തളിപ്പറമ്പ്: കീഴാറ്റൂരിലെ മാന്ധംകുണ്ടിൽ സി.പി. എം വിട്ടു സി.പി. ഐയിലേക്ക് ചേർന്ന കോമത്ത് മുരളീധരനെയും അൻപതിലേറെയും പങ്കെടുപ്പിച്ചുകൊണ്ടു സി.പി. ഐ നേതാക്കളുടെ സാന്നിധ്യത്തിൽ അതീവരഹസ്യമായി പ്രത്യേക യോഗം ചേർന്നു. കണ്ണൂരിൽ ഡിസംബറിൽ നടക്കുന്ന എ. ഐ. വൈ. എഫ് സമ്മേളനത്തിനു ഇവർക്ക് അതി വിപുലമായ സ്വീകരണയോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്

സി.പി. എം നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നു അതീവരഹസ്യമായാണ് സി.പി. ഐ പാർട്ടിയിലേക്ക് പുതുതായി വന്നവരെ പങ്കെടുപ്പിച്ചുകൊണ്ടു മാന്ധംകുണ്ടിൽ യോഗം നടത്തിയത്. പ്രകടനമോ പൊതുപരിപാടികളോ നടത്താതെ വെറും യോഗം മാത്രമായാണ് നടത്തിയത്. സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കോമത്ത് മുരളീധരനൊപ്പം പാർട്ടി വിട്ടു വന്ന അൻപതിലേറെപേർ പങ്കെടുത്തു.

കോമത്ത് മുരളീധരന്റെ വീട്ടിലാണ് പുതുതായി സി. പി. ഐയിൽ ചേർന്ന സി.പി. എം വിമതരുടെ യോഗം ചേർന്നത്. കീഴാറ്റൂരിൽ സി.പി. ഐയുടെ സംഘടനാ സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിനങ്ങളിൽ സി.പി. എമ്മിനോട് അതൃപ്തിയുള്ള കൂടുതൽ പേർ സി.പി. ഐയിലേക്ക് വരുമെന്നാണ് വിമത വിഭാഗം പ്രതീക്ഷിക്കുന്നത്. സി.പി. ഐയിലേക്ക് പുതുതായി വന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും സംഘർഷങ്ങളില്ലാത്ത പ്രവർത്തനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും പി.സന്തോഷ് കുമാർ പറഞ്ഞു.

കോമത്ത് മുരളീധരൻ വിഷയത്തെ തുടർന്ന് പാർട്ടി ബ്രാഞ്ചു സെക്രട്ടറി സ്ഥാനം രാജിവെച്ച ഡി. എ ബാബുവും എം.കെ സതീശനും യോഗത്തിൽ പങ്കെടുത്തിരുന്നു. സി.പി. ഐയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തടയാൻ സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ മാന്ധംകുണ്ടിൽ ക്യാംപ് ചെയ്തു പ്രവർത്തിച്ചിരുന്നുവെങ്കിലും ഒഴുക്ക് തടയാൻ കഴിഞ്ഞിട്ടില്ല.

18 പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 58 പേരാണ് മുരളീധരന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട് സി. പി. ഐയിൽ ചേർന്നത്. ഇതു സി.പി. എമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ബ്രാഞ്ച് സെക്രട്ടറിസ്ഥാനം രാജിവെച്ചവർക്കു പകരമാളുകളെ കണ്ടെത്താൻ ഇതുവരെ സി.പി. എമ്മിന് കഴിഞ്ഞിട്ടില്ല. സി.പി. എം ബന്ധമുപേക്ഷിച്ച കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ മാന്ധംകുണ്ട് റസിൻഡൻസ് അസോസിയേഷൻ രൂപീകരിച്ചു പ്രവർത്തനം ശക്തമാക്കിയതും പാർട്ടിക്ക് ക്ഷീണമായിട്ടുണ്ട്.

ഇന്നലെ നടന്ന യോഗത്തിൽ സി.പി. ഐ നേതാക്കളായ വി.വി കണ്ണൻ, നേതാക്കളായ സി.ലക്ഷ്മണൻ, സി.പി സന്തോഷ് എന്നിവരും പങ്കെടുത്തു.നേരത്തെ സി.പി. ഐ നേതാക്കളായ പുല്ലായിക്കൊടി ചന്ദ്രനും ഒ.സുഭാഗ്യവും സി.പി. ഐ വിട്ടു സി.പി. എമ്മിൽ ചേർന്നിരുന്നു. ഇവരെ വൻപരിപാടികളോടെയാണ് സി.പി. എം സ്വീകരിച്ചത്.

അതുകൊണ്ടു തന്നെ ഇപ്പോൾ പാർട്ടി ഗ്രാമത്തിൽ സി.പി. ഐയിലേക്ക് ഒഴുക്ക് തുടരുമ്പോൾ ഘടകകക്ഷി പാർട്ടിയോട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലാണ് മുന്നണിയിലെ വല്യേട്ടനായ സി.പി. എം