കോലഞ്ചേരി: കോലഞ്ചേരി പള്ളി പ്രശ്‌നത്തിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ആരാധനയ്ക്ക് കലക്ടറുടെ പ്രത്യേക സമയക്രമം. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഓർത്തഡോക്‌സ് , പാത്രിയാർക്കീസ് വിഭാഗത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചത്.

സാധാരണ ദിവസങ്ങളിലും ഞായർ, ഓശാന ഞായർ, ദുഃഖ ശനി ദിവസങ്ങളിലും രാവിലെ 5 മുതൽ 8.30 വരെയാണ് പാത്രിയർക്കീസ് വിഭാഗത്തിനു ആരാധനയ്ക്ക് അവസരം. രാവിലെ 9 മുതൽ 12.30 വരെ ഓർത്തഡോക്‌സ് വിഭാഗത്തിനും പ്രാർത്ഥനയ്‌ക്കെത്താം. ഒന്നിടവിട്ട ആഴ്ചകളിൽ സമയക്രമം ഓരോ വിഭാഗത്തിനും മാറിമാറി വരും.

പെസഹവ്യാഴത്തിന് ബുധൻ വൈകുന്നേരം 6 മുതൽ വ്യാഴം വെളുപ്പിന് ഒരുമണി വരെ പാത്രിയർക്കീസുകാർക്കും വ്യാഴം പുലർച്ചെ രണ്ടു മുതൽ 9 വരെ ഓർതഡോക്‌സിനും ആരാധന നടത്താം. ദുഃഖവെള്ളി ദിനത്തിൽ സാധാരണ ദിനത്തിലെന്ന പോലെയാണ് ആരാധന. പ്രത്യേക പ്രാർത്ഥനകൾ അവരവരുടെ ചാപ്പലിൽ നടത്തണമെന്നും നിർദ്ദേശമുണ്ട്.

ഈസ്റ്ററിന് ശനി വൈകിട്ട് ആറു മുതൽ ഞായർ വെളുപ്പിന് ഒന്നു വരെ പാത്രിയാർക്കീസ് വിഭാഗവും വെളുപ്പിനു രണ്ടു മുതൽ 9 വരെ ഓർതഡോക്‌സ് വിഭാഗവും ആരാധന നടത്തണം. ഇതുകൂടാതെ മരണാനന്തരച്ചടങ്ങുകൾ മുതലായവയ്ക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

നേരത്തെ സുപ്രീം കോടതി വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇരുവിഭാഗത്തിനും ഒരുമാസത്തേക്ക് ആരാധന നടത്താമെന്നായിരുന്നു കോടതി ഉത്തരവ്.

കലക്ടർ ഇക്കാര്യത്തിൽ ഓർത്തഡോക്‌സ്, പാത്രിയാർക്കീസ് വിഭാഗങ്ങൾക്കു സമയം വീതിച്ചുനൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. തർക്കം നിലനിൽക്കുന്ന കോലഞ്ചേരി പള്ളിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയായിരുന്നു. ഇതിൻപ്രകാരമാണു കോടതി ഉത്തരവ്. ഉത്തരവിനെ തുടർന്ന് ഇന്നു ചേർന്ന യോഗമാണ് ഇരുവിഭാഗത്തിനും ആരാധനയ്ക്കുള്ള പ്രത്യേക സമയക്രമം നിശ്ചയിച്ചത്.

യാക്കോബായ വിഭാഗം നൽകിയ അപ്പീലിൽ മാർച്ച് 16നു കോടതി വാദം കേൾക്കാനിരിക്കുകയാണ്. സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടതോടെ സംഘർഷത്തിനു താൽക്കാലിക ശമനമുണ്ടായി. ഓർത്തഡോക്‌സ് വിഭാഗത്തിന് മാത്രം അനുമതി നൽകിയ ഹൈക്കോടതി വിധി സുപ്രിംകോടതി അസ്ഥിരപ്പെടുത്തുകയായിരുന്നു. വിധിയോടെ പള്ളിയിൽ ഓർത്തഡോക്‌സ്, പാത്രിയാർക്കീസ് വിഭാഗങ്ങൾക്ക് ആരാധന നടത്താം. സുപ്രിംകോടതിയിലെ നിയമനടപടികൾ പൂർത്തിയാകും വരെ ആരാധന തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.