- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പകൽ പാർക്കിലിരുന്നു സമയം കഴിച്ചു; രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കു പോയി; തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി; സാമൂഹിക വിരുദ്ധ ശല്യം കാരണം ട്രെയിനിൽ അഭയം തേടി മഞ്ജുവും മക്കളും; കൊല്ലത്ത് നിന്നുള്ള ഈ റിപ്പോർട്ട് കേരളത്തെ ഞെട്ടിക്കുമ്പോൾ
കൊല്ലം: സമൂഹവിരുദ്ധരുടെ ശല്യംകാരണം രാത്രി വീട്ടിൽ നിൽക്കാൻ കഴിയാതെ യുവതിയും മക്കളും തിങ്കളാഴ്ച അഭയം കണ്ടെത്തിയത് തീവണ്ടിയിൽ. കേരളത്തെ ഞെട്ടിച്ച് വീണ്ടും ഒരു വാർത്ത. സാക്ഷര കേരളത്തിന് അപമാനമാണ് ഈ റിപ്പോർട്ട്. വാതിലിൽ മുട്ടും, വൈദ്യുതിബന്ധം വിച്ഛേദിക്കും, വീടുകയറി ആക്രമിക്കും ഈ ഭയത്തിൽ കഴിയുന്ന കുടുംബത്തിന്റെ കഥയാണ് കേരളത്തിന് നാണക്കേടാകുന്നത്.
ട്രെയിൻ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്ത് നേരം വെളുപ്പിക്കുകയായിരുന്നു ഈ കുടുംബം. ഇരവിപുരത്തെ സുനാമി ഫ്ളാറ്റിൽ താമസിക്കുന്ന മഞ്ജുവിനും മക്കൾക്കുമാണ് ഈ ദുരവസ്ഥ. പൊലീസിന് പോലും ഈ കുടുംബത്തെ സഹായിക്കാനാനാകുന്നില്ല. മാതൃഭൂമിയാണ് ആദ്യ പേജിൽ ഈ കരളലിയിക്കുന്ന കഥ വാർത്തയായി നൽകുന്നത്. മാഫിയയ്ക്ക് മുന്നിൽ പതറിയ കുടുംബത്തിന്റെ കഥയാണ് ഇത്.
കൊല്ലത്ത് നിന്ന് ജി ജ്യോതിലാലാണ് ഈ വാർത്ത മാതൃഭൂമിയിൽ റിപ്പോർട്ട് ചെയ്യുന്നത്. അനാഥാലയത്തിലാണ് മഞ്ജു വളർന്നത്. സർക്കാർ സഹായത്താൽ സുനാമി ഫ്ളാറ്റിൽ താമസസൗകര്യം കിട്ടി. അവിടെ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയപ്പോഴാണ് ചില സമൂഹദ്രോഹികൾ കാരണം വീട്ടിൽ കഴിയാൻപറ്റാത്ത അവസ്ഥയുണ്ടായത്. മകളെ അപമാനിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചുകൊണ്ടാണ് ചിലർ ആദ്യം രംഗത്തെത്തിയത്. പിന്നീട് സംഭവിച്ചതെല്ലാം സമാനതകളില്ലാത്ത സംഭവങ്ങൾ. ക്രിമിനൽ തേർവാഴ്ച.
അതു ചോദ്യംചെയ്തതോടെ വീടുകയറി ആക്രമിച്ചു. അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി ചിലർ വാതിലിൽ അടിച്ച് പേടിപ്പിച്ചു. ഫോൺ ചെയ്തപ്പോൾ കൺട്രോൾ റൂം പൊലീസ് വന്നെങ്കിലും ഭീഷണിക്കും ശല്യപ്പെടുത്തലിനും കുറവുണ്ടായില്ല. തിങ്കളാഴ്ച വീട്ടിൽ പോകാൻ ധൈര്യമുണ്ടായില്ല മഞ്ജുവിന്. പകൽ പാർക്കിലിരുന്നു സമയം കഴിച്ചു. രാത്രി തീവണ്ടിയിൽ കയറി എറണാകുളത്തേക്കുപോയി. തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയിൽ കൊല്ലത്തെത്തി.
''ഗ്യാസ് വാങ്ങാൻവെച്ച പണമെടുത്താണ് തീവണ്ടി ടിക്കറ്റ് എടുത്തത്. കോവിഡ് കാലമായതിനാൽ ചെയ്തുകൊണ്ടിരുന്ന വീട്ടുജോലിക്കും പോകാൻ പറ്റുന്നില്ല. അഡ്വ. എം. മുഹമ്മദ് ഹുമയൂൺ കോടതിയിൽ സൗജന്യമായി ഹാജരാകുന്നതുകൊണ്ടാണ് കേസ് നടത്താൻ പറ്റിയത്. ചൊവ്വാഴ്ച ഞാൻ വീട്ടിലേക്കു തിരിച്ചുവന്നു. പക്ഷേ, രാത്രി ആരോ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഈ കുഞ്ഞുങ്ങളെയുംകൊണ്ട് ഇനിയെന്തു ചെയ്യണമെന്നറിയില്ല. ഇവരുടെ അച്ഛൻ നേരത്തേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്'' -മഞ്ജു പറയുന്നു.
''മോൾക്ക് പ്ലസ്ടുവിന് നല്ല മാർക്കുണ്ട്. സോഫ്റ്റ് ബോൾ താരമാണ് മോൾ. പക്ഷേ, ഈ പ്രശ്നങ്ങൾ കാരണം അവൾ മാനസികമായി ബുദ്ധിമുട്ടിലാണ്. സ്മാർട്ട് ഫോണില്ലാത്തതിനാൽ മകന്റെ പത്താം ക്ളാസ് പഠനവും അവതാളത്തിലായി'' -മഞ്ജു തളർച്ചയോടെ പറയുമ്പോൾ ഞെട്ടുന്നതും തലകുനിക്കുന്നതും സാക്ഷര കേരളമാണ്.
പൊലീസിനും സംവിധാനത്തിനുമൊന്നും ഈ കുടുംബത്തിനെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നതാണ് ഇതിന് കാരണം. സ്ത്രീ സുരക്ഷയും മനുഷ്യാവകാശവുമെല്ലാം വെറുതയാണെന്ന് തെളിയിക്കുന്നതാണ് ഈ വാർത്ത.
മറുനാടന് ഡെസ്ക്