കൊല്ലം: വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും യുവതിയെ പിന്തിരിപ്പിക്കാൻ വേണ്ടി പ്രതിശ്രുത വരനെ കള്ളക്കേസിൽ കുടുക്കി. കൊല്ലം വിമലഹൃദയ സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകനെയാണ് വ്യാജ പീഡന കേസിൽ കുടുക്കിയത്. കേസിൽ പൊലീസിന്റെ മർദ്ദനമേൽക്കുകയും ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വന്ന അദ്ധ്യാപകനായ ടിജോ ടെൻസൻ ഡെന്നിസിനെതിരെ  ക്വട്ടേഷൻ നൽകിയിരിക്കയാണ് യുവതിയുടെ വീട്ടുകാർ. ഇക്കാര്യം യുവതി തന്നെയാണ് വ്യക്തമാക്കിയത്. ടിജോയെ മാത്രമേ വിവാഹം കഴിക്കൂവെന്ന് വാശിപിടിച്ച യുവതിയെ വീട്ടുകാരും ക്രൂരമായി മർദ്ദിച്ചു. യുവതിയെ വീട്ടുതടങ്കലിൽ ആക്കിയിരിക്കയാണ് സ്വന്തം വീട്ടുകാർ തന്നെ. യുവാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റിനും പൊലീസിനും എതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

കൊല്ലം സ്വദേശിനിയായ യുവതിയും ടിജോയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതായിരുന്നു. ഈ ബന്ധം യുവതിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് പെൺകുട്ടിയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ആസൂത്രിതമായി കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്തത്. ആറാംക്ലാസ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു എന്നാരോപിച്ചുള്ള കള്ളകേസിലാണ് അദ്ധ്യാപകനെ കുടുക്കിയത്. എന്നാൽ, കള്ളക്കളി വ്യക്തമായ യുവതി വിവാഹത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇവർക്ക് നേരെ കഠിനമായ പീഡനവും ഉണ്ടായി. പെൺകുട്ടിയുടെ അമ്മാവനും സഹോദരനും ചേർന്ന് കുട്ടിയുടെ തലയ്ക്കും ദേഹത്തും മർദ്ദിച്ചുവെന്നുണ് ആരോപണം.

കുറെ ദിവസങ്ങളായി ഈ പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ നിന്നും കടുത്ത പീഡനമാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്. പലതവണ പെൺകുട്ടിയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ മാതാവ് ആവശ്യപ്പെട്ടു. പുറത്തു നിന്നുള്ള ആളുകളെ വരുത്തി കുട്ടിയെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ധ്യാപകനെതിരെ ക്വോട്ടേഷൻ കൊടുക്കാനുള്ള ശ്രമങ്ങൾ ഈ പെൺകുട്ടിയുടെ വീട്ടുകാർ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യ യുവതി ഫേസ്‌ബുക്കിലും കുറിച്ചിട്ടുണ്ട്. കൂടാതെ വീട്ടുകാർ ക്വട്ടേഷൻ കൊടുത്തകാര്യം പെൺകുട്ടി പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തുവന്നു.

ഈ കുട്ടിയും സ്‌കൂൾ അദ്ധ്യാപകനായ ടിജോയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതി കൊല്ലം വിമലഹൃദയ സ്‌കൂളിൽ വളരെ ആസൂത്രിതമായി നടന്ന നീക്കത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ അദ്ധ്യാപകനായിരുന്ന ടിജോ ടെൻസൻ അറസ്റ്റ് ചെയ്യപ്പെട്ടു. നാടകീയ രംഗങ്ങൾക്കൊടുവിൽ ആറാം ക്ലാസിലെ പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ഈ വിവാഹത്തിന് സമ്മതമാണ് എന്ന് കാണിച്ച് നാട്ടുകാരുടെ മുന്നിൽ അദ്ധ്യാപകനെ പ്രതിയാക്കി പെൺകുട്ടിയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള അടവായിരുന്നു ആ നീക്കം.

പ്രതിശ്രുതവധുവിന്റെ ബന്ധുക്കളാണ് സംഭവം ആസൂത്രണം ചെയ്ത സ്‌കൂളിലെ മാനേജ്‌മെന്റ്. ഇവരും ചില രക്ഷാകർത്താക്കളും മറ്റും വിളിച്ചതനുസരിച്ച് നാട്ടുകാരും മാദ്ധ്യമപ്രവർത്തകരും സംഭവം നടക്കുന്നതിനു മുമ്പ് തന്നെ സ്ഥലത്തെത്തിയിരുന്നു. ഒരു കുട്ടിയുടെ മാതാവ് പറഞ്ഞതനുസരിച്ച് രണ്ടു പെൺകുട്ടികളുടെ അമ്മമാർ ഇയാൾക്കെതിരെ പ്രിൻസിപ്പാളിനു പരാതി നൽകിയിരുന്നു. ഓഫീസ് റൂമിൽ പരാതി ബോധിപ്പിച്ച ശേഷം ഇറങ്ങി പോവുകയായിരുന്ന ഇവരെ രണ്ടു പേരെയും വൈസ് പ്രിൻസിപ്പാൾ വീണ്ടും വിളിച്ചു വരുത്തി. ആദ്യം പറഞ്ഞ മാതാവും പിതാവും കൂടി അപ്പോഴേയ്ക്കും ആളുകളെ വിളിച്ചു വരുത്തിയിരുന്നു.

പൊലീസ് വന്നു അറസ്റ്റ് ചെയ്താലല്ലാതെ സ്‌കൂളിൽ നിന്ന് പിരിഞ്ഞു പോവില്ലെന്ന് ജനക്കൂട്ടം വാശി പിടിച്ചു. ഉടനെ പൊലീസ് വരികയും ഇയാളെ വാഹനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ അക്രമാസക്തമായ ജനം ഇയാളെ തടഞ്ഞു നിർത്തി വണ്ടിയിൽ നിന്നിറക്കി മർദിച്ചു. നേരെ കോടതിയിൽ കൊണ്ട്‌പോവാനിരുന്ന ടിജോയെ ആദ്യം ഉണ്ടായിരുന്ന പൊലീസ് സ്റ്റേഷനിൽ നിന്നും രാത്രിക്ക് രാത്രി കൊണ്ടുപോവുകയും അതികഠിനമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. സ്‌കൂളിലെ രണ്ടു ദമ്പതിമാരായ ലിജോ ,ജോജി എന്നീ ടീച്ചർമാരുടെ പേര് പറഞ്ഞായിരുന്നു ഓരോ ഇടിയും. 'അവർ നിന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറഞ്ഞല്ലോടാ' എന്ന് പറഞ്ഞുകൊണ്ട് പൊലീസുകാർ മാറി മാറി ഇടിച്ചുവെന്നാണ് അറിയുന്നത്.

അതേസമയം സ്‌കൂളധികൃതരോട് ചോദിച്ചാൽ അവർക്കൊന്നും ഇതേക്കുറിച്ച് വ്യക്തമായ വിവരം അറിവില്ല. ഇങ്ങനെയൊരു കേസ് തങ്ങൾ കൊടുത്തിട്ടില്ലെന്നും ടിജോ എന്ന് പറയുന്ന അദ്ധ്യാപകൻ സ്‌കൂളിനും സ്‌കൂളിലെ കുട്ടികൾക്കും പ്രിയപ്പെട്ടവൻ ആണെന്നും അദ്ദേഹം അങ്ങനെയൊന്നും ചെയ്തതായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും ആണ് പ്രിൻസിപ്പൾ പറയുന്നത്. വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന ഒന്നുരണ്ടു ടീച്ചർമാരും മറ്റു ചില കാര്യങ്ങൾക്കായി ക്രിസ്ത്യൻ മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളിനെ കരി വാരിത്തെയ്ക്കാൻ മനപ്പൂർവ്വം കച്ച കെട്ടിയിറങ്ങിയ ഒന്നോ രണ്ടോ രക്ഷാകർത്താക്കളും ആണ് മറ്റു ആളുകളെ വിളിച്ചുകൂട്ടിയത്.

സംഭവം നടന്നു കഴിഞ്ഞതിനു ശേഷം കാര്യങ്ങൾ കൈവിട്ടു പോയ സ്‌കൂൾ അധികൃതർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ടിജോയുടെ കുടുംബത്തെ സഹായിക്കാം, കേസ് തങ്ങൾ നടത്തിക്കോളാം എന്ന് പറഞ്ഞു അയാളുടെ മാതാപിതാക്കളെ സമീപിച്ചു. എന്നാൽ ഇത് അവർ സ്വീകരിച്ചില്ല. തങ്ങൾക്ക് നീതി ലഭിക്കണം എന്നും ഉണ്ടായ അപമാനത്തിനു മുഴുവൻ പരിഹാരം വേണമെന്നും ഉള്ള ആവശ്യവുമായി ടിജോ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഈ വയോധികമാതാപിതാക്കൾ. ഡിസംബർ നാലാം തീയതി റിമാൻഡിൽ കഴിയുന്ന ടിജോയെ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഫയൽ കൊണ്ടുവരാൻ പൊലീസ് മറന്നു പോയി എന്ന് പറഞ്ഞതുകാരണം വാദം കേൾക്കൽ തിങ്കളാഴ്ചത്തെയ്ക്ക് മാറ്റിവെക്കുകയാണ് ഉണ്ടായത്. പിന്നീട് ഡിസംബർ 21നാണ് ടിജോയ്ക്ക് ജാമ്യം ലഭിച്ചത്.

ഇതിനിടെ പുറത്തിറങ്ങിയ ടിജോയെ അപായപ്പെടുത്താൻ യുവതിയുടെ വീട്ടുകാർ ക്വട്ടേഷൻ നൽകിയെന്ന് യുവതി തന്നെ പറയുന്നു. അദ്ധ്യാപകൻ നിരപരാധിയാണെന്ന് കാണിച്ച് വിദ്യാർത്ഥിനികൾ തന്നെ കത്തെഴുതുകയും ഉണ്ടായി. ടിജോ ജോസിന് നീതി കിട്ടാൻ വേണ്ടി ഫേസ്‌ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്.