- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ലൈഫ് മിഷനും റെഡ് ക്രസന്റും ഒന്നും അല്ല' ഈ അഴിമതിയുടെ മുമ്പിൽ; സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായ കൊല്ലം ആശ്രാമം ഗസ്റ്റ് ഗൗസ് പരിസരത്ത് കൾച്ചറൽ കോംപ്ലക്സ് എന്ന പേരിൽ കോൺക്രീറ്റ് കാട്; മൂന്നര ഏക്കർ പുറമ്പോക്കെന്ന് ഉത്തരവിട്ട് കിഫ്ബിയിൽ നിന്ന് അനുവദിച്ചത് 56 കോടി; കൺസൾട്ടൻസി കരാർ പതിവുപോലെ പ്രൈസ് വാട്ടർ കൂപ്പേഴ്സിന്; കെട്ടിട നിർമ്മാണം ബയോഡൈവേഴ്സിറ്റി ബോർഡ് അറിയാതെ; യൂണിടെക്കിന് വേണ്ടി ഇറക്കിയ പോലെ കള്ളഉത്തരവും
കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് പരിസരത്ത് വൻകിട കെട്ടിട സമുച്ചയം പണിയുന്നത് വിവാദമാകുന്നു. പരിസ്ഥിതി നിയമങ്ങൾ കാറ്റിൽപ്പറത്തി ദുരൂഹമായ രീതിയിലാണ് ഈ കെട്ടിടസമുച്ചയ നിർമ്മാണം പുരോഗമിക്കുന്നത്. അഷ്ടമുടികായലിന്റെ തീരത്തുള്ള കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച ജൈവ പൈതൃക കേന്ദ്രത്തിലാണ് ഈ കോൺക്രീറ്റ് കാട് ഉയരുന്നത്. ദേശാടന പക്ഷികൾ ഉൾപ്പെടെ അറുപതോളം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. ഇതെല്ലാം ഇല്ലാതാക്കും വിധമാണ് സാംസ്കാരിക സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനായി രൂപീകരിച്ച കിഫ്ബിയുടെ ഫണ്ടിൽ നിന്നും 56 കോടി രൂപയെടുത്താണ് ശ്രീനാരായണഗുരു കൾച്ചറൽ കോംപ്ലക്സ് എന്ന ധൂർത്തിന് പണം കണ്ടെത്തിയിരിക്കുന്നത്. പിണറായി സർക്കാരിന്റെ സ്വതസിദ്ധമായ കൺസൽട്ടൻസി ധൂർത്ത് ഈ വിവാദ നിർമ്മാണത്തിനു പിന്നിലുമുണ്ട്. വിവാദ കൺസൽട്ടൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിനാണ് ഈ കെട്ടിട സമുച്ചയത്തിന്റെയും കൺസൽട്ടൻസി കരാർ നൽകിയിരിക്കുന്നത്. ഇതും കൂടാതെ കർണാടക ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷനെ .പ്രോജക്റ്റ് മാനെജ്മെന്റ് കൺസൽട്ടൻസിയാക്കിയും മാറ്റിയിട്ടുമുണ്ട്. മുംബൈ ആസ്ഥാനമായ റേ കൺസ്ട്രക്ഷൻസ് ആണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. 56 കോടിയുടെ നിർമ്മാണത്തിനു പിന്നിൽ രണ്ടു കൺസൽട്ടൻസികൾ എന്നത് തന്നെ സംശയാസ്പദവും ദുരൂഹവുമായി നിലനിൽക്കുന്നു.
ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട 72 ഓളം ഏക്കർ സ്ഥലത്ത് നിന്ന് മൂന്നര ഏക്കർ പുറമ്പോക്ക് ഭൂമി എന്ന് നാമകരണം ചെയ്താണ് സാംസ്കാരിക സമുച്ചയത്തിനായി ഭൂമി നൽകിയിരിക്കുന്നത്. ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടാൽ ആ പരിധിയിൽ വേറെ നിർമ്മിതികൾക്ക് അനുമതി നൽകാറില്ല. അതിനാൽ ബയോഡൈവേഴ്സിറ്റി ബോർഡിൽ നിന്നും മറച്ചുവച്ചാണ് സാംസ്കാരിക സമുച്ചയത്തിന്റെ ജോലികൾ മുന്നോട്ടു നീക്കുന്നത്. അതിനാൽ തന്നെ നിർമ്മാണം നടക്കുന്നത് ബോർഡ് അറിഞ്ഞതുമില്ല. ഇപ്പോൾ പരാതികൾ മുന്നിൽ വന്നപ്പോൾ നിർമ്മാണം തടയാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ് ബയോഡൈവേഴ്സിറ്റി ബോർഡ്.
ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ചതാണ് ആശ്രാമം ഗസ്റ്റ് ഹൗസ്. ഇതിനു തന്നെ ഏതാണ്ട് മുന്നൂറു വർഷത്തെ പഴക്കമുണ്ട് . അതുകൊണ്ട് തന്നെ ഈ ഗസ്റ്റ് ഹൗസ് ഒരു പൈതൃക സ്വത്തായിട്ടു കാത്തു സംരക്ഷിച്ചു വരികയാണ്. ഈ ഗസ്റ്റ് ഹൗസിനു മുന്നിലുള്ള മൈതാനവും ചേർത്താണ് അൻപത്തിയേഴ് ഏക്കർ ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. അഷ്ടമുടിയുടെ ഓരത്തുള്ള കണ്ടൽകാടുകൾ ഉൾപ്പെടുന്നതാണ് ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ കീഴിലുള്ള ഈ സ്ഥലം. .
വിവരാവകാശ പ്രവർത്തകനായ എം.കെ.സലിം പരാതിയുമായി രംഗത്ത് വരുകയും തുടരെ തുടരെ വിവരാവകാശം നൽകുകയും ചെയ്തതോടെയാണ് ബയോഡൈവേഴ്സിറ്റി ബോർഡ് പോലും അറിയാതെയാണ് നിർമ്മാണം നടക്കുന്നത് എന്ന് പുറത്ത് അറിഞ്ഞത്. വളരെ തിടുക്കപ്പെട്ടാണ് സാംസ്കാരിക കേന്ദ്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നിരിക്കുന്നത്. കെട്ടിടത്തിന്റെ പ്ലാനും മറ്റു വിവരങ്ങളും കൊല്ലം കോർപറേഷനിൽ ശരിയായ രീതിയിൽ സമർപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. വിശദമായ പരിശോധനകൾ നടന്നാൽ ജൈവ പൈതൃക കേന്ദ്രത്തിൽ വൻകിട കെട്ടിട സമുച്ചയം നിർമ്മിക്കുന്നത് പുറത്ത് വരും. അതിനാൽ ഗോപ്യമായാണ് ഇതിന്റെ പ്രവർത്തങ്ങൾ മുന്നോട്ടു നീക്കുന്നത്. ഒട്ടേറെ സസ്യ ജന്തുജാല വൈവിധ്യമാണ് ഈ മേഖലയ്ക്ക് പൈതൃക പദവി നേടിക്കൊടുത്തത്
ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇതിന്റെ നിർമ്മാണം തടയണം എന്ന് കോർപറേഷൻ തന്നെ അവശ്യപ്പെട്ടിട്ടുണ്ട്-ബയോഡൈവേഴ്സിറ്റി ബോർഡിന്റെ കൊല്ലം കോർഡിനെറ്റർ രാഖി മറുനാടനോട് പറഞ്ഞു. നിർമ്മാണം തടയുന്നതുമായി ബന്ധപ്പെട്ടു തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലത്ത് പുതിയ നിർമ്മിതി വരുമ്പോൾ ബോർഡിനെ അറിയിക്കണം. എന്നാൽ ബോർഡിനെ അറിയിച്ചിട്ടില്ല. ഇപ്പോൾ പരാതി വന്നിട്ടുണ്ട്. സാംസ്കാരിക സമുച്ചയ നിർമ്മാണം നിർത്തിവയ്ക്കാൻ തന്നെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്-രാഖി പറയുന്നു.
ഇത് വലിയ അഴിമതിയാണ് വിവരാവകാശ പ്രവർത്തകൻ എം.കെ.സലിം മറുനാടനോട് പറഞ്ഞു. ഒരു പ്ലാനുമില്ലാതെയാണ് സാംസ്കാരിക സമുച്ചയം ജൈവ പൈതൃക കേന്ദ്രത്തിൽ ഉയരുന്നത്. ബയോഡൈവേഴ്സിറ്റിക്കാർ അറിഞ്ഞിട്ടില്ല. യൂണിടെക്കിന് വേണ്ടി ഇറക്കിയ കള്ള ഓർഡർ പോലെയാണ് ഈ ഓർഡറും ഇറക്കിയിരിക്കുന്നത്. നിലവിലെ 72 ഏക്കർ ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിനു അനുമതിയില്ല. എന്നിട്ടും 56 കോടി രൂപയുടെ വലിയ കെട്ടിട സമുച്ചയം പണിതുയർത്തുകയാണ് ചെയ്യുന്നത്. ഇത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണ്-സലിം പറയുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.