വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്ക് സമ്മാനം നൽകാൻ വാങ്ങിയ ഐഫോൺ കോളിവുഡ് താരത്തിന് നൽകിയത് മുട്ടൻ പണി. കോളിവുഡ് നടൻ നകുലിനാണ് ഓൺലൈൻ സൈറ്റിലെ ഫോൺ പണി കൊടുത്തത്. 1.25 ലക്ഷം രൂപ മുടക്കിയാണ് ഭാര്യയ്ക്ക് സമ്മാനം നൽകാൻ വ്യാപാര സൈറ്റായ ഫ്‌ളിപ്കാർട്ടിൽ നിന്നും നകുൽ ഐഫോൺ എക്‌സ് ഓർഡർ ചെയ്തത്. എന്നാൽ വീട്ടിലെത്തിയത് ഐഫോണിന്റെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ്.

സംഭവത്തിന് പിന്നാലെ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ കമ്പനി തയ്യാറായില്ലെന്ന് നടൻ പറയുന്നു. ട്വിറ്ററിലൂടെയാണ് താൻ കബളിക്കപ്പെട്ട വിവരം നടൻ പങ്കുവച്ചത്. കഴിഞ്ഞ നവംബർ 29നാണ് നകുൽ ഫോൺ ഓർഡർ ചെയ്തത്. പിറ്റേദിവസം തന്നെ ഫോൺ എത്തി. സ്ഥലത്തില്ലാതിരുന്നതിനാൽ ഡിസംബർ ഒന്നിനാണ് പാഴ്സൽ തുറന്നുനോക്കിയത്. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്.

സോഫ്റ്റ്‌വെയറും ഐ.ഒ.എസ് ആയിരുന്നില്ല. ആൻഡ്രോയിഡ് ആപ്പുകളും ഇടകലർത്തിയുള്ള ഫോണായിരുന്നത്. ഷോപ്പിങ് സൈറ്റുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഏതെങ്കിലും ആപ്പിൾ സ്റ്റോറിൽ പരാതി നൽകുന്നതാകും ഉചിതമെന്നുമായിരുന്നു ആദ്യ മറുപടി.

അവസാനം ഫോൺ തിരികെ വാങ്ങാൻ ആളെത്തുമെന്നും പണം തിരികെ നൽകാമെന്നും സൈറ്റുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ പിറ്റേന്ന് ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളിൽ ആളെത്തുമെന്ന ഇ-മെയിൽ സന്ദേശം ലഭിച്ചു. നകുലിന്റെ ട്വീറ്റിൽ പറയുന്നു. സൈറ്റിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും കൂടുതൽ പരാതികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും നകുൽ പറഞ്ഞു.