കോതമംഗലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തേത്തുടർന്നുള്ള അടിപിടിക്കിടെ സ്റ്റുഡിയോ നടത്തിപ്പുകാരൻ സിനിമ പ്രവർത്തകനെ കഴുത്തറുത്തുകൊലപ്പെടുത്തി. കൊമ്പനാട് ജയൻ എന്നറിയപ്പെടുന്ന കൊമ്പനാട് പടിക്കക്കുടി ജയൻ (48)ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നിരവധി ഹൃസ്വചിത്രങ്ങളുടെ സംവിധായകനാണ് ജയൻ കൊമ്പനാട്.

കോതമംഗലം നഗരമധ്യത്തിലെ സ്വകാര്യ വ്യക്തിയുടെ മൂന്നു നില കെട്ടിടത്തിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന നേര്യമംഗലം പുതുക്കുന്നേൽ ജോബി ബേബി (28) കോതമംഗലം പൊലീസിൽ കീഴടങ്ങി.സിൽവർ സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തി വരികയായിരുന്നു ജോബി. പണമിടപടാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. എന്നാൽ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് സംഘം.

സുഹൃത്തുക്കൾക്കൊപ്പം ഇരുവരും ഇന്നലെ താമസസ്ഥലത്ത് വച്ച് മദ്യപിച്ചിരുന്നു. സുഹൃത്തുക്കൾ പിരിഞ്ഞ ശേഷം മദ്യലഹരിയിലായിരുന്ന തങ്ങൾ ഒന്നും രണ്ടും പറഞ്ഞ് തെറ്റിയെന്നും ജയൻ ആക്രമിച്ചപ്പോൾ വെട്ടി വീഴ്‌ത്തിയ ശേഷം ഇയാളുടെ പുറത്ത് കയറി ഇരുന്ന് വാക്കത്തികൊണ്ട് കഴുത്തറുത്തെന്നുമാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ ജോബി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഫ്‌ലാറ്റിലെ അടുക്കള ഭാഗത്താണ് മൃതദ്ദേഹം കാണപ്പെട്ടതെന്നാണ് ലഭ്യമായ വിവരം.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് ഫ്‌ലാറ്റ് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ഫോറൻസിക് വിദഗ്ദ്ധർ- എത്തിയ ശേഷമേ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയുള്ളു എന്ന നിലപാടിലാണ് പൊലീസ്. പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്കായിട്ടാണ് ജയൻ ഫ്‌ലാറ്റിൽ തങ്ങിയിരുന്നതെന്നാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. ഭാര്യയും രണ്ട് മക്കളുമുണ്ട്.

മദ്യപിച്ച് ലക്ക് കെട്ടാൽ ജോബി അക്രമകാരിയായി മാറാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മദ്യപിച്ച് ഭാര്യയെ കയ്യേറ്റം ചെയ്തതിന് നേരത്തെ ഊന്നുകൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും ഭാര്യമാരുമായി പിണങ്ങിക്കഴിയുകയായിരുന്നു പ്രതി. ജോബി കോതമംഗലത്തെ സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു. ജയന്റെ വാടക മുറിയിൽ ഇടയ്ക്ക് താമസിക്കുവാൻ ജോബി എത്താറുണ്ടായിരുന്നു. ഇന്നലെയും ജോബി ജയന്റെ മുറിയിലെത്തുകയും രാത്രി 12 മണി വരെ മദ്യപിക്കുകയും ചെയ്തു. തുടർന്നാണ് കൊലയിലേക്ക് കാര്യങ്ങളെത്തിയത്.

കൊലയ്ക്ക് ശേഷം അതേ മുറിയിൽ ജോബി ഉറങ്ങി. നേരം പുലർന്നപ്പോൾ സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പൊലീസിൽ കീഴടങ്ങാൻ അവർ നൽകിയ നിർദ്ദേശമനുസരിച്ച് രാവിലെ കുളിച്ചതിന് ശേഷം കോതമംഗലം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ് പി ബിജുമോൻ, കോതമംഗലം സി.ഐ വി സി ഷാജൻ, എസ്.ഐ ലൈജുമോ, എഎസ്ഐ ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് തയ്യാറാക്കിയത്. ശേഷം മൃതദേഹം ഗവ. ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകും.