കോന്നി: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിനെ മത്സരിപ്പിക്കാൻ വേണ്ടി കിണഞ്ഞു പരിശ്രമിച്ച ആളായിരുന്നു ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. എന്നാൽ, ഡിസിസി, കെപിസിസി നേതൃത്വങ്ങൾ ഇടപെട്ട് പി മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയതോടെ അടൂർ പ്രകാശും റോബിനും അണ്ടർ ഗ്രൗണ്ട് പണി തുടങ്ങി. കോൺഗ്രസിന്റെ കുത്തക മണ്ഡലമായ കോന്നി അങ്ങനെ സിപിഎമ്മിന്റെ കൈകളിൽ ചെന്നപ്പോൾ വിഷമിച്ചത് സാധാരണ പ്രവർത്തകരായിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ റോബിൻ പീറ്ററിന് സീറ്റ് സംഘടിപ്പിച്ച് അടൂർ പ്രകാശ് കോന്നിയിൽ തല ഉയർത്തി നിൽക്കുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ അനിശ്ചിതത്വം പുകയുകയാണ്. സീറ്റ് കിട്ടാതെ വന്നപ്പോൾ പൊട്ടിക്കരഞ്ഞ് രാജി പ്രഖ്യാപിച്ച കെപിസിസി അംഗം പി മോഹൻരാജിന്റെ കണ്ണീർ കൂടിയായതോടെ കോൺഗ്രസിൽ നിന്ന് സാധാരണ പ്രവർത്തകരും നേതാക്കളും സിപിഎമ്മിലേക്ക് ഒഴുകുകയാണ്. അവർ പറയുന്ന ഏക കാരണം റോബിൻ പീറ്ററിന് സീറ്റ് കൊടുത്തുവെന്നതാണ്. കോന്നിയിൽ അടൂർ പ്രകാശ് വിചാരിക്കുന്ന തരത്തിലല്ല കാര്യങ്ങൾ. മോഹൻരാജിനെ കാലുവാരിയതിന്റെ തിരിച്ചടി കോൺഗ്രസിനുണ്ടായേക്കുമെന്നാണ് ഇപ്പോൾ സിപിഎമ്മിലേക്കുള്ള ഒഴുക്കിൽ നിന്ന് വ്യക്തമാകുന്നത്.

'ഇനി ഇങ്ങോട്ട് ആരും വരേണ്ട ഇവിടെ സ്ഥലമില്ല' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുയോഗങ്ങളിലെ വാക്കുകൾ അന്വർഥമാക്കുകയാണ് കോന്നിയിലെ കോൺഗ്രസുകാർ. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ ജില്ലയിൽ കോൺഗ്രസ്, ബിജെപി ബന്ധം ഉപേക്ഷിച്ച് നൂറ് കണക്കിന് പ്രവർത്തകരാണ് സിപിഎമ്മിൽ ചേർന്നത്. അതിലേറെയും കോന്നിയിലായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച ഒഴുക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും തുടരുന്നുവെന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോന്നിയൂർ പികെയാണ് രാജിവച്ച് ആദ്യം ഇടതു പക്ഷത്തോടൊപ്പം ചേർന്നത്.

തുടർന്ന് മഹിളാ കോൺഗ്രസ് ബ്ലോക്ക് നേതാക്കളായ ഷീജ ഏബ്രഹാം, സൗദാ റഹിം തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ എംപിയായ അടൂർ പ്രകാശ് വാർഡ് അടിസ്ഥാനത്തിൽ പോലും സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടിരുന്നു. അർഹരായവരെ ഒഴിവാക്കി സ്വന്തം താൽപര്യ പ്രകാരം ഗ്രൂപ്പ് പറഞ്ഞ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിലുള്ള പ്രതിഷേധമാണ് നേതാക്കളുടെയും പ്രവർത്തകരുടെ രാജിക്ക് തുടക്കം കുറിച്ചത്. ഉപതെരഞ്ഞെടുപ്പിൽ പി മോഹൻ രാജിനെ പരാജയപ്പെടുത്താൻ അടൂർ പ്രകാശും റോബിൻ പീറ്ററുംശ്രമിച്ചതായുള്ള ആക്ഷേപവും കോൺഗ്രസിൽ ശക്തമാണ്.

ഈ അവസരത്തിലാണ് റോബിൻ പീറ്ററെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള ശക്തമായ നീക്കം അടൂർ പ്രകാശ് നടത്തിയത്. ഇതിനെതിരെ നിയോജക മണ്ഡലത്തിലെ കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ അടക്കം എഐസിസി, കെപിസിസി നേതൃത്വങ്ങൾക്ക് പരാതി നൽകിയിരുന്നെങ്കിലും അടൂർ പ്രകാശിന്റെ പിടിവാശിക്ക് ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു. എതിർത്തവർ പാർട്ടി തീരുമാനം മനസില്ലാ മനസോടെസ്വീകരിച്ചു. ഇവരിൽ പലർക്കും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ താൽപര്യമില്ല. ബോധ്യപ്പെടുത്തൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

പണി പാളിയെന്നറിഞ്ഞതോടെ അടൂർ പ്രകാശ് തന്നെ നേരിട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സ്ഥിതിയാണുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രതിഷേധത്തെ തുടർന്ന് നിരവധി നേതാക്കളും പ്രവർത്തകരും ഒരോ ദിവസവും കഴിയുന്തോറും പാർട്ടി വിട്ട് ഇടതു പക്ഷത്തേക്ക് ചേക്കേറുകയാണ്. പാർട്ടി വിടാൻ തയാറല്ലാത്ത മറ്റൊരു പ്രബല വിഭാഗം അമർഷവുമായി തുടരുകയും ചെയ്യുന്നു. കൊന്നപ്പാറയിൽ ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ എഴുപതിലധികം പേർ കോൺഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്നതാണ് ഒടുവിലത്തെ സംഭവം.

കോന്നി പഞ്ചായത്തിലെ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ കൊന്നപ്പാറയിലാണ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് പ്രവർത്തകർ പാർട്ടി വിട്ടത്. പതിറ്റാണ്ടു കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് എത്തിയവരെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു സ്വീകരിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ടരാജി. കോന്നിഗ്രാമപഞ്ചായത്ത് മുൻ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മൂന്ന് തവണ ഗ്രാമപഞ്ചായത്തംഗവുമായ റോജി ബേബിയും രാജി വച്ചവരിൽ ഉൾപ്പെടുന്നു. പി മോഹൻരാജ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തോൽപ്പിക്കാൻ കൂട്ടു നിന്നയാളെ ബിനാമി സ്ഥാനാർത്ഥിയായി വേണ്ടായെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും വേണ്ട നടപടി സ്വീകരിച്ചിരുന്നില്ലന്നും ഇതേ തുടർന്നാണ് നേതാക്കളടക്കം നിരവധി പേർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കു ന്നതെന്നും രാജി വച്ചവർ പറയുന്നു. കോൺഗ്രസ് ശക്തികേന്ദ്രത്തിലെ പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

കോന്നിയിലെ കോൺഗ്രസിലെ തല മുതിർന്ന നേതാക്കളിൽ ഒരാളാണ് ബാബു പങ്ങാട്ട്. ചില വ്യക്തികൾ നിയന്ത്രിക്കുന്ന സംഘടനയായി കോൺഗ്രസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നത് സീറ്റ് ലഭിക്കാനുള്ള യോഗ്യതയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതൽ മേഖലകളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞു പോക്കുണ്ടാകുമെന്നും തെരഞ്ഞെടുപ്പിന് ശേഷം തങ്ങളുടെ ചിന്താഗതിയുള്ള പ്രമുഖരായ നേതാക്കൾ പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് നേരത്തെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, അരുവാപ്പുലം മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ വർഗീസ്ആന്റണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പികെ പീതാംബരൻ തുടങ്ങിയവരും പാർട്ടി വിട്ട് സിപിഎമ്മിനൊപ്പം ചേർന്നിരുന്നു. മൈലപ്ര മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, കോൺഗ്രസ് പ്രവർത്തകനായ ജോൺ ടി സാമുവൽ,ഏനാദിമംഗലം പുതുവലിലെ യൂത്ത്കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ ആശിഷ് ഡാനിയേൽ തുടങ്ങി നിരവധിപ്പേർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാറിന് പിന്തുണയുമായി സ്വീകരണ യോഗങ്ങളിൽ എത്തിയിരുന്നു.

ഇത്തരത്തിൽ കോൺഗ്രസിൽ അടിയൊഴുക്ക് രൂക്ഷമാകുമ്പോൾ പരാജയ ഭീതി മനസിലാക്കിയ അടൂർ പ്രകാശ് ഒത്തുകളി സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം അടൂർപ്രകാശിന്റെ മേൽ വീഴുന്നത് ഒഴിവാക്കാൻ മുൻകൂർ ജാമ്യമെന്ന നിലയിലാണ് ഒത്തുകളി സിദ്ധാന്തവുമായി കഴിഞ്ഞ ദിവസം അദ്ദേഹം പത്രസമ്മേളനം നടത്തിയതെന്നും അവർ ആരോപിക്കുന്നു.