പത്തനംതിട്ട: എംപിയായി ആറ്റിങ്ങലിലേക്ക് പോയിട്ടും കോന്നിയിലെ എംഎൽഎയെ പോലെ പ്രവർത്തിക്കുന്ന അടൂർ പ്രകാശിനെതിരേ ജില്ലാ കോൺഗ്രസിൽ പ്രതിഷേധം ഉയരുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ആയിരിക്കുമെന്ന് ചാനൽ മൈക്കുകൾക്ക് മുന്നിൽ പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം കൊഴുക്കുകയാണ്.

അടൂർ പ്രകാശിനെതിരേ കോന്നിയിൽ നിന്നുള്ള ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറവും എംഎസ് പ്രകാശും പരസ്യമായി രംഗത്തു വന്നു. അടൂർ പ്രകാശിന്റെ സ്വേഛാധിപത്യ പ്രവണതയ്ക്ക് എതിരേ കോന്നി നിയോജക മണ്ഡലം കമ്മറ്റിയിലും എതിർപ്പുകൾ രൂക്ഷമാണ്. 13 മണ്ഡലം കമ്മറ്റികളിൽ എട്ടിലും അടൂർ പ്രകാശിന്റെ പ്രഖ്യാപനത്തിനെതിരേ രോഷം ആളിക്കത്തുകയാണെന്ന് പറയുന്നു.
എഐസിസി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, താരിഖ് അൻവർ എന്നിവർക്ക് അടൂർ പ്രകാശിനെതിരേ നൽകിയ പരാതിയിൽ ഒരു നടപടിയും ഇല്ലാതെ വന്നതോടെയാണ് പരസ്യ പ്രതികരണവുമായി ഡിസിസി ജനറൽ സെക്രട്ടറിമാർ രംഗത്തു വന്നിരിക്കുന്നത്.

സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും നടത്തേണ്ടത് എഐസിസിയും ഹൈക്കമാൻഡുമാണ്. കോന്നിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ആറ്റിങ്ങൽ എംപിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിർദ്ദേശിക്കാം. കോന്നിയിൽ സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കാൻ അവകാശമുള്ളത് ഈ ജില്ലയുടെ എംപിയായ ആന്റോ ആന്റണിക്കാണ്. അദ്ദേഹം വേണമെങ്കിൽ അതു ചെയ്തോട്ടെ എന്ന് സാമുവൽ കിഴക്കുപുറം പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് റോബിൻ പീറ്ററിനെ കോന്നിയിലെ സ്ഥാനാർത്ഥിയായി അടൂർ പ്രകാശ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഒരു ഘടകത്തിലും തലത്തിലും യോഗത്തിലും ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. ഹൈക്കമാൻഡ് നിർദ്ദേശിച്ച പ്രകാരം വിവിധ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾക്കുള്ള സർവേ നടന്നു വരുന്നതേയുള്ളൂ. അത് പൂർത്തിയായി കഴിഞ്ഞ് സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കും. അത് റോബിൻ പീറ്ററോ മറ്റാരെങ്കിലുമോ ആകട്ടെ. അടൂർ പ്രകാശല്ല അത് പ്രഖ്യാപിക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രഖ്യാപനം അംഗീകരിക്കേണ്ട തങ്ങൾക്ക് ഇല്ലെന്നും സാമുവൽ കിഴക്കുപുറം പറഞ്ഞു.

റോബിൻ പീറ്റർ പാർട്ടിയിൽ ജൂനിയറാണ്. അദ്ദേഹത്തേക്കാൾ മുതിർന്ന നിരവധി നേതാക്കൾ ഇവിടെയുണ്ട്. അവരുടെയൊക്കെ പേരും കോന്നിയിലേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ സമുദായത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പി. മോഹൻരാജിനെ തോൽപ്പിക്കാൻ പരിശ്രമിച്ചവരാണ് അടൂർ പ്രകാശും റോബിൻ പീറ്ററും. പരസ്യമായി അവർ പത്രസമ്മേളനം വിളിച്ച് മോഹൻരാജിനെ അംഗീകരിക്കില്ലെന്ന് പറഞ്ഞു.

സ്ഥാനാർത്ഥി സ്വീകരണ വേദിയിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് നീട്ടിയ ഹാരം പ്രകാശ് തട്ടിത്തെറിപ്പിച്ചു. തെരഞ്ഞെടുപ്പിൽ കാലുവാരി മോഹൻരാജിനെ തോൽപ്പിച്ചു. എന്നിട്ട് സ്വന്തം അനുചരനെ ഇപ്പോൾ ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമം നടക്കില്ല. ഇതു സംബന്ധിച്ച് അന്ന് എഐസിസി തലം വരെ പരാതി നൽകിയിരുന്നു. യാതൊരു നടപടിയും എടുത്തില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിൽ നിന്ന് മത്സരിച്ച തന്റെ പരാജയത്തിന് കാരണക്കാരനായതും അടൂർ പ്രകാശ് ആണെന്ന് സാമുവൽ ആരോപിച്ചു.