കണ്ണൂർ: സിപിഎമ്മിനെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയ ലോ അക്കാദമി വിഷയത്തിൽ പാർട്ടി സഖാക്കൾക്കിടയിൽ അമർഷം ശക്തമായി തുടരുന്നതിനിടെ കോലിയക്കോട് കൃഷ്ണൻ നായർക്ക് പുതിയ സ്ഥാനം നൽകാൻ പാർട്ടിയുടെ നീക്കം. സിപിഐ(എം) നിയന്ത്രണത്തിലുള്ള കേരള കർഷകസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി കോലിയക്കോട് കൃഷ്ണൻ നായരെ തെരഞ്ഞെടുക്കാനാണ് നീക്കം. ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കർഷക സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് തിരുവനന്തപുരം ലോ അക്കാദമിയുടെ നടത്തിപ്പുകാരിലൊരാൾ കൂടിയായ കോലിയക്കോട്.

വൈദ്യുതിമന്ത്രിയായി പ്രവർത്തിക്കുന്ന എം എം മണിക്ക് മുഴുവൻസമയ പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സമ്മേളനം പ്രസിഡന്റായി തിരഞ്ഞെടുത്ത ഇ പി ജയരാജൻ മന്ത്രിയായതിനെ തുടർന്നാണ് എംഎം മണി പ്രസിഡന്റായത്.

സംസ്ഥാന സെക്രട്ടറിയായി നിലവിലുള്ള സെക്രട്ടറി കെ വി രാമകൃഷ്ണൻ തുടരാനാണ് സാധ്യത. കോലിയക്കോടിനെ സംസ്ഥാന പ്രസിഡന്റാക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച രാത്രി വൈകിയും ബുധനാഴ്ച കാലത്തും ചേരുന്ന നേതൃയോഗത്തിലാണ് അന്തിമതീരുമാനമെടുക്കുക. സിപിഐ(എം). സംസ്ഥാന നേതൃത്വത്തിൽനിന്ന് കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ എന്നിവർ സമ്മേളനത്തിൽ മുഴുവൻസമയവും പങ്കെടുക്കുന്നുണ്ട്.

ലോ അക്കാദമി നടത്തിപ്പും അക്കാദമി സർക്കാർ ഭൂമി കൈവശംവച്ചിരിക്കുന്നതും വിവാദമായിരിക്കുന്ന സാഹചര്യത്തിൽ കോലിയക്കോടിനെ പ്രസിഡന്റാക്കുന്നതിൽ പുനരാലോചനയുണ്ടാകുമോയെന്ന് വ്യക്തമല്ല. പാർട്ടിയിൽ ഈ വിഷയത്തിൽ കോലിയക്കോടിനെതിരെ പ്രതിഷേധം ശക്തമാണ്. സഹകരണ യൂണിയൻ പ്രസിഡന്റായ അദ്ദേഹം സിപിഐ(എം). സംസ്ഥാന കമ്മിറ്റി അംഗമാണ്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെ കർഷകസംഘം നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് നിർദേശമുള്ളതായും സൂചനയുണ്ട്. സമ്മേളനത്തിന്റെ സമാപനദിവസമായ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഘടനാ തിരഞ്ഞെടുപ്പ്.