കോട്ടയം: : മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് സുപ്രീംകോടതി വിധിയെ യാക്കോബായക്കാർ അംഗീകരിക്കില്ല. ഇതോടെ കോലഞ്ചേരി വലിയ സംഘർഷത്തിലേക്ക വീഴുമെന്നാണ് നിഗമനം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്‌സ് പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിർണ്ണായക വിധി എത്തിയത്. ഈ വിധിയെ തള്ളിക്കളയുകയാണ് യാക്കോബായക്കാർ. ഇതോടെ ഓർത്തഡോക്സുകാരുടെ ആഘോഷം സംഘർഷത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

വിധിയറിഞ്ഞതോടെ ഓർത്തഡോക്സ് വിഭാഗ വിശ്വാസികൾ പള്ളിയിലേക്ക് എത്തി. ആഹ്ളാദ മുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയിൽ വികാരി ഫാ. ജേക്കബ് കുര്യൻ ഓർത്തഡോക്സ് വിഭാഗ കൊടിയേറ്റി. വിശ്വാസികൾ പ്രകടനം നടത്തി. ഇത്തരം സന്തോഷ പ്രകടനങ്ങൾ യാക്കാബോയക്കാർക്ക് അംഗീകരിക്കാനാവില്ല. വിശ്വാസം നിലനിർത്താൻ ഏതറ്റംവരെയും പോകാൻ തയ്യാറാണെന്നും സഭയുടെ ഒരുതുണ്ടുഭൂമിപോലും ആർക്കും വിട്ടുകൊടുക്കില്ലെന്നും യാക്കോബായ സുറിയാനിസഭ. അതിനായി എന്തു ത്യാഗംസഹിക്കാനും അവസാന ശ്വാസംവരെ പോരാടാനും തയ്യാറാണെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പറഞ്ഞു. ഓർത്തഡോക്സുകാരുടെ ആഘോഷങ്ങളെ ചെറുക്കാൻ തന്നെയാണ് ബാവയുടെ പരോക്ഷ ആഹ്വാനം.

സുപ്രീം കോടതി വിധിയെ ആദരവോടെയാണ് സഭ കാണുന്നത്. എന്നാൽ വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ചചെയ്യാൻ കഴിയില്ല. സഭയിലെ മൂന്നുപള്ളികൾ സംബന്ധിച്ച് കഴിഞ്ഞദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ ഉത്തരവു പഠിച്ച് അനന്തര നടപടികൾ കൈക്കൊള്ളുമെന്നും ശ്രേഷ്ഠ ബാവാ വ്യക്തമാക്കി. ഭൂരിപക്ഷംവരുന്ന വിശ്വാസികളുടെ അവകാശവും ഇടവകപ്പള്ളികളുടെ സ്ഥാപന ഉദ്ദേശ്യവും മറികടന്ന് ഒരുകാര്യവും നടപ്പാക്കാനാകില്ല. നിരവധി ത്യാഗങ്ങളിലൂടെയും അനേകരുടെ കഷ്ടപ്പാടുകളിലൂടെയും പടുത്തുയർത്തിയതാണ് യാക്കോബായ സുറിയാനിസഭ.

പൂർവിക വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുന്ന ഒരു തീരുമാനവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കാനാകില്ല. സഭാംഗങ്ങളുടെ വിശ്വാസപരവും ആത്മീയവുമായ കാര്യങ്ങളിൽ സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വവും ബാധ്യതയും സഭാ നേതൃത്വത്തിനുണ്ട്. ഇതുമറന്നുള്ള പ്രവൃത്തികൾ സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല. സുപ്രീംകോടതിയിൽനിന്ന് ഉത്തരവുണ്ടായ പള്ളികളിലെ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ സഭാംഗങ്ങളാണ്. ഇവരുടെ സംരക്ഷണവും സഭയുടെ ഉത്തരവാദിത്വമാണ്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അന്ത്യോഖ്യാ സിംഹാസനത്തിനുകീഴിൽ യാക്കോബായ സഭ മുന്നോട്ടുപോകും- ശ്രേഷ്ഠ ബാവാ പറഞ്ഞു.

അതേസമയം യാക്കോബായ വിഭാഗത്തിൽ പെട്ട ആളുടെ സംസ്‌ക്കാരവും നടക്കുന്നുണ്ട്. പാറേത്തട്ടിൽ ഇസഹാഖിന്റെ സംസ്‌ക്കാരമാണ് ബുധനാഴ്‌ച്ച നടക്കേണ്ടത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തൽ യാക്കോബായ വൈദികർക്ക് പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്തത് വിവാദങ്ങൾക്ക് ഇടയാക്കിയേക്കും.

ഭദ്രാസനതലത്തിൽ വിശദീകരണയോഗം വിളിക്കാനും മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽകണ്ട് പുതിയ സാഹചര്യങ്ങൾ ബോധ്യപ്പെടുത്താനും കോതമംഗലം മർത്തോമ്മൻ ചെറിയപള്ളിയിൽ ചേർന്ന സഭാ മാനേജിങ് കമ്മിറ്റിയുടെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. നേരത്തേ ചെറിയപള്ളിയിൽ ചേർന്ന പ്രാർത്ഥനായജ്ഞത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു. ബുധനാഴ്ച 10ന് കോലഞ്ചേരിയിൽ പ്രാർത്ഥനായോഗം നടത്തും. വ്യാഴാഴ്ച പാത്രിയാർക്കാ സെന്ററിൽ സഭാ വർക്കിങ് കമ്മിറ്റി ചേരാനും തീരുമാനിച്ചു.

സഭാ തർക്കത്തിന്റ പ്രാരംഭഘട്ടത്തിൽ തന്നെ കോലഞ്ചേരി പള്ളിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. 1995ലെ സുപ്രീം കോടതി വിധി വന്നയുടൻ തന്നെ കോലഞ്ചേരി പള്ളിയിലെ വൈദികനായിരുന്ന യാക്കോബായ വിഭാഗത്തിലെ ഫാ. സഖറിയ ഇച്ചിക്കോട്ടിലിനെ സ്ഥലംമാറ്റിയ നടപടിയാണ് ആദ്യ സംഘർഷത്തിനും നീണ്ട തർക്കങ്ങൾക്കും വഴിവച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. സംഘർഷത്തെ തുടർന്ന് 1940 ൽ 89 ദിവസം അടച്ചുപൂട്ടിയ പള്ളി 1998 ഏപ്രിൽ 18 മുതൽ 2005 ജൂലായ് വരെ നീണ്ട ഏഴ് വർഷവും ഇരു വിഭാഗത്തിനും കയറാനാകാതെ അടച്ചുപൂട്ടി. ഇതേവർഷം ജൂലായിൽ പെരുന്നാളിന്റെ ഭാഗമായി തുറന്ന പള്ളി സംഘർഷത്തെ തുടർന്ന് വീണ്ടും മാസങ്ങൾക്കുള്ളിൽ അടച്ചു.

തുടർന്ന് 2010ൽ ഹൈക്കോടതി വിധിയെ തുടർന്ന് ഇരുകൂട്ടർക്കും ആരാധനയ്ക്കായി തുറന്നു നൽകി. എന്നാൽ, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നതോടെ 2011ൽ വീണ്ടും സംഘർഷമായി. തങ്ങൾക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം കാതോലിക്കയും തങ്ങൾക്ക് ആരാധാന സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കാതോലിക്കയും കോലഞ്ചേരി പള്ളിക്ക് മുന്നിൽ നിരാഹാരം തുടങ്ങി. ഇതോടെ സർക്കാർ ഇടപെട്ട് പള്ളി വീണ്ടും പൂട്ടി. തുടർന്ന് യാക്കോബായ വിഭാഗം നൽകിയ പ്രത്യേകാനുവാദ ഹർജിയിൽ 2016 ഏപ്രിലിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ രണ്ട് കൂട്ടർക്കും ആരാധാനാ സ്വാതന്ത്ര്യം അനുവദിച്ചു. ഈ കേസിന്റെ വാദം പൂർത്തിയാക്കിയാണ് തിങ്കളാഴ്ച രാവിലെ വിധി പറഞ്ഞത്.

പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. 1913ലെ ഉടമ്പടിയോ 2002-ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1934-ലെ ഭരണഘടന അംഗീകരിച്ച് 1995-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ശരിവച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ വിധി. മലങ്കര സഭയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 1934ലെ ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. 1934ലെ ഭരണഘടന യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി കേസിലാണ് വിധിയെങ്കിലും ഇത് മലങ്കരസഭയുടെ കീഴിലുള്ള എല്ലാ പള്ളികൾക്കും ബാധകമാണ്. ഇതാണ് യാക്കോബായ വിഭാഗത്തെ അലോസരപ്പെടുത്തുന്നത്. നാനൂറോളം പേജുകളുള്ള വിധിയുടെ പൂർണരൂപം പുറത്തു വന്നിട്ടില്ല. പള്ളിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം തേടിയുള്ള ഹർജിയും നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.