തിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ച സംഭവത്തിൽ ഇടത് സർക്കാരിനെതിരെ കുരുക്ക് മറുകുന്നു. എറണാകുളത്ത് പവർ ഇൻഫ്രാടെകിന്ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി കൊടുക്കുന്നത് സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കുന്നതാണ്. ഭൂമി അനുവദിക്കാൻ സന്നദ്ധമാണെന്നുള്ള കിൻഫ്ര ജനറൽ മാനേജർ പ്രോജക്റ്റിന്റെ കത്താണ് ഇതിന് കാരണം. ഈ കത്ത് നൽകിയത് സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ടി ഉണ്ണികൃഷ്ണനാണ്. നേരത്തെ ബന്ധുത്വ നിയമന വിവാദത്തിൽ ഉയർന്നു വന്ന പേരാണ് ഉണ്ണികൃഷ്ണന്റേത്. എന്നാൽ മതിയായ യോഗ്യതയുണ്ടെന്ന വാദത്തിൽ കിൻഫ്രയിൽ ഉണ്ണിക്കൃഷ്ണൻ തുടർന്നു. ഈ ഉണ്ണികൃഷ്ണനാണ് ഭൂമി അനുവദിക്കാമെന്ന കത്തുകൊടുത്തതെന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.

കിൻഫ്രയിൽ ഭൂമി നൽകിയതിൽ സംശയകരമായ നടപടികളാണ് ഉണ്ടായത്. 2017 മാർച്ച് 27 നാണ് കിൻഫ്രയിൽ ഭൂമിക്കായി പവർ ഇൻഫ്രാടെക് സി എം ഡി അലക്‌സ് മാളിയേക്കൽ കിൻഫ്ര ജനറൽ മാനേജർ ( പ്രൊജക്റ്റി) ന് അപേക്ഷ നൽകുന്നത്. വെറും 48 മണിക്കൂറിനുള്ളിൽ തന്നെ, അതായത് 28-3-2017 ന് തന്നെ അപേക്ഷ അനുവദിക്കാമെന്ന് പറഞ്ഞ് കത്ത് നൽകിയത്. തുടർന്ന് ഏപ്രിൽ നാലിന് ഈ കത്തിന്റെ ബലത്തിലാണ് എക്‌സൈസ് കമ്മീഷണർക്ക് ശ്രീ ചക്ര ഡിസ്റ്റലറിക്കായി അപേക്ഷ നൽകിയത്. ഇത് പരിഗണിച്ചാണ് അപേക്ഷ എക്‌സൈസ് വകുപ്പ് അനുവദിച്ചത്. ഭൂമി അനുവദിക്കാൻ സന്നദ്ധമാണെന്നുള്ള കിൻഫ്ര ജനറൽ മാനേജർ പ്രോജക്റ്റിന്റെ കത്ത് കിൻഫ്ര എം ഡി അറിഞ്ഞിരുന്നോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

തിരുവനന്തപുരത്തെ സിപിഎമ്മിലെ ഏറ്റവും തലമുതിർന്ന നേതാവാണ് കോലിയക്കോട് കൃഷ്ണൻ നായർ. മുഖ്യമന്ത്രി പിണറായി വിജയന്റി അതിവിശ്വസ്തരിൽ ഒരാൾ. അതുകൊണ്ടാണ് കിൻഫ്രയിലെ ഭൂമി ദാനത്തിന്റെ കത്ത് വിവാദമാകുന്നത്. കിൻഫ്രയിൽ ഭൂമി ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പാലിക്കാതെയാണ് ഈ കത്ത് നൽകിയതെന്ന് ആക്ഷേപമുണ്ട്. ഭൂമി അനുവദിക്കണമെങ്കിൽ ജില്ലാ തല വ്യവസായ സമിതി ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ അതുണ്ടായില്ല. പകരം എക്സ്‌പ്രസ് വേഗതയിൽ അനുമതി കത്ത് നൽകുകയാണ് ഉണ്ടായത്. ആരുടെ താൽപര്യമാണ് ഇവിടെ നടപ്പായതെന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ഉയർത്തുന്നത്. ഇതോടെ സിപിഎം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്. നേരത്തെ വ്യവസായ വകുപ്പ് ഭൂമി അനുദിച്ചില്ലെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞിരുന്നു. എന്നാൽ ഈ കത്ത് പുറത്ത് വന്നതോടെ ജയരാജന്റെ വിശദീകരണവും പൊളിഞ്ഞു.

കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ടി ഉണ്ണിക്കൃഷ്ണൻ കിൻഫ്ര അസി. മാനേജരായി ജോലി തരപ്പെടുത്തിയതും ഇപ്പോൾ ജനറൽ മാനേജരായി സ്ഥാനക്കയറ്റം നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്ന ആരോപണം ഉയർന്നിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഇത്തരത്തിലൊരു ആരോപണം ഉണ്ടായത്. അന്ന് തന്റെ മകൻ ഉണ്ണികൃഷ്ണന് നല്ല യോഗ്യതയുണ്ടെന്നാണ് കോലിയക്കോട് അവകാശപ്പെട്ടത്. ഇക്കാര്യത്തിൽ അന്വേഷണവും നടന്നില്ല. അങ്ങനെ ഏറെ ആരോപണങ്ങൾ നേരിട്ട ഉണ്ണികൃഷ്ണനാണ് ഭൂമി നൽകൽ വിവാദത്തിലും പെടുന്നത്. ബ്രൂവറി സ്ഥാപിക്കാൻ പവർ ഇൻഫ്രാടെക് കമ്പനിക്കു കളമശേരി പാർക്കിൽ 10 ഏക്കർ ലഭ്യമാണെന്ന കത്തു നൽകിയതു കിൻഫ്ര ജനറൽ മാനേജരാണെന്ന സൂചന നേരത്തെ പുറത്തു വന്നിരുന്നു. ഭൂമിയുടെ ലഭ്യത ആരാഞ്ഞു കമ്പനി കഴിഞ്ഞ വർഷം മാർച്ച് 27നാണു കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരെ സമീപിച്ചത്. 48 മണിക്കൂറിനകം അനുകൂല മറുപടി. ലഭിച്ചു (കിൻഫ്ര/പിആർജെ/16-17).

ഇക്കാര്യം തങ്ങൾക്ക് അറിയില്ലെന്നാണു കിൻഫ്ര മാനേജിങ് ഡയറക്ടർ ഉൾപ്പെടെ വ്യക്തമാക്കുന്നത് ഉണ്ണികൃഷ്ണനെ കൂടുതൽ വിവാദത്തിലാക്കും. വ്യവസായ വകുപ്പ് അറിയാതെയായിരുന്നു കത്തെന്നു മന്ത്രി ഇ.പി. ജയരാജന്റെ പ്രതികരണത്തിലും വ്യക്തമാകുന്നു. മന്ത്രിയെവരെ ഇരുട്ടിൽ നിർത്തിക്കൊണ്ടുള്ള നടപടി സിപിഎം ഉന്നതതല സമ്മർദത്തെത്തുടർന്നായിരുന്നുവെന്നാണു സൂചന. കിൻഫ്രയിൽ ഭൂമി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം അവഗണിക്കുകയും ചെയ്തു. ഈ ചർച്ചകൾക്കിടെയാണ് ഉണ്ണിക്കൃഷ്ണൻ, കോലിയക്കോടിന്റെ മകനാണെന്ന വസ്തുത പുറത്തു വരുന്നത്. കിൻഫ്രയിൽ ഭൂമി അനുവദിക്കണമെങ്കിൽ ജനറൽ മാനേജർ ചെയർമാനായുള്ള ജില്ലാതല സമിതി ചേരണം. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥനും വ്യവസായ സെക്രട്ടറിയും സമിതിയിൽ അംഗങ്ങളാണ്. എന്നാൽ ജില്ലാതല സമിതി ബ്രൂവറി അപേക്ഷകൾ ഇന്നേവരെ പരിഗണിച്ചിട്ടില്ലെന്നു കിൻഫ്ര അധികൃതർ തന്നെ വ്യക്തമാക്കുന്നു.

ജനറൽ മാനേജരുടെ അനുകൂല മറുപടി ആധാരമാക്കിയാണ് പ്രാഥമിക അനുമതിക്കുള്ള അപേക്ഷ പവർ ഇൻഫ്രാടെക് 2017 ഏപ്രിൽ നാലിന് എക്‌സൈസ് കമ്മിഷണർക്കു സമർപ്പിച്ചത്. ഭാവിയിൽ ഭൂമി ലഭ്യമാകുമെന്ന കത്ത് മാത്രമാണ് അപേക്ഷയിൽ ഉണ്ടായിരുന്നതെങ്കിലും എക്‌സൈസ് വകുപ്പ് ഇക്കാര്യത്തിൽ കണ്ണടച്ചു. അങ്ങനെ അനുമതി പത്രവും കൊടുത്തു.

വിമർശനം ശക്തമാക്കി ചെന്നിത്തലയും

ആകപ്പാടെ നോക്കുമ്പോൾ ഈ ഇടപാടുകളിലെല്ലാം അസാധാരണത്വവും ദുരൂഹതയും നിലനിൽക്കുകയാണ്. ബ്രൂവറികൾക്കും ഡിസ്റ്റലറികൾക്കും അനുമതി നൽകിയ നാല് അപേക്ഷകളിൽ രണ്ടെണ്ണത്തിൽ സ്ഥലത്തിന്റെ കാര്യത്തിൽ പോലും അവ്യക്തതയാണ്. മുൻഗണന ക്രമം പാലിക്കാതെയാണ് അപേക്ഷകളിൽ മേൽ തിരുമാനം എടുത്തത്. എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശവും പാലിക്കപ്പെട്ടില്ല. ഇതെല്ലാം ഗൂഢാലോചനയുടെ തെളിവുകാണ്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷണം നടത്തണം. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനോട് ഞാൻ പത്ത് ചോദ്യങ്ങൾ ചോദിച്ചിട്ട് നാൽപ്പത്തെട്ട് മണിക്കൂർ കഴിഞ്ഞു. ഒന്നിന് പോലും അദ്ദേഹം മറുപടി നൽകിയില്ല. പകരം എക്‌സൈസ് വകുപ്പിനെ കൊണ്ട് പത്രക്കുറിപ്പ് ഇറക്കിച്ചിരിക്കുകയാണ്. മന്ത്രി ഇങ്ങെനെ നിഴൽ യുദ്ധം നടത്തുന്നത് ശരിയല്ല. സത്യം തുറന്ന് പറയാൻ അദ്ദേഹത്തിന് മടിയുണ്ടാകാം. അതുകൊണ്ടാണ് അദ്ദേഹം ഒഴിഞ്ഞു മാറുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

എക്‌സൈസ് വകുപ്പിറിക്കിയ പത്രക്കുറിപ്പിൽ എന്റെ ഒമ്പത് ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകിയെന്നാണ് പറയുന്നത്. മന്ത്രി എവിടെയാണ് മറുപടി നൽകിയത്? ഒരൊറ്റ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. ആദ്യത്തെ ചോദ്യത്തിന് ഏ കെ ആന്റണിയോട് ചോദിക്കാനാണ് എക്‌സൈസ് വകുപ്പ് പത്രക്കുറിപ്പിൽ ആവിശ്യപ്പെട്ടത്. 2003 ൽ ഏ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ തൃശൂരിൽ ചാലക്കുടിക്കടത്ത് ഷാവാലസ് കമ്പനിയുടെ സബ്‌സിഡിയറി കമ്പനിയായ മലബാർ ബ്രൂവറീസിന് ബ്രൂവറി നടത്തുന്നതിന് ലൈസൻലസ് നൽകിയ കാര്യമാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. ഇക്കാര്യത്തിൽ ഞാൻ ഇന്നലെ തന്നെ മറുപടി പറഞ്ഞതാണ്. ഇതിന്റെ പിതൃത്വം ഞങ്ങൾക്കല്ല ഇടതു മുന്നണിക്കാണ്. 1998 ൽ ഇ കെ നയനാരുടെ കാലത്താണ് ഈ ബ്രൂവറിക്ക് അനുമതി നൽകിയത്. ഇതു സംബന്ധിച്ച് ഷാവാലസ് അസിസ്റ്റന്റ് മാനേജർ ഇടതു മുന്നണി സർക്കാരിന് അപേക്ഷ നൽകിയത്. 15-7-1997 ലായിരുന്നു. അതിന്മേൽ എക്‌സൈസ് കമ്മീഷണർ 21-5-98 ൽ റിപ്പോർട്ട് നൽകി. അതിന്മേലാണ് 28-9-1998 ൽ നയനാർ സർക്കാർ ഈ ബ്രൂവറിക്ക് അനുമതി നൽകിയത്-ചെന്നിത്തല പറയുന്നു.

സർക്കാർ അനുമതി നൽകിക്കഴിഞ്ഞാൽ പിന്നീടുള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. മാനദണ്ഡങ്ങളെല്ലാം പാലിച്ച് ബ്രൂവറിയുടെ നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞാൽ എക്‌സൈസ് കമ്മീഷണർ അതിന്റെ ലൈസൻസ് നൽകും. നയനാർ സർക്കാർ എടുത്ത തിരുമാനം അനുസരിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ആന്റണി സർക്കാരിന്റെ കാലത്തുണ്ടായത്. അല്ലാതെ ആന്റണി സർക്കാർ ഒരു ബ്രൂവറിയും അനുവദിച്ചിട്ടില്ല. ഇടതു സർക്കാർ ചെയ്ത പാതകം ഞങ്ങളുടെ തലയിൽ കെട്ടിവച്ച് ഇപ്പോഴത്തെ വിവാദത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതണ്ടെന്നും ചെന്നിത്തല പറയുന്നു.