- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവായി ഭജിക്കുന്ന ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മൂടോടെ അടിച്ചു മാറ്റി; മോഷണത്തിന് കയറിയ ഓഫീസിൽനിന്ന് പണം കിട്ടാതെ വന്നപ്പോൾ ഫയലുകൾ തീയിട്ടു; ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ കാശു കൊടുക്കില്ല; കിരീടത്തിലെ ഹൈദ്രോസിനെപ്പോലെ നാടുവിറപ്പിച്ച കൊല്ലൻ വിനോദിന്റെ കഥ
പത്തനംതിട്ട: 'കിരീട'ത്തിലെ കൊച്ചിൻ ഹനീഫ കഥാപാത്രമായ ഹൈദ്രോസിനെപ്പോലെ നാടുവിറപ്പിച്ചു നടന്ന കൊലക്കേസ് പ്രതി ഒടുവിൽ പൊലീസ് വലയിലായി. പതിവായി ഭജിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി അടിച്ചു മാറ്റിയതിനും പാറമടയുടെ ഓഫീസിൽ കയറിയപ്പോൾ പണം ഒട്ടും കിട്ടാതെ വന്നപ്പോൾ രേഖകൾ തീയിട്ടു നശിപ്പിച്ചതിനും പലചരക്കു കട കുത്തിതുറന്ന് മോഷണം നടത്തിയതിനും എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മൈലാടുംപാറയ്ക്കൽ വിനോദി (കൊല്ലൻ വിനോദ്-40) നെയാണ് പെരുമ്പെട്ടി എസ്.ഐ. സി.ടി. സഞ്ജയ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുകയായിരുന്നു വിനോദ്. കൊലക്കേസ് പ്രതിയെന്ന ലേബലിൽ നാട്ടുകാരെ ആവോളം ഭയപ്പെടുത്തിയിരുന്നു ഇയാൾ. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാതെയും മറ്റും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊലക്കേസ് പ്രതി ആയതിനാൽ പരാതി നൽകാൻ നാട്ടുകാർക്ക് ഭയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയ്ക്ക് ക്വട്ടേഷൻ
പത്തനംതിട്ട: 'കിരീട'ത്തിലെ കൊച്ചിൻ ഹനീഫ കഥാപാത്രമായ ഹൈദ്രോസിനെപ്പോലെ നാടുവിറപ്പിച്ചു നടന്ന കൊലക്കേസ് പ്രതി ഒടുവിൽ പൊലീസ് വലയിലായി.
പതിവായി ഭജിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി അടിച്ചു മാറ്റിയതിനും പാറമടയുടെ ഓഫീസിൽ കയറിയപ്പോൾ പണം ഒട്ടും കിട്ടാതെ വന്നപ്പോൾ രേഖകൾ തീയിട്ടു നശിപ്പിച്ചതിനും പലചരക്കു കട കുത്തിതുറന്ന് മോഷണം നടത്തിയതിനും എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ മൈലാടുംപാറയ്ക്കൽ വിനോദി (കൊല്ലൻ വിനോദ്-40) നെയാണ് പെരുമ്പെട്ടി എസ്.ഐ. സി.ടി. സഞ്ജയ് അറസ്റ്റ് ചെയ്തത്.
രണ്ടുപേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തുകയായിരുന്നു വിനോദ്. കൊലക്കേസ് പ്രതിയെന്ന ലേബലിൽ നാട്ടുകാരെ ആവോളം ഭയപ്പെടുത്തിയിരുന്നു ഇയാൾ. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാതെയും മറ്റും നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊലക്കേസ് പ്രതി ആയതിനാൽ പരാതി നൽകാൻ നാട്ടുകാർക്ക് ഭയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയ്ക്ക് ക്വട്ടേഷൻ വർക്കും ഏറ്റെടുത്തു. എന്തു വാങ്ങിയാലും കാശു കൊടുക്കുന്ന പതിവ് വിനോദിനില്ല. പകരം, രണ്ടുപേരെ കൊന്ന തനിക്ക് മൂന്നാമതൊന്നു കൂടി നടത്താൻ മടിയൊന്നുമില്ലെന്ന് ഭീഷണി മുഴക്കും. സാധനം നൽകിയ കടക്കാരന് പിന്നെ പണമല്ല, ജീവനാണ് വലുത്.
കഴിഞ്ഞ 12 ന് പെരുമ്പെട്ടി മേത്താനം ജങ്ഷനിലുള്ള മാത്തുക്കുട്ടിയുടെ പലചരക്കു കടയുടെ ഷട്ടറിന്റെ താഴറുത്ത് അകത്തു കടന്ന് 15000 രൂപയും 80 പായ്ക്കറ്റ് സിഗരറ്റും ബീഡി, ടോർച്ച് എന്നിവയും വിനോദ് മോഷ്ടിച്ചിരുന്നു. ഇവിടെ നിന്ന് മൊത്തം 25600 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച വായ്പൂരിൽ നിന്നും വിനോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ വേറെ ചില മോഷണങ്ങളും നടത്തിയതായി സമ്മതിച്ചു. കഴിഞ്ഞ 12 ന് രാത്രി തന്നെ പാലത്താനത്തുള്ള രാജുവിന്റെ പാറമടയുടെ ഓഫീസ് കുത്തിതുറന്ന് 1200 രൂപ മോഷ്ടിച്ചു. പണം കുറഞ്ഞു പോയതിന്റെ ദേഷ്യത്തിൽ ഓഫീസിലുണ്ടായിരുന്ന ഫയലും മറ്റു രേഖകളും കൂട്ടിയിട്ട് തീ കൊടുക്കുകയും ചെയ്തു.
അതിന് ശേഷം ഇയാൾ പതിവായി ഭജന പാടാൻ പോകാറുള്ള നാഗത്താൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 800 രൂപയും എടുത്തു. മോഷ്ടിച്ചുണ്ടാക്കിയ പണം തീർന്നു പോയതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ചെറുവള്ളി എസ്റ്റേറ്റിലെ അഞ്ചുകിണർ ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷ്ടിച്ചു. ഇത് പിന്നീട് കഷണങ്ങളാക്കി മുറിച്ച് റാന്നിയിലുള്ള ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റു.
2003 ൽ ചെറുവള്ളി എസ്റ്റേറ്റിലുണ്ടായ സംഘട്ടനത്തിലാണ് ഇയാൾ രണ്ടുപേരെ തലയ്ക്കടിച്ച് കൊന്നത്. അതിന് ശേഷം വായ്പൂരിലെത്തി ഊട്ടുകളം എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ് ശിക്ഷാകാലാവധി കഴിഞ്ഞ് സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. ഫെബ്രുവരി ഒന്നിന് എരുമേലി സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും റിമാൻഡിലായി. സെപ്റ്റംബർ ആറിന് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം മോഷണവും പിടിച്ചുപറിയുമായി കഴിയുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കറിന്റെ നിർദേശപ്രകാരം തിരുവല്ല ഡിവൈ.എസ്‌പി ആർ. ചന്ദ്രശേഖരപിള്ള, മല്ലപ്പള്ളി സിഐ കെ. സലിം എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അഡി. എസ്.ഐ. വർഗീസ് ജോർജ്, എഎസ്ഐ ദാനിയൽ, സീനിയർ സി.പി.ഒമാരായ സുഭാഷ്, റോയി ജോൺ, മധു, ജേക്കബ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്.