- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോമത്ത് മുരളീധരനും അനുകൂലികളും സി.പി. ഐയിലേക്ക്; പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ അണികളുടെ ഒഴുക്ക് തടയാൻ സിപിഎം നേതൃത്വം; തളിപ്പറമ്പിൽ അടിയൊഴുക്കുണ്ടാകുമോ?
കണ്ണൂർ: തളിപ്പറമ്പിൽ സി.പി. എം പുറത്താക്കിയ മുൻ നഗരസഭാ പ്രതിപക്ഷ നേതാവും ഏരിയാകമ്മിറ്റിയംഗവുമായ കോമത്ത് മുരളീധരൻ സി.പി. ഐയിലേക്ക്. മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സി.പി. ഐയിൽ ചേരുന്നതായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.
ഭാവിതീരുമാനം ഇന്നു പ്രഖ്യാപിക്കുമെന്നു മുരളീധരൻ പ്രതികരിച്ചതിനെ തുടർന്ന് പാർട്ടി ഗ്രാമമായ കീഴാറ്റൂർ മാന്ധംകുണ്ടിൽ നിന്നും അടിയൊഴുക്കുണ്ടാകാതിരിക്കാൻ സി.പി. എം ജാഗ്രതിയിലാണ്. ആരും പാർട്ടി വിടരുതെന്നാവശ്യപ്പെട്ട് മാന്ധം കുണ്ടു മേഖലയിൽ സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, കെ.വി സുമേഷ് എംഎൽഎ, ടി.ക ഗോവിന്ദൻ, പി. മുകുന്ദൻ എന്നിവർ ഗൃഹസന്ദർശനം നടത്തി.
കഴിഞ്ഞ ഒക്ടോബർ 17ന് തളിപ്പറമ്പ് നോർത്ത് സമ്മേളനത്തിൽ നിന്നും ഇറങ്ങിവന്നപ്പോൾ തന്നെ താൻ സി.പി. എമ്മുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നും പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ താൽപര്യമില്ലെന്നു അന്വേഷണ കമ്മിഷനോടും അറിയിച്ചതാണെന്നും കോമത്ത് മുരളീധരൻ പറഞ്ഞു. ഇപ്പോൾ സി.പി. എം സംഘടനാതലത്തിലുള്ള നടപടികൾ സ്വീകരിക്കുകമാത്രമാണ് ചെയ്തത്. ഇതിൽ പുതുമയില്ലെന്നും ഭാവിപരിപാടികൾ ഇന്നു പ്രഖ്യാപിക്കുമെന്നും മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്.
തളിപ്പറമ്പിൽ സി.പി. എമ്മിൽ ഏറെക്കാലമായി പുകഞ്ഞു നിൽക്കുന്ന വിഭാഗീയത പ്രവർത്തനങ്ങളുടെ പരിണിതഫലമായാണ് മുരളീധരന്റെ പുറത്താകാൽ. ഗുരുതര അച്ചടക്കലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിനാണ് പുറത്താക്കലെന്നാണ് സി.പി. എം ജില്ലാകമ്മിറ്റിയുടെ വിശദീകരണം. കഴിഞ്ഞ ഒക്ടോബർ 17ന് കീഴാറ്റൂരിൽ നടന്ന സി.പി. എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിനിടെ മുരളീധരൻ ഇറങ്ങിപ്പോയതോടെയാണ് വിഭാഗീയപ്രശ്നങ്ങൾ അതിരൂക്ഷമായത്. നോർത്ത് ലോക്കൽ കമ്മിറ്റിയംഗങ്ങളെ തീരുമാനിച്ചപ്പോൾ രണ്ടുപേരെ ഒഴിവാക്കിയിരുന്നു. ഇതിനെ മുരളീധരൻ എതിർത്തെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു. പിന്നീട് മുരളീധരനെ അനുകൂലിച്ചു കീഴാറ്റൂർ, മാന്ധം കുണ്ട് ബ്രാഞ്ചുകളിലെ രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നൽകി.
പാർട്ടി ഗ്രാമങ്ങളിലൊന്നായ മാന്ധം കുണ്ടിൽ സി.പി. എം ഓഫിസിൽ ഉൾപ്പെടെ നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെ പോസ്റ്റർ, കരിങ്കൊടി പ്രചാരണവും നിശാഭേരിയും നടന്നിരുന്നു. ഈ പ്രദേശങ്ങളിലെ വീട്ടുകാരെ ഉൾപ്പെടുത്തി ഇവരുടെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷൻ രൂപീകരിക്കുകയും പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു മുരളീധരനും മകനും ഉൾപ്പെടെ ആറുപേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ജില്ലാ നേതൃത്വം പിന്നീട് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപതിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് കോമത്ത് മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുമെതിരെ പാർട്ടി കർശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ തളിപ്പറമ്പ് ഏരിയാസമ്മേളനത്തിൽ ആവശ്യമുയർന്നിരുന്നു.
ഇതേ തുടർന്നാണ് ജില്ലാസമ്മേളനത്തിന് മുൻപായി സി.പി. എംജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ മുൻപ്രതിപക്ഷ നേതാവും സി.പി. എം ഏരിയാകമ്മിറ്റിയംഗവുമായിരുന്ന കോമത്ത് മുരളീധരൻ തളിപ്പറമ്പ് മേഖലയിലെ സി.പി. എമ്മിന്റെ ജനകീയ മുഖങ്ങളിലൊന്നാണ്. ഏറെ ജനസ്വാധീനമുള്ള മുരളീധരനെ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്ത് സി.പി. എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിരുന്നു. തുടർന്ന് സജീവരാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചതായി അറിയിച്ച മുരളീധരനെ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ടാണ് പാർട്ടിയലേക്ക് പേരിനെങ്കിലും തിരിച്ചെത്തിച്ചത്. എന്നാൽ സി.പി. ഐയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവായ പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കുകയും മുരളീധരനെയും അദ്ദേഹത്തെഅനുകൂലിക്കുന്നവരെയും ഒഴിവാക്കുകയും ചെയ്തതോടെ പ്രതിഷേധം കത്തുകയായിരുന്നു.
ഇതേ തുടർന്നാണ് പുല്ലായിക്കൊടി ചന്ദ്രനെതിരെ പാർട്ടി ഓഫിസുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ക്ലബുകളിലും നോട്ടിസ്,ബാനർ പ്രചാരണവും രാത്രിയിൽ പ്രതിഷേധപ്രകടനവും നടന്നത്. ഇതോടെയാണ് വിഭാഗീയ പ്രവർത്തനങ്ങളിൽ പ്രത്യക്ഷത്തിൽ പങ്കെടുത്ത ഏഴുപേർക്കെതിരെ സി.പി. എം കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സി.പി. ഐ പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെ സി.പി. എമ്മിലെ നേതൃപദവി നൽകിയതിനെതിരെയാണ് കോമത്ത് മുരളീധരനെതിരെയുള്ള ഒരുവിഭാഗമാളുകൾ പ്രതിഷേധമുയർത്തിയത്. കീഴാറ്റൂർ, മാന്ധം കുണ്ട് മേഖലയിൽ ശക്തമായ സ്വാധീനമുള്ള മുരളീധരൻ സി.പി. ഐയിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകിയ ചിലരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.
തളിപ്പറമ്പ് മണ്ഡലത്തിൽ സി.പി. എം കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദന് വോട്ട് ഗണ്യമായി കുറഞ്ഞത് മേഖലയിലെ വിഭാഗീയ പ്രവർത്തനം കാരണമാണെന്നു സി.പി. എം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. ഇതോടെയാണ് കീഴാറ്റൂർ, മാന്ധം കുണ്ടുമേഖലയിൽ വിമത പ്രവർത്തനം നടത്തിയവർക്കെതിരെ പാർട്ടി നിലപാട് ശക്തമാക്കിയത്.തളിപ്പറമ്പ് നഗരസഭയിലും കീഴാറ്റൂരിലും ജനസ്വാധീനമുള്ള കോമത്ത് മുരളീധരൻ പാർട്ടിയിലേക്ക് വരുന്നത് സി.പി. ഐയെ സംബന്ധിച്ചിടുത്തോളം നേട്ടമാണ്. സി.പി. ഐ പാർട്ടിയിൽ നിന്നും പുറത്താക്കിയ പുല്ലായിക്കൊടി ചന്ദ്രനെ സി.പി. എംസ്വീകരിച്ചതിനെ തുടർന്ന് മേഖലയിൽ ഇരുപാർട്ടികളും അത്രസുഖത്തിലല്ല മുൻപോട്ടുപോകുന്നത്.
ദേശീയപാത ബൈപ്പാസിനെതിരെ കീഴാറ്റൂരിലെ കർഷകർ നടത്തിയ സമരത്തിലും സി.പി. ഐ വിഭിന്നമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. നേരത്തെ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ സി.പി. ഐയിൽ ചേരുന്നതിന് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്