കൊല്ലം: സിനിമാ നടൻ കൊല്ലം അജിത്ത് അന്തരിച്ചു. വില്ലനായി മലയാള സിനിമയിൽ നിറഞ്ഞ നടനാണ് അജിത്. ഉദരസംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അജിത്ത്. പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം.

തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമയോട് ഒരു ബന്ധവുമില്ലാതെയാണ് അജിത് താരമായത്. സംവിധാന സഹായിയാകാൻ പോയി ഒടുവിൽ നടനായി മാറുകയായിരുന്നു. 1989 ൽ ഇറങ്ങിയ അഗ്‌നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി. 2012 ൽ ഇറങ്ങിയ ഇവൻ അർധനാരിയാണ് ഒടുവിൽ അഭിനയിച്ച ചിത്രം. പ്രമീളയാണ് ഭാര്യ. ഗായത്രി,ശ്രീഹരി എന്നിവർ മക്കളാണ്.

വില്ലനായി മാത്രം അഭിനയിക്കാൻ വിധിക്കപ്പെട്ട നടനായിരുന്നു കൊല്ലം അജിത്ത്. ഇത് തിരുത്താൻ അജിത്ത് ശ്രമിക്കുകയും ചെയ്തു. കോളിങ് ബെൽ എന്ന ചിത്രത്തിനുവേണ്ടി സ്വന്തമായി തിരക്കഥ രചിച്ച് സംവിധായകന്റേയും നായകന്റേയും വേഷത്തിൽ എത്തി. എന്നാൽ ചിത്രത്തിന് തിയേറ്റർ പോലും കിട്ടിയില്ല. സംവിധായകൻ എന്ന മോഹവുമായി 1975- 80 കാലഘട്ടത്തിൽ പത്മരാജന്റെ ശിഷ്യനാവാൻ എത്തിയതായിരുന്നു അജിത്ത്. റെയിൽവേ സ്റ്റേഷൻ മാസ്റ്ററായിരുന്നു അജിത്തിന്റെ അച്ഛൻ. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തൊടുവിൽ മക്കളുടെ വിദ്യാഭ്യാസത്തെ കരുതി കൊല്ലം കടപ്പാക്കടയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

സംവിധാനം പഠിക്കാനാണ് എത്തിയതെന്ന് അറിയിച്ചപ്പോൾ കെ.മധു, സുരേഷ് ഉണ്ണിത്താൻ തുടങ്ങി നിരവധി സംവിധാന സഹായികളെ ചൂണ്ടിക്കാട്ടി ഒഴിവു വരുമ്പോൾ വിളിക്കാമെന്നുള്ള മറുപടിയാണ് പത്മരാജൻ നൽകിയത്. അവിടെ നിന്നും നിരാശനായി മടങ്ങാൻ തുടങ്ങുമ്പോൾ ഒരു പിൻവിളി. പിന്നീട് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം. അതിൽ തുടങ്ങിയതാണ് അജിത്തിന്റെ അഭിനയം. തന്നെ അഭിനയത്തിലേക്ക് തിരിച്ചുവിട്ടത് പത്മരാജനാണെന്ന് അഭിമാനത്തോടെ പറയുന്നു അജിത്ത്. പിന്നീട് പത്മരാജന്റെ മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതിയിരുന്നു പത്മരാജൻ.

1989 ൽ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തിൽ നായകനുമായി അജിത്ത്. പക്ഷേ ചെയ്തത് ഏറെയും വില്ലൻ വേഷങ്ങൾ. ന്യൂഡൽഹി എന്ന ചിത്രത്തിൽ അടക്കം പ്രധാന വില്ലന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെട്ട കഥയും അജിത്ത് പലപ്പോഴും പങ്കുവച്ചിരുന്നു. തീവ്രവാദിയുടെ കഥ പറയുന്ന ബ്ലാക്ഫെയർ എന്ന ചിത്രം പ്ലാൻ ചെയ്ത് പൂജ നടത്തിയെങ്കിലും മുന്നോട്ട് പോയില്ലെന്ന് അജിത് പറയുന്നു. അന്ന് ആ ചിത്രത്തിന്റെ പൂജ നിർവഹിച്ചത് അനശ്വര നടൻ തിലകനായിരുന്നു. ആചിത്രത്തിന്റെ കഥയും സ്വന്തം രചനതന്നെ. സ്വന്തം കഥയല്ലാതെ മറ്റാരുടേയും കഥ സംവിധാനം ചെയ്യില്ലെന്ന നിലപാടിലായിരുന്നു് അജിത്ത്.

വില്ലനായി അജിത്ത് സിനിമയിൽ തല്ലുവാങ്ങിയത് 30 വർഷമാണ്.സിനിമയിൽ സംഘട്ടനമുണ്ടെങ്കിൽ അവിടെ കൊല്ലം അജിത്തുമുണ്ട് എന്നായിരുന്ന നടപ്പുരീതി. മൂന്നുഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ വില്ലനായി അഭിനയിച്ചു. ഇനി അല്പം മാറിനടക്കാമെന്ന ചിന്തയിൽ നിന്ന് അജിത്ത് സംവിധായകനാവുക എന്ന പഴയ ആഗ്രഹം പൊടിതട്ടിയെടുത്തത്. അതും വലിയ രീതിയിൽ വിജയിച്ചില്ല. അതിനിടെയാണ് മരണമെന്ന വില്ലന് ജീവിതത്തിൽ അജിത്തിനെ തേടിയെത്തിയത്.