- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രശസ്ത സാഹിത്യകാരി കൊല്ലം തെൽമ അന്തരിച്ചു
ഹൂസ്റ്റൺ: പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്ന, കൊല്ലം തെൽമ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന, പ്രശസ്ത സാഹിത്യകാരി തെൽമ കിഴക്കേടൻ ഹൂസ്റ്റണിൽ നിര്യാതയായി. സംസ്‌ക്കാരം ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസർ കിഴക്കേടൻ ഏക മകനാണ്.കുറച്ചു നാളുകളായി അർബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്ടൗൺ അസ
ഹൂസ്റ്റൺ: പ്രവാസി മലയാളികൾക്ക് ഏറെ സുപരിചിതയായിരുന്ന, കൊല്ലം തെൽമ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന, പ്രശസ്ത സാഹിത്യകാരി തെൽമ കിഴക്കേടൻ ഹൂസ്റ്റണിൽ നിര്യാതയായി. സംസ്‌ക്കാരം ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസർ കിഴക്കേടൻ ഏക മകനാണ്.
കുറച്ചു നാളുകളായി അർബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്ടൗൺ അസിസ്റ്റഡ് ലിവിങ് സെന്ററിൽ ചികിത്സയിലായിരുന്ന തെൽമ ഡിസംബർ 2 ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്.
മലയാള സാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ള തെൽമ കൊല്ലം സ്വദേശിയാണ്. മേരിലാസർ കാവോ ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയവളാണ് തെൽമ. കൊല്ലം ഫാത്തിമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള തെൽമയുടെ ഹൃദയസ്പർശിയായ നിരവധി നോവലുകളും ചെറുകഥകളും അവാർഡുകൾ നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി കുടുംബപശ്ചാത്തലത്തിൽ എഴുതപ്പെട്ടിരിക്കുന്ന 'ചിലന്തിവല' എന്ന നോവലിൽ; വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയും ഒപ്പം ജിജ്ജാസഭരിതരാക്കുകയുംചെയ്യുന്ന, ലളിതവും ഹൃദ്യവുമായ ശൈലിയാണ് തെൽമ സ്വീകരിച്ചിരിക്കുന്നത്.
ഫാത്തിമ കോളേജ് പഠനകാലത്ത് എൻ.എൻ. പിള്ളയുടെ 'അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിലൂടെ തെൽമ ഒരു നല്ല നടിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. പഠനകാലത്തുതന്നെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തെൽമയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളകൗമുദിയിൽ 'പാലമരച്ചോട്ടിൽ', 'ഇവിടെ വീണ്ടും ഒരു അഹല്യ', മലയാള നാട്ടിൽ 'പുത്രകാമേഷ്ഠി', ചെന്താമരയിലെ 'ചിത്രശലഭം', കുങ്കുമത്തിൽ 'ഒരു ഫീനിക്‌സ് പക്ഷി', 'ദുഃഖമേ നിനക്കു വിട', മലയാള രാജ്യത്തിൽ 'കണ്ണന്റെ മീര' തുടങ്ങിയവ അക്കാലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്.
തെൽമയുടെ കഥകളിൽ പ്രായത്തിൽക്കവിഞ്ഞ പക്വതയും ഭാവനയും നിരീക്ഷണപാടവവും പ്രകടമായിരുന്നത് അന്ന് പ്രത്യേകം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ആകാശവാണിയിലൂടെയും തെൽമ സ്വന്തം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്. തെൽമയുടെ 'വയോധികൻ' എന്ന കഥയെക്കുറിച്ചു ഡോ. ജോർജ്ജ് ഓണക്കൂർ പത്രത്തിൽ എഴുതിയ അവലോകനക്കുറിപ്പിൽ ഈയൊരു കൊച്ചുപെൺകുട്ടിക്കു 'ഒരു വയോവയോധികന്റെ മനസ്സ്' ഉൾക്കൊണ്ടുകൊണ്ടു ഭംഗിയായി അവതരിപ്പിക്കാനായതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. കഥാകാരിയുടെ നിരീക്ഷണപാടവവും സർഗ്ഗാത്മകഭാവനയും വ്യക്തമാക്കുന്നവയായിരുന്നു അത്തരം കഥകൾ. അഖിലകേരള ആംഗലവിദ്യാർത്ഥി സംഘടന (All Kerala English Literature Association) സംഘടിപ്പിച്ച 'ആംഗല ചെറുകഥാമത്സര'ത്തിലും തെൽമ സമ്മാനാർഹയായിട്ടുണ്ട്.
1984 ലാണ് തെൽമ അമേരിക്കയിലേക്ക് കുടിയേറിയത്. അതോടെ സാഹിത്യജീവിതം കൂടുതൽ വിശാലവും തീവ്രവുമായി. വനിത മാസികയിലൂടെ മലയാളികൾ വായിച്ചറിഞ്ഞ 'വെൺമേഘങ്ങൾ' തെൽമയുടെ രചനാകൗശല പക്വതയും ഭാവനാവിശാലതയും പ്രകടിപ്പിച്ചു. ഫിലാഡൽഫിയായിൽ നിന്ന് ആ കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ചിരുന്ന രജനി മാസികയിൽ തെൽമയുടെ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷിക്കാഗോയിൽ നിന്നുള്ള കേരളാ എക്പ്രസ്സിലൂടെ വെളിച്ചം കണ്ട 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന നോവൽ അമേരിക്കൻ മലയാളി മനസ്സുകൾ ആവോളം ആസ്വദിച്ചതാണ്. 1994ൽ ഫൊക്കാന (Federation of Kerala Association of North America) യുടെ നോവൽ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയതും തെൽമയുടെ 'അപസ്വരങ്ങൾ' എന്ന നോവലാണ്.
മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്ക (മാം)പ്രവാസി എഴുത്തുകാർക്കുവേണ്ടി സംഘടിപ്പിച്ച 2013ലെ പ്രഥമ മുട്ടത്തുവർക്കി പ്രവാസി സ്മാരക അവാർഡ് തെൽമയുടെ 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനായിരുന്നു. തെറ്റ് ചെയ്തവർ പശ്ചാത്തപിച്ച് നല്ല മാർഗത്തിൽ ജീവിക്കാൻ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരൽ ചൂണ്ടുന്നു. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന പ്രവണത തുടച്ചുനീക്കുക എന്നതായിരുന്നു തെൽമ തന്റെ നോവലിൽ വരച്ചു കാട്ടിയത്.
പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകൾ: 'സിനിമാ സിനിമാ', 'യാക്കോബിന്റെ കിണർ', 'ഒരു കന്യാസ്ത്രീയുടെ കഥ', 'മഞ്ഞിൽ വിരിയുന്ന മഗ്‌നോളിയ', 'തങ്കശ്ശേരി' എന്നീ നോവലുകളുടെ പണിപ്പുരയിലായിരുന്നു തെൽമ.
2014 ഓഗസ്റ്റ് 15ന് കോട്ടയത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനത്തിൽ തെൽമയെ ഇന്റർനാഷണൽ അവാർഡ് നൽകി ആദരിച്ചിരുന്നു. അവസാനമായി 33 ലക്കങ്ങളായി പ്രസിദ്ധീകരിച്ച 'ഇവൾ വാഴ്‌ത്തപ്പെട്ടവൾ' എന്ന നോവൽ പ്രവാസി മലയാളികളെ ഏറെ ആകർഷിച്ചിരുന്നു.
ന്യൂയോർക്ക് ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ സിവിക് സെന്ററിന്റെ 2014 ലെ സാഹിത്യ പുരസ്‌കാരവും തെൽമയ്ക്ക് ലഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: മാത്യു വൈരമൺ 218 857 7538 FREE