിക്കാനായി ആരും വിദേശത്തേക്കു പോകാറില്ല. കോഹ്ലി ഇന്ത്യയിൽനിന്നു പണം സന്പാദിച്ച് ഇറ്റലിയിൽ ശതകോടികൾ ചെലവഴിക്കുന്നു. അയാൾക്ക് ഇന്ത്യയോടു തരിന്പും ബഹുമാനമില്ല. ഒരു ദേശസ്‌നേഹിയല്ലെന്ന് കോഹ്ലി തെളിയിച്ചിരിക്കുന്നു- പന്നാലാൽ പറയുന്നു. ഇറ്റലിയിൽനിന്നുള്ള നൃത്തക്കാരികൾവരെ ഇന്ത്യയിൽ ലക്ഷാധിപതികളാകുന്‌പോൾ കോഹ്ലി ഇറ്റലിയിലെത്തി പണം ചെലവഴിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തിങ്കളാഴ്ച ഇറ്റലിയിലെ ടസ്‌കനിയിലായിരുന്നു വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശർമയും തമ്മിലുള്ള വിവാഹം. കോടികൾ പൊടിച്ച് ആഡംബര റിസോർട്ട് മുഴുവനായി ബുക്ക് ചെയ്താണു വിവാഹാഘോഷങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹ ചടങ്ങുകളിലേക്കു ക്ഷണമുണ്ടായിരുന്നത്.