- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാണംകെട്ട തോൽവിയോടെ രാജസ്ഥാന്റെ മത്സരങ്ങൾക്ക് സമാപനം; കൊൽക്കത്തയോട് തോറ്റത് 86 റൺസിന്; ഉജ്ജ്വല വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഊട്ടിയുറപ്പിച്ച് കൊൽക്കത്ത; മുംബൈക്കും തിരിച്ചടി
ഷാർജ: ഐ.പി.എല്ലിൽ രാജസ്ഥാനെ 86 റൺസിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷകൾ ഊട്ടിയുറപ്പിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്.കൊൽക്കത്ത ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 16.1 ഓവറിൽ 85 റൺസിന് ഓൾഔട്ടായി. തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരമായി. രാജസ്ഥാൻ നിരയിൽ എട്ടു പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. മൂന്നു പേർ പൂജ്യത്തിന് പുറത്തായി.
നിർണ്ണായക മത്സരത്തിൽ കൊൽക്കത്തയുടെ വിജയത്തോടെ രാജസ്ഥാനു പുറമേ പഞ്ചാബ് കിങ്സിന്റെ നേരിയ പ്രതീക്ഷയും പൂർണമായും അസ്തമിച്ചു. ഇനി സാങ്കേതികമായിട്ടെങ്കിലും സാധ്യത ബാക്കിയുള്ളത് നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനു മാത്രം. അതിന് അവർക്കു മുന്നിലുള്ള വഴിയും കഠിനമാണ്.
വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കണം.250നു മുകളിൽ റൺസ് സ്കോർ ചെയ്ത് കുറഞ്ത് 171 റൺസിന്റെയെങ്കിലും വിജയവും നേടണം. രണ്ടാമതു ബാറ്റു ചെയ്താൽ ഈ സാധ്യത പോലുമില്ല!
3.1 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത പേസ് ബോളർ ശിവം മാവിയുടെ നേതൃത്വത്തിലാണ് കൊൽക്കത്ത ബോളർമാർ രാജസ്ഥാനെ വീഴ്ത്തിയത്. ലോക്കി ഫെർഗൂസൻ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ഷാക്കിബ് അൽ ഹസൻ, വരുൺ ചക്രവർത്തി എന്നിവരും പങ്കിട്ടു.
ഒരു ഘട്ടത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ തകർന്ന രാജസ്ഥാന്, യുവതാരം രാഹുൽ തെവാത്തിയയുടെ ഇന്നിങ്സാണ് നാണക്കേടിൽനിന്ന് രക്ഷയായത്. തെവാത്തിയ 36 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 44 റൺസെടുത്ത് പത്താമനായി പുറത്തായി. തെവാത്തിയയ്ക്കു പുറമേ രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ടത് ഓൾറൗണ്ടർ ശിവം ദുബെ മാത്രം. ദുബെ 20 പന്തിൽ ഒരു സിക്സ് സഹിതം 18 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് മൂന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജെയ്സ്വാളിനെ (0) നഷ്ടമായി. തൊട്ടടുത്ത ഓവറിൽ സഞ്ജു സാംസണും (1) മടങ്ങി. പിന്നാലെ തുടരെ വിക്കറ്റുകൾ വീണു.ലിയാം ലിവിങ്സ്റ്റൺ (6), അനുജ് റാവത്ത് (0), ഗ്ലെൻ ഫിലിപ്പ് (8), ശിവം ദുബെ (18), ക്രിസ് മോറിസ് (0) തുടങ്ങിയവരെല്ലാം തന്നെ തികഞ്ഞ പരാജയമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. ഇത്തവണത്തെ സീസണിൽ ഷാർജയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്. അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 44 പന്തുകൾ നേരിട്ട ഗിൽ രണ്ടു സിക്സും നാല് ഫോറുമടക്കം 56 റൺസെടുത്തു.
സ്പോർട്സ് ഡെസ്ക്