കൊൽക്കത്ത: ഒമ്പത് വയസുകാരനും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ കുട്ടി ഒമ്പതാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും താഴോട്ട് എടുത്ത് ചാടി. സ്‌കൂളിൽ വച്ച് അദ്ധ്യാപിക വഴക്ക് പറഞ്ഞതിൽ മനം നൊന്താണ് കുട്ടി ഈ കടും കൈ ചെയ്തിരിക്കുന്നതെന്നാണ് സൂചന. അതീവ ഗുരുതര നിലയിലായ വൻഷ് ഗുപ്തയെന്ന കുട്ടി ആശുപത്രിയിൽ ഇന്റൻസീവ് കെയർ യൂണിറ്റിലാണ്.

സെന്റ് ഡൊമിനിക്ക് സാവിയോ സ്‌കൂളിലെ വിദ്യാർത്ഥിയെ ഗോലബാരിയിലെ വീടിന് വെളിയിൽ രക്തത്തിൽ കുളിച്ച് വീണ് കിടക്കുന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ സിഎംആർഐ ഹോസ്പിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്നു.

കുട്ടി സ്‌കൂളിൽ വച്ച് സഹപാഠിയുമായി അടിയുണ്ടാക്കിയിരുന്നുവെന്നും അതിന്റെ പേരിൽ ടീച്ചറിൽ നിന്നും വഴക്ക് കേട്ടിരുന്നുവെന്നും ഇതിൽ മനം നൊന്താണ് വൻഷ് ഈ കടുംകൈ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. കുട്ടിയെ അടിച്ച ടീച്ചർ കൂടുതൽ ശക്തമായി ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് ഒരു പ്രദേശവാസി വെളിപ്പെടുത്തുന്നത്.

വൈകുന്നേരം 4.15ന് സ്‌കൂൾ വിട്ടിട്ടും വൻഷിനെ ടീച്ചർ വീട്ടിൽ പോകാൻ സമ്മതിക്കാതെ കുറേ നേരം പിടിച്ച് വച്ചതും അവന് കടുത്ത ദുഃഖവും നിരാശയും ഉണ്ടാക്കിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അതിൽ മനം നൊന്ത കുട്ടി തിരിച്ച് ഫ്ലാറ്റിലെത്തിയപ്പോൾ ബാൽക്കണിയിൽ കയറി ചാടുകയായിരുന്നുവെന്നും പ്രദേശവാസി വെളിപ്പെടുത്തുന്നു.

എന്നാൽ സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബക്കാർ പരതിയൊന്നും നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചില ടീച്ചർമാരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സ്‌കൂൾ അധികൃതർ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല