- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേംബ്രിജ് മലയാളിയുടെ അമ്മ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; ഇരിങ്ങാലക്കുടയെ നടുക്കിയ കൊലപാതകത്തിന് വിരലടയാളം അടക്കം ഒരു തെളിവും കണ്ടെത്താൻ പൊലീസിനായില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കൊമ്പാറയിലെ കൊലപാതകി ഇരുട്ടിൽ തന്നെ
ലണ്ടൻ: മകനോടൊപ്പം ഇംഗ്ലണ്ടിൽ വന്നു താമസിക്കാം എന്ന് വാക്ക് നൽകിയ 'അമ്മ കൊലപാതകിയുടെ ക്രൂരതക്ക് ഇരയായിട്ടു ഒരു വർഷം പിന്നിടുന്നു . അന്വേഷണത്തിനു മികച്ച പൊലീസ് ഓഫീസർമാരെ ഉൾപ്പെടുത്തി 40 അംഗ ടീം അഞ്ചു ജില്ലകളിൽ നടത്തിയ അന്വേഷണം വെറുതെയായി . പ്രതി ആരെന്നതിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു . കൊലക്കത്തി പൊതിഞ്ഞു കൊണ്ട് വന്നു എന്ന് കരുതപ്പെടുന്ന നിർണായക തെളിവായ പത്രക്കടലാസിൽ പോലും ഒരു വിരലടയാളം കണ്ടെത്താനാകാത്ത അപൂർവ്വ കേസ് .
നാട്ടിലെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിട്ടും അസാധാരണമായ ഒന്നും കണ്ടെത്താനാകുന്നില്ല . സംഭവ ദിവസം കൊലപാതകം നടന്നു എന്ന് കരുതുന്ന വീട്ടിൽ എത്തിയ കർട്ടൻ വില്പനക്കാരന്റെ രേഖാചിത്രം അയൽവാസിയായ സ്ത്രീയുടെ സഹായത്തോടെ തയാറാക്കിയിട്ടും ആളെ കണ്ടെത്താനാകുന്നില്ല . സമാനമായ കേസുകളിൽ പൊലീസ് ഉപയോഗിച്ച തന്ത്രങ്ങൾ ഒന്നും ഇരിഞ്ഞാലക്കുട കോമ്പാറ ആലീസ് വധക്കേസിൽ ഫലപ്രദമാകുന്നില്ല . കുടുംബം നൽകിയ പരാതികൾ ഡി ജി പിയുടെയും മുഖ്യമന്ത്രിയുടെയും മേശപ്പുറത്തു സുഖമായ ഉറക്കത്തിൽ .
കേരളത്തിൽ ഒറ്റയ്ക്ക് കഴിയുന്ന ഒരാളുടെയും ജീവൻ സുരക്ഷിതം അല്ലെന്നു ഓർമ്മിപ്പിച്ചു ഇരിഞ്ഞാലക്കുട കോമ്പാറ ആലീസ് വധക്കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. ഇതാണ് ഒരാണ്ട് പിന്നിടുമ്പോൾ കേംബ്രിജ് കിങ്സ്ലി നിവാസിയായ അന്തോണിസിന്റെ അമ്മയുടെ കൊലപാതകിയെ കണ്ടെത്താനാകാതെ വരുമ്പോൾ അത് ലോകമെങ്ങും ഉള്ള പ്രവാസി മലയാളി സമൂഹത്തിന്റെ കൂടി വേദനയും ആശങ്കയും ആയി മാറുന്നതിന് കാരണവും. കാരണം മിക്ക പ്രവാസി മലയാളികളുടെയും പ്രിയപ്പെട്ടവർ നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു എന്ന സാഹചര്യമാണ് ഇതിന് കാരണം.
കഴിഞ്ഞ വർഷം ഇരിങ്ങാലക്കുടയിലെ കോമ്പാറയിൽ നടന്ന കൊലപാതകത്തിൽ ജീവൻ നഷ്ടമായത് കേംബ്രിജ് കിങ്സ്ലിയിലെ അന്തോനീസിന്റെ അമ്മയ്ക്കാണ് . രണ്ടു വര്ഷം മുൻപ് ഭർത്താവിന്റെ മരണ ശേഷം കഴിവതും മക്കൾക്കൊരു ഭാരമാകരുതു എന്ന ചിന്തയിൽ ആരോഗ്യം ഉള്ളിടത്തോളം കാലം ചെറിയ രീതിയിൽ ബിസിനസ് ചെയ്തു ഒറ്റയ്ക്ക് കഴിയാം എന്നതായിരുന്നു കൊല്ലപ്പെട്ട ആലീസിന്റെ ചിന്ത . ഇതിനായി ലവ് ബേഡ്സ് വിഭാഗത്തിൽ പെട്ട അലങ്കാര പക്ഷികളെ വളർത്തി വിറ്റു ജീവിക്കാനുള്ള പണവും ആ വീട്ടമ്മ സ്വന്തമാക്കിയിരുന്നു . എങ്കിലും മരിക്കുന്നതിന് കുറേനാൾ മുന്നേ വീട്ടിലെത്തിയ മകൻ അന്തോണീസ് കുറേക്കാലം യുകെയിൽ വന്നു നില്ക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചതാണ് .
എന്നാൽ മകൻ യുകെയിൽ സ്വന്തം കാലിൽ നിൽക്കട്ടെ എന്നിട്ടാകാം അവനൊപ്പം കഴിയുന്നത് എന്ന ചിന്തയിലാണ് അടുത്ത വരവിൽ കൂടെ പോരാം എന്ന് ആ 'അമ്മ മകനോട് പറഞ്ഞത് . എന്നാൽ വിധി ഇരുവർക്കും മറ്റൊരു കൂടിക്കാഴ്ച അനുവദിച്ചില്ല . തുടക്കത്തിൽ വളരെ ആത്മവിശ്വാസത്തോടെയാണ് പൊലീസ് കേസ് നേരിട്ടത് . പ്രതിയെ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ കഴിയും എന്നായിരുന്നു പ്രതീക്ഷ . ഇതിനായി 40 അംഗ പൊലീസ് ടീം അഞ്ചു വിഭാഗമായി തിരിഞ്ഞു അന്വേഷണം നടത്തി . തൃശൂർ വിട്ടു മറ്റു ജില്ലകളിലും അന്വേഷണം നടന്നു . സമീപത്തെ മുഴുവൻ സിസിടിവികളിലും നിരീക്ഷണം നടത്തി .
പ്രദേശത്തു വന്നുപോയവരെ കുറിച്ച് മുഴുവൻ വിവരങ്ങളെടുത്തു . മൊബൈൽ ടവർ കേന്ദ്രീകരിച്ചു അനേകം ഫോണുകൾ പരിശോധിക്കുകയും നിരീക്ഷണ വിധേയമാക്കുകയും ചെയ്തു . പക്ഷേ പ്രതി മാത്രം കാണാമറയത്തു തന്നെ തുടർന്നു. ഈ ഘട്ടത്തിലാണ് കുടുംബം ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു ഡിജിപി യെയും മുഖ്യമന്ത്രിയെയും സമീപിക്കുന്നത് . എന്നാൽ ഇക്കാര്യത്തിൽ മാസങ്ങൾ ആയിട്ടും വ്യക്തമായ മറുപടി കുടുംബത്തിന് ലഭിച്ചിട്ടുമില്ല . ഇതിൽ പ്രതിഷേധിച്ച് ഇന്നലെ ഇരിങ്ങാലക്കുട മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ ടൗണിൽ ആൽത്തറ ജംഗഷനിൽ ധർണ്ണ നടത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത് .
ഇഴയുന്ന അന്വേഷണത്തെ കുറിച്ച് ഇടയ്ക്കിടെ മാധ്യമ റിപോർട്ടുകൾ വന്നപ്പോഴെക്കെ പൊലീസ് മേധാവികൾ ഉടൻ പ്രതിയെ കണ്ടെത്തും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത് . എന്നാൽ പ്രതിയുടെ നിഴൽ സൂചന പോലും അന്വേഷണത്തിൽ തെളിയുന്നില്ല എന്ന് പൊലീസിന് വേഗത്തിൽ വ്യക്തമായി . ഇതോടെ ആത്മവിശ്വാസം നഷ്ടമായ നിലയിലാണ് പിന്നീട് പൊലീസിന്റെ പ്രതികരണം ഉണ്ടായതു . വീടിനുളിൽ കഴുത്തറത്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സാധാരണക്കാരന് ആയിരിക്കില്ല എന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു . മോഷണം മാത്രമാണോ പ്രതിയുടെ ലക്ഷണം എന്നും പൊലീസിന് ഉറപ്പിച്ചു പറയാനാകുന്നില്ല .
കാരണം ആലീസിന്റെ കൈയിൽ കിടന്ന എട്ടു വള നഷ്ടമായെങ്കിലും മറ്റു ആഭരണങ്ങൾ വീട്ടിൽ നിന്നും തന്നെ കണ്ടെടുക്കാൻ പൊലീസിന് ബന്ധുക്കളുടെ സഹായത്തോടെ സാധിച്ചിരുന്നു . രണ്ടായിരം പേരെ ചോദ്യം ചെയ്തും പത്തു ലക്ഷം മൊബൈൽ കോളുകൾ പരിശോധിക്കുകയും ചെയ്ത പൊലീസ് ഒരു ഊഹം പോലും ഇല്ലാതെ നിൽക്കേണ്ടി വന്ന അപൂർവ കേസായി മാറുകയാണ് ഇരിങ്ങാലക്കുട കോമ്പാറ കൂനൻ പൗലോസിന്റെ ഭാര്യ ആലീസിന്റെ വധം .
കാതിലെ കമ്മലും കഴുത്തിലെ ആറുപവൻ തൂക്കമുള്ള കരിമണി മാലയും മാത്രമല്ല അലമാരയിൽ സൂക്ഷിച്ചരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നില്ല . ഇതാണ് ആക്രമണം മോഷണത്തിന് വേണ്ടി മാത്രം ആയിരുന്നിരിക്കില്ല എന്ന് പൊലീസ് സംശയിക്കാൻ കാരണം . സംഭവം നടന്നു ഏറെക്കഴിഞ്ഞാണ് വിവരം പുറത്തറിയുന്നത് . ഉച്ചക്ക് നടന്ന കൊലപാതകത്തിന് ശേഷം വൈകിട്ട് കൂട്ട് കിടക്കാൻ എത്തുന്ന അയൽവീട്ടിലെ സ്ത്രീ എത്തുമ്പോഴാണ് കൊല നടന്ന വിവരം അറിയുന്നത് .
മോഷണമായിരുന്നു പ്രതിയുടെ ലക്ഷണം എങ്കിൽ വീട്ടിൽ മറ്റാരും ഇല്ലാതിരിക്കെ ആവശ്യത്തിന് സമയമെടുത്ത് തിരച്ചിൽ നടത്തി മറ്റു ആഭരണവും പണവും കൈക്കലാക്കാൻ പ്രതി നിശ്ചയമായും ശ്രമിക്കുമായിരുന്നു . എന്നാൽ ഇങ്ങനെ ഉണ്ടായില്ല എന്നത് പൊലീസിനെ വട്ടം കറക്കുകയാണ് . പ്രദേശത്തർക്കും കുടുംബവുമായി വെക്തി വിരോധം ഇല്ലായിരുന്നു എന്നതും അന്വേഷണത്തെ എവിടെയെങ്കിലും ഫോക്കസ് ചെയ്തു നിർത്താൻ പൊലീസിന് തടസമായി .
പ്രതി കൊണ്ടുവന്ന കത്തി പൊതിഞ്ഞതെന്നു കരുതിയ പത്രക്കടലാസിൽ നിന്നും തുമ്പു കണ്ടെത്താം എന്ന പ്രതീക്ഷയും അസ്ഥാനത്തായി . ഏതു പ്രൊഫഷണൽ കൊലയാളിയെയും തോൽപ്പിക്കും വിധം കൈവിരൽ അടയാളം ഒന്നും അവശേഷിപ്പിക്കാതെയാണ് പ്രതി ആ കടലാസ്സ് സംഭവ സ്ഥലത്തു ഉപേക്ഷിച്ചിരുന്നത് . കൊല നടന്ന വീട്ടിൽ മറ്റാരും താമസത്തിനു ഇല്ലാതിരുന്നതിനാൽ ആറുമാസം ഇവിടെ ക്യാംപ് ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത് . ഇക്കാലത്തു പൊലീസ് ഉപയോഗിച്ച വീട്ടിലെ വൈദ്യുതി ബില്ലടക്കം ചെലവ് നിർവഹിച്ചതും കുടുംബമാണ്, എന്നിട്ടും വെറും കയ്യോടെ നിൽക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് പൊലീസ് .
ഇടയ്ക്കു ഇതര സംസ്ഥാന തൊഴിലാളിയെ സംശയിച്ചെങ്കിലും ലോക് ഡൗൺ മൂലം നാട്ടിലെത്തിക്കാനായില്ല എന്ന ലാഘവ ബുദ്ധിയോടെയുള്ള മറുപടിയാണ് പൊലീസ് നൽകുന്നത് . ഇതൊരുതരം രക്ഷപെടൽ തന്ത്രമാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത് .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.