കൊല്ലം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രതീക്ഷയായത് ആർഎസ്‌പിയുടെ കൂടുമാറ്റമാണ്. പ്രതീക്ഷകൾ തെറ്റാതെ കൊ്ല്ലം പാർലമെന്റിൽ നിന്ന് എൻകെ പ്രേമചന്ദ്രൻ ജയിച്ചുകയറി. അന്ന് ആർ ബാലകൃഷ്ണപിള്ളയും യുഡിഎഫിലെ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ കൊല്ലത്തെ ആർഎസ്‌പിയുടെ പ്രവർത്തകളിൽ ജനങ്ങൾ മടുത്തു. അധികാര രാഷ്ട്രീയത്തിന്റെ പേരിലെ തർക്കങ്ങൾ ആർഎസ്‌പിയിൽ ഒളിഞ്ഞും തെളിഞ്ഞും ദൃശ്യമായി. ബാർ കോഴയും മറ്റും ഇതിന് കാരണവുമായി. ഈ സാഹചര്യത്തിൽ കൊല്ലത്ത് സിപിഐ(എം) ചുവടുറപ്പിച്ചു.

കൊടുംചുവപ്പ് പകർന്ന് കൊല്ലത്തെ 26 ജില്ലാപഞ്ചായത്ത് വാർഡിൽ 22ഉം എൽ.ഡിഎഫ് പിടിച്ചു. യു.ഡി.എഫിന് കിട്ടിയത് വെറും 4. കോർപറേഷൻ വാർഡ് മൊത്തം 55 . ഇതിൽ 35 എൽ.ഡിഎഫിന് കിട്ടി. യു.ഡി.എഫിന് 16 . ബിജെപിക്ക് 2, മറ്റുള്ളവർക്ക് 2. മുനിസിപ്പൽ വാർഡ് മൊത്തം 131. എൽ.ഡിഎഫിന് 72, യു.ഡി.എഫിന് 50,ബിജെപിക്ക് 5 മറ്റുള്ളവർക്ക് 4 . ബ്‌ളോക്ക് പഞ്ചായത്ത് മോത്തം 152. എൽ.ഡിഎഫിന് 118, യു.ഡി.എഫിന് 33, മറ്റുള്ളവർക്ക് 1 . ഗ്രാമപഞ്ചായത്തിൽ 1234 വാർഡുകൾ. എൽ.ഡിഎഫിന് 725, യു.ഡി.എഫിന് 373,ബിജെപിക്ക് 81,മറ്റുള്ളവർക്ക് 55എന്നിങ്ങനെയാണ് ലഭിച്ചത്. അതായത് ചോദിച്ചതെല്ലാം ആർഎസ്‌പിക്ക് കൊടുത്തിട്ടും യുഡിഎഫ് തകർന്നു.

കൊല്ലം നഗരസഭയിൽ എൽ.ഡി.എഫിന് വിജയത്തിന്റെ വർണ്ണത്തിളക്കമാണ്. 55 അംഗ കൗൺസിലിൽ 36 എണ്ണത്തിൽ എൽ.ഡി.എഫ് കരുത്തിന്റെ പകിട്ട് തെളിയിച്ചു.പതിനൊന്ന് വാർഡുകളിൽ മത്സരിച്ച ആർ.എസ്‌പിക്ക് നാലിടത്തേ വിജയിക്കാനായുള്ളൂ. യു.ഡി.എഫിന്റെ കയ്യിലുണ്ടായിരുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പിടിച്ചെടുത്ത എൽ.ഡി.എഫ്, പരവൂർ മുനിസിപ്പാലിറ്റിയിലെ ഭരണം കൂടുതൽ ശോഭയോടെ നിലനിർത്തി. ആർഎസ്‌പിക്ക് ചലനമുണ്ടാക്കാനാകാത്തതിന്റെ സൂചനയാണിത്.

ഇടതുവീര്യം കൊടുങ്കാറ്റായി ആഞ്ഞുവീശിയപ്പോൾ യു.ഡി.എഫിന്റെ കോട്ടകോത്തളങ്ങൾ തകർന്നടിഞ്ഞു. കൊല്ലത്തിന്റെ ഹൃദയത്തിൽ ആദ്യമായി താമരയും വിരിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫിലേക്ക് തെന്നിയ ആർ.ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് ബി യും അടിതെറ്റി വീണു. പുതുതായി രൂപം കൊണ്ട കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ പകുതിയിലധികം സീറ്റുകൾ നേടി എൽ.ഡി.എഫ് മറ്റൊരു വിജയചരിത്രം രചിച്ചു. ഇവിടെ എട്ട് സീറ്റുകളിൽ മത്സരിച്ച പിള്ളയുടെ പാർട്ടി ആറിടത്തും തോറ്റു. എന്നാൽ കൊട്ടാരക്കരയിലെ ഇടത് വിജയം പിള്ളയ്ക്ക് ആശ്വാസമാണ്. എന്നാലും സ്വന്തം സ്ഥാനാർത്ഥികൾ ജയിച്ചില്ലെന്നത് പിള്ളയ്ക്ക് വരും കാലത്ത് പ്രശ്‌നമാകും. കൊട്ടരക്കര, പുനലൂർ നിയമസഭാ സീറ്റുകളിൽ കണ്ണുവച്ചാണ് പിള്ള ഇടതു പക്ഷത്ത് നിൽക്കുന്നത്.

ഇടത് മുന്നണിയിൽ എടുത്താലും ഇല്ലെങ്കിലും ഈ വാദം ഇനി നടക്കാനിടയില്ല. കൊട്ടാരക്കര പിള്ളയ്ക്ക് വിട്ടു നൽകില്ലെന്ന് വ്യക്തമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. എന്നാൽ പുനലൂരിൽ ഗണേശ് കുമാറിന് സീറ്റു നൽകിയേക്കുമെന്നും സൂചനയുണ്ട്. വരും ദിവസങ്ങളിലെ ചർച്ചകളാകും ഇനി നിർണ്ണായകം.