കണ്ണുർ: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റിയിൽ വിഭാഗീയ പ്രവർത്തനം നടത്തിയ കോമത്ത് മുരളീധരനും സംഘത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായി. ഇതിന്റെ ഭാഗമായി വിമത വിഭാഗത്തിനെതിരെ അടുത്ത ദിവസം തന്നെ നടപടി സ്വീകരിക്കുമെന്ന വ്യക്തമായ നിലപാടിലാണ് സിപിഎം നേതൃത്വം.

തളിപ്പറമ്പ് ഏരിയ സമ്മേളനം കഴിയും വരെ വിഭാഗീയ വിഷയത്തിൽ നടപടി വേണ്ടന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ അടക്കം ഒൻപത് പേർക്കെതിരെ നടപടിക്ക് ലോക്കൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഏരിയ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ വിമതർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വം നൽകുന്ന സൂചന.

കോമത്ത് മുരളിധരനും സംഘവും എതിർത്ത സിപിഎം നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇതിനു പുറമേതളിപ്പറമ്പിൽ സി പി എമ്മിനുള്ളിൽ ഉണ്ടായ വിഭാഗീയതയിൽ നിലപാട് പ്രഖ്യാപിച്ച് നേതൃത്വം രംഗത്തുവരികയും ചെയ്തു.

പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന ശക്തികൾ ഒറ്റപ്പെടുമെന്നും അവർക്ക് മുന്നിൽ പാർട്ടി മുട്ട് മടക്കില്ലെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ സമ്മേളനത്തിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. തളിപ്പറമ്പ് നോർത്ത് ലോക്കലിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ പാർട്ടി സന്ധി ചെയ്യില്ലെന്നും എം വി ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ല. പാർട്ടിയിൽ അഭിപ്രയ ഭിന്നതകൾ ഉണ്ടായാൽ അത് സംഘടന രീതിയിൽ സംസാരിച്ച് പരിഹരിക്കണമെന്നാണ് ജയരാജൻ പറഞ്ഞത്.

അതിനു പകരം വെല്ലുവിളി ഉയർത്തുന്ന ഏതൊരു ശക്തിയും ഒറ്റപ്പെടുക മാത്രമാണ് ചെയ്യുക. തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിന് ശേഷം പാർട്ടിക്കെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിക്കുകയും ശക്തിപ്രകടനം നടത്തുകയും ചെയ്തത് പാർട്ടിയെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന കാര്യമാണ്. അതിനോട് സന്ധി ചെയ്യാൻ ആവില്ല. പാർട്ടി അവർക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും തളിപ്പറമ്പ് ഏരിയ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എം വി ജയരാജൻ പറഞ്ഞു.

ഇതോടെ പാർട്ടി നടപടി വരുമെന്നുറപ്പായ സാഹചര്യത്തിൽ കോമത്ത് മുരളീധരൻ നേതൃത്വം നൽകുന്ന വിമത വിഭാഗവും രാഷ്ട്രീയ പ്രതിരോധത്തിന് അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ സിപിഐയിലേക്ക് പോകുന്നതിനുള്ള ചർച്ചകൾ ഇവർ നടത്തിയിരുന്നു' ഇതു ശക്തമാക്കുന്നതിനുള്ള നീക്കങ്ങളാണ് വരും ദിനങ്ങളിൽ നടത്തുക.