തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് അപകടം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സംഭവ സ്ഥലവും ആശുപത്രിയും സന്ദർശിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നു. വിവിഐപി സന്ദർശനം പൊലീസിനെ എങ്ങനെ ബുദ്ധിമുട്ടിലാക്കിയെന്ന് പറഞ്ഞു കൊണ്ട് ഡിജിപി ടി പി സെൻകുമാർ തുടങ്ങിവച്ച വിവാദം ഇപ്പോൾ ആരോഗ്യവകുപ്പും ഏറ്റുപിടിച്ച് രംഗത്തെത്തി. ഇതോടെ ദേശീയ മാദ്ധ്യമങ്ങളിൽ കൂടുതൽ പ്രാധാന്യവും കൈവന്നു.

ആരോഗ്യ വകുപ്പ് ഡയറ്കടറാണ് ഇപ്പോൾ വിമർശനവുമായി രംഗത്ത് വന്നത്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആയ രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് മോദി കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സന്ദർശനം നടത്തിയത്. ഇത് ചികിത്സ നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. മോദിയുടെ സന്ദർശനം കാരമം പല ഡോക്ടർമാർക്കും പുറത്ത് പോവേണ്ടി വന്നു. മാത്രമല്ല, അടിയന്തര പരിചരണം നൽകിക്കൊണ്ടിരുന്ന നഴ്‌സുമാരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ആർ രമേശ് വ്യക്തമാക്കി.

കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. പ്രധാനമന്ത്രിക്കും രാഹുലിനുമൊപ്പം കൂടുതൽ ആളുകൾ വാർഡുകളിലേക്ക് കയറാൻ ശ്രമിച്ചു. ഇത് തടയേണ്ടിയും വന്നുവെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നൂറോളം പേരാണ് വാർഡുകളിലേക്ക് കയറിയതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഇവരുടെ സന്ദർശനത്തെ അല്ല, മറിച്ച് ഇവർ വന്നപ്പോൾ കൂടെ എത്തുന്ന നൂറോളം പേർ എല്ലായിടത്തും ഇടിച്ചുകയറുന്നത് ചികിത്സയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ആർ രമേശ് വ്യക്തമാക്കി.

90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന സ്ഥലത്താണ് വിവിഐപികൾ വന്ന് സന്ദർശനം നടത്തിയത്. ഡോക്റ്റർമാരെ സംബന്ധിച്ചും, രോഗികളെ സംബന്ധിച്ചും നിർണായക നിമിഷങ്ങളാണ് അതെന്നും, ആ സമയത്താണ് വിവിഐപികളുടെ സന്ദർശനം മൂലം പല ഡോക്റ്റർമാർക്കും പുറത്തിറങ്ങി നിൽക്കേണ്ടി വന്നതെന്നും ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റവരെ എത്തിച്ചുകൊണ്ടിരുന്ന സർജിക്കൽ വാർഡിലെ നഴ്‌സുമാരോട് അരമണിക്കൂറോളം പുറത്തുനിൽക്കാനാണ് പ്രധാനമന്ത്രിയുടെ കൂടെയുള്ള ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. ഇതാകട്ടെ ചികിത്സയെ സാരമായി ബാധിക്കുകയും ചെയ്തു.

ഇന്നലെ ഡിജിപി സെൻകുമാർ പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള സന്ദർശനത്തെ താൻ എതിർത്തിരുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. ദുരന്ത സ്ഥലത്ത് പൊലീസുകാർ രക്ഷാപ്രവർത്തനം നടത്തുന്ന സമയത്ത് അദ്ദേഹം എത്തുന്നതിനാൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കേണ്ടി വരുമെന്നും ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്നും ആയിരുന്നു ഡിജിപി എതിർപ്പ് അറിയിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി അപകട ദിവസം തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരാൻ തീരുമാനിക്കുകയാണ് ഉണ്ടായത്. തുടർന്ന് തങ്ങൾ സുരക്ഷ ഒരുക്കുകയും ചെയ്‌തെന്നാണ് ഡിജിപി സെൻകുമാർ ഇന്നലെ അറിയിച്ചത്.

എന്നാൽ, തുടർന്ന് ഡിജിപിയുടെ വാദത്തെ തള്ളി നരേന്ദ്ര മോദി വന്നത് തങ്ങൾക്ക് ആശ്വാസമായെന്ന പരാമർസവുമായി മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും രംഗത്ത് വന്നിരുന്നു. മോദി എത്തുമ്പോഴേക്കും രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടി ഡിജിപിയെ എതിർത്തുകൊണ്ട് പറഞ്ഞത്. ഡി.ജി.പിയുടെ പരാമർശത്തിൽ അസ്വാഭാവികമായി ഒന്നുമില്ല. പ്രധാനമന്ത്രി അടക്കമുള്ളവർ എത്തിയപ്പോൾ ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണ് ഡി.ജി.പി ചൂണ്ടിക്കാട്ടിയതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ഡിജി.പിയുടെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞത്.