കൊല്ലം: കൊല്ലം കോർപറേഷനിലെ ബിജെപി കൗൺസിലർ കോകില എസ്. കുമാറും അച്ഛൻ സുനിൽകുമാറും കാറിടിച്ച് മരിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ജിറ്റു എന്ന സച്ചിൻ, രാജേഷ് എന്നിവരാണ് പിടിയിലായത്. അതിനിടെ അപകടത്തിനിടയാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ജിറ്റുവിന്റെ വീട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കാർ കണ്ടെത്തിയത്. ഇതിൽ ബിജെപി ദുരൂഹത കാണുന്നുണ്ട്. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ ശക്തികുളങ്ങര കുറുവിളത്തോപ്പ് ഡെന്നിസ് ഡെയ്‌ലിൽ അഖിൽ ഡെന്നിസി (20)നൊപ്പം അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവരാണ് ഇരുവരും.

കോകിലയും പിതാവും സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയതിനും പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കാത്തതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. കോകിലയും അച്ഛനും സ്‌കൂട്ടറിൽ വരുമ്പോൾ, പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയിൽ ആൽത്തറമൂടിനുസമീപം സപ്തംബർ13ന് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തിൽ പിന്നാലെ വന്ന കാർ കോകിലയും അച്ഛനും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. കോകില സംഭവസ്ഥലത്തുവച്ചും സുനിൽകുമാർ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിൽവച്ചും മരിക്കുകയായിരുന്നു. പ്രതികളുടെ വീട്ടിലുണ്ടായിരുന്ന കാർ പിടിച്ചെടുക്കാൻ പൊലീസ് വൈകിയതിൽ ബിജെപി ദുരൂഹത കാണുന്നുണ്ട്.

കൊല്ലം കോർപ്പറേഷനിലെ 55 കൗൺസിലർമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഇരുപത്തിമൂന്നുകാരിയായ കോകില. കൊല്ലം കോർപ്പറേഷനിൽ ആദ്യമായി ബിജെപിക്ക് അക്കൗണ്ട് തുറന്ന രണ്ട് കൗൺസിലർമാരിൽ ഒരാളായിരുന്നു കോകില. അപകടമരണത്തിൽ ഏറെ ദുരൂഹത നിലനിൽക്കുന്നതായി ബിജെപി ആരോപിച്ചിട്ടുണ്ട്. സംഭവത്തിന് ഒരുമണിക്കൂർ മുമ്പ് ഇടിച്ച വാഹനത്തിനുള്ളിൽ അഞ്ചുപേർ ഇരുന്നതായും സംഭവസ്ഥലത്തും പരിസരത്തും പലപ്രാവശ്യം കാർ സഞ്ചരിക്കുന്നതായും കണ്ടിട്ടുണ്ട്. കോകില എസ്.കുമാർ പങ്കെടുത്ത പരിപാടി സ്ഥലത്ത് ബൈക്കിൽ രണ്ടുപേർ എത്തി അന്വേഷണം നടത്തിയതും അപകടത്തിന് തൊട്ടുമുമ്പ് ബൈക്കിൽ യാത്ര ചെയ്തവരും കാറിൽ ഉണ്ടായിരുന്നവരുമായി ആശയവിനിമയം നടത്തിയതും ആളൊഴിഞ്ഞ തിരക്കില്ലാത്ത സ്ഥലത്തെ അപകടവും അപകടം നടന്നിരിക്കുന്ന രീതിയുമൊക്കെ സംശയം ജനിപ്പിക്കുന്നതാണെന്ന് ബിജെപി പറയുന്നു.

അതിനാൽ ആൽത്തറമൂട്ടിൽ കോകിലയും അച്ഛനും മരിക്കാനുള്ള സാഹചര്യമൊരുക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ്ജനറൽ സെക്രട്ടറിമാർ എന്നിവരുടെയും യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. മരണത്തിൽ ഉയർന്നിട്ടുള്ള ദുരൂഹതകൾ നീക്കാൻ അന്വേഷണം അനിവാര്യമാണെന്ന് ബിജെപി ദേശീയനിർവാഹകസമിതിയംഗം സി.കെ. പത്മനാഭൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോകില എസ്. കുമാറിന്റെയും അച്ഛൻ സുനിൽകുമാറിന്റെയും മരണം ആസുത്രിത സംഭവങ്ങളുടെ ഫലമാണെന്ന് സാഹചര്യങ്ങൾ പരിശോധിച്ചാലറിയാം. ശക്തികുളങ്ങര കേന്ദ്രമാക്കി മയക്കുമരുന്ന് സംഘങ്ങൾ സജീവമാണ്. അതിസമ്പന്നരായ പ്രമാണിമാരുടെ മക്കൾ മയക്കുമരുന്നും കഞ്ചാവും ഉപയോഗിച്ച് സാമൂഹ്യവിരുദ്ധശല്യമായിട്ട് നാളേറെയായി. ഈ വഴിയിലും അന്വേഷണം നടത്തേണ്ടതാണ്. കൊല്ലം ദേശീയതലത്തിൽ കുറ്റകൃത്യങ്ങളിൽ ഒന്നാമതായതും ഇതിനോട് കൂട്ടി വായിക്കണമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.