കൊച്ചി : മലയാളത്തിലെ ഒരു ന്യൂജനറേഷൻ സിനിമാക്കാരിൽ ഒരു വിഭാഗം കഞ്ചാവിന് അടിമായാണെന്നതിന് പൊലീസിന് തെളിവ്. എന്നാൽ ഉന്നത സമ്മർദ്ദം മൂലം ഈ തെളിവ് പൊലീസ് വേണ്ടെന്ന് വച്ചു. ഡിസിപി ഹരിശങ്കറിന്റെ കർശന ഇടപെടലുകൾക്ക് പോലും ഈ ലാപ്‌ടോപ്പിനെ പൊലീസ് കസ്റ്റഡിയിൽ നിർത്താൻ കഴിഞ്ഞില്ല. ഒരു നടിയുടെ 'ചൂടൻ' രംഗങ്ങളും സംവിധായകന്റെ മയക്കുമരുന്ന് ഉപയോഗദൃശ്യങ്ങളുമുള്ള കോക്കാച്ചി എന്ന മിഥുന്റെ ലാപ്‌ടോപ്പ് പൊലീസ് വിട്ടുകളഞ്ഞു.

ഇയാളുടെ വീട്ടിലും ഫ്ളാറ്റിലും നടന്ന റെയ്ഡിനിടെയാണു മയക്കുമരുന്ന് ഉപയോഗവും അശ്ലീല ദൃശ്യങ്ങളുമുള്ള ലാപ്‌ടോപ്പ് പൊലീസ് കണ്ടെടുത്തത്. ഒരു ന്യൂജനറേഷൻ നടിയുടെ അശ്ലീലദൃശ്യങ്ങളാണു ലാപ്‌ടോപ്പിൽ പൊലീസ് കണ്ടത്. നേരത്തേ കൊക്കെയ്ൻ കേസിൽ ആരോപണ വിധേയനായിരുന്ന ന്യൂജനറേഷൻ സംവിധായകൻ മയക്കുമരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. എന്നാൽ, റെയ്ഡിനിടെ പരിശോധിച്ച ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തില്ല. സിനിമാക്കാരെ പിടിക്കുന്നതിന് എതിരെ ഉന്നതതല സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥരുടെ മേലുണ്ട്. അത് തന്നെയാണ് ഈ ലാപ്‌ടോപ് കാര്യത്തിലും സംഭവിച്ചതെന്നാണ് സൂചന.

കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതിൽനിന്നു നാലു ന്യൂജനറേഷൻ സംവിധായകരും മൂന്നുനടികളും ഉൾപ്പെടെയുള്ളവരുടെ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പൊലീസിനു വിവരം കിട്ടി. അതിനിടെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിൽ റഷ്യൻ സംഗീതജ്ഞനായ സൈക്കോവ്‌സ്‌കിയെ പങ്കെടുപ്പിച്ചു മയക്കുമരുന്ന് പാർട്ടി സംഘടിപ്പിച്ച മിഥുന്റെ സുഹൃത്തുകൂടിയായ ഹൈപ്പർ ബോക്ക് എന്ന മാഹിർ ജലീലിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. ഈ രണ്ട് അറസ്റ്റിലും കാര്യങ്ങൾ ഒതുങ്ങും. നേരത്തെ നടൻ ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം ഉന്നത ഇടപെടലിലൂടെ അട്ടിമറിച്ചിരുന്നു.

ഇന്നലെ അറസ്റ്റിലായ ഇടപ്പള്ളി സ്വദേശിയായ ജലീലാണ് സൈക്കോവ്‌സ്‌കിയെ പരിപാടിക്ക് എത്തിച്ചത്. അഞ്ചുവർഷമായി കേരളം, ബംഗളുരു, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഡി.ജെ. പാർട്ടി നടത്തി വരികയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വീട്ടിൽനിന്നു മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുക്കാനാകാത്തതിനാൽ പ്രതിയെ ജാമ്യത്തിൽ വിട്ടു. ഡി.ജെ. പാർട്ടിക്കു മയക്കുമരുന്നെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ പ്രധാന വിൽപനക്കാരനായ കോഴിക്കോട്ടുകാരനെ തേടി പൊലീസ് ബംഗളുരുവിലെത്തിയിട്ടുണ്ട്.

രണ്ടു വർഷം മുമ്പ് ബാംഗഌരിൽ വച്ച് സൈക്കോവിസ്‌കിയുമായുള്ള പരിചയം ഫെയ്‌സ് ബുക്കിലൂടെ തുടരുകയായിരുന്നു. മാഹറിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നോ, മറ്റു ലഹരി വസ്തുക്കളോ കണ്ടെത്താനായില്ല. ഇതോടെ ഇയാൾക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.