പത്തനംതിട്ട: കോടികളുടെ തട്ടിപ്പ് നടന്ന, സിപിഎം നേതാക്കൾ എംഎൽഎ അടക്കം പ്രതിക്കൂട്ടിലായ സീതത്തോട് സഹകരണ ബാങ്കിനെതിരായ സമരത്തിൽ നിന്ന് പിന്മാറാൻ ഒരുങ്ങി കോൺഗ്രസും ബിജെപിയും. ജില്ലയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ അഴിമതി പുറത്തു കൊണ്ടു വരുമെന്ന ഭീഷണിയാണ് പിന്മാറ്റത്തിന് കാരണം. പ്രാദേശിക നേതൃത്വം പേരിന് മാത്രം സമരം നടത്തിയാൽ മതിയെന്നാണ് ഡിസിസി നിർദ്ദേശം. ബിജെപിയുടെ ജില്ലാ നേതൃത്വം സിപിഎമ്മുമായി ധാരണയിലെത്തിയതിന്റെ ഭാഗമായിട്ടാണ് സമരം ദുർബലമാക്കിയത് എന്നാണ് ആരോപണം. പാർട്ടി സമ്മേളനം അടുത്തിരിക്കുന്ന സമയത്ത് വിവാദമായി മാറിയ സീതത്തോട് ബാങ്ക് ക്രമക്കേട് സിപിഎം ജില്ലാ നേതൃത്വത്തിനും ജനീഷ്‌കുമാർ എംഎൽഎയ്ക്കും വലിയ തലവേദന ആയിരുന്നു. ഭീഷണിയും അനുരഞ്ജനവും കൊണ്ട് കോൺഗ്രസും ബിജെപിയും സമരം ദുർബലമാക്കിയത് ഇവർക്കാണ് ഏറെ ആശ്വാസം പകർന്നിരിക്കുന്നത്.

2013 മുതൽ 18 വരെ 1.63 കോടിയുടെ ക്രമക്കേടാണ് ബാങ്കിൽ നടന്നത്. ഭരണ സമിതിക്കും സിപിഎം നേതൃത്വത്തിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. കെയു ജനീഷ് കുമാർ എംഎൽഎ അടക്കം പ്രതിക്കൂട്ടിലായ ക്രമക്കേടിൽ സെക്രട്ടറിയായിരുന്ന കെയു ജോസിന്റെ തലയിൽ മുഴുവൻ കുറ്റവും കെട്ടി വച്ച് തലയൂരുകയായിരുന്നു. എന്നാൽ, ശക്തമായി തിരിച്ചടിച്ച ജോസ് തട്ടിപ്പ് നടന്നത് തന്റെ കാലത്തല്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വിട്ടു. കോൺഗ്രസ് പ്രാദേശിക നേതൃത്വം ജോസിന്റെ തെളിവുകൾ ഏറ്റെടുത്ത് സമരം ശക്തമാക്കി. എന്നാൽ, സമരം തണുപ്പിക്കുന്ന നിലപാടാണ് പത്തനംതിട്ട ഡിസിസി കൈക്കൊണ്ടത്. ഡിസിസിയുടെ സഹകരണ വേദി ചെയർമാനായ അഡ്വ. കെ. ജയവർമ അടക്കം നിശബ്ദ നിലപാടാണ് സ്വീകരിച്ചത്.

ഡിസിസി വൈസ് പ്രസിഡന്റായ ഷംസുദ്ദീൻ അടക്കമുള്ളവർക്കും സമരത്തോട് വിയോജിപ്പാണ്. ഇതിന് വ്യക്തമായ കാരണമുണ്ട്. ജയവർമ വർഷങ്ങളോളം പ്രസിഡന്റായിരുന്ന തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലും ഷംസുദ്ദീൻ ഇപ്പോൾ പ്രസിഡന്റായിരിക്കുന്നു പത്തനംതിട്ട സഹകരണ ബാങ്കിലും നടന്ന കോടികളുടെ ക്രമക്കേടും നിയമന തട്ടിപ്പു സിപിഎം പുറത്തു ചർച്ചയാക്കുമെന്ന ഭീതിയുണ്ട്. ഭരണം കൈയിലുള്ളതിനാൽ സഹകരണ വകുപ്പിനെ ഉപയോഗിച്ച് ഭരണ സമിതി സസ്പെൻഡ് ചെയ്യാനും സിപിഎമ്മിന് കഴിയും. അങ്ങനെ ഭരണ സമിതി പുറത്തു പോവുകയും അന്വേഷണം നടക്കുകയും ചെയ്താൽ നേതാക്കൾ പ്രതിക്കൂട്ടിലാകുമെന്ന ഭീതിയാണ് ഡിസിസിയെ പിന്നാക്കം അടിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന മറ്റു ചില ബാങ്കുകളിലും അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്.

സഹകരണ ബാങ്കുകളെ ദുർബലപ്പെടുത്തുമെന്നതിനാലാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് നേതാക്കളുടെ വിശദീകരണം. നിക്ഷേപകർ സഹകരണ ബാങ്കുകളെ കൈവിടുമെന്ന ഭീതിയും ഇവർ ചൂണ്ടിക്കാട്ടുന്നു. കോന്നിയിൽ അടുത്ത തവണയും മത്സരിക്കാനിരിക്കുന്ന ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർക്ക് സമരം മുന്നോട്ടു ശക്തമായി കൊണ്ടു പോകണമെന്ന ആഗ്രഹമുണ്ടെങ്കിലും നേതൃത്വം പച്ചക്കൊടി കാട്ടാത്തതിനാൽ ചില സമര പ്രഹസനങ്ങൾ നടത്തി പിന്മാറുകയാണ്. കഴിഞ്ഞ ദിവസം വിടി ബൽറാം സമരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റി പോലും സമരത്തിന് വേണ്ട പ്രാധാന്യം നൽകുന്നില്ല. സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായരുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് തീരെ ശക്തിയുമില്ല.

സമരം കെപിസിസി ഏറ്റെടുക്കാനും പിടി തോമസിനെ നേതൃത്വം ഏൽപ്പിക്കാനും തീരുമാനം ഉണ്ടായിരുന്നു. എന്നാൽ, പണി തിരിച്ചു കിട്ടുമെന്ന് മനസിലാക്കി ആ ഉദ്യമത്തിൽ നിന്നും കോൺഗ്രസ് പിന്മാറി. ബാങ്കിനെതിരായ സമരം ആദ്യഘട്ടത്തിൽ ശക്തമാക്കിയ ബിജെപിയുടെ പിന്മാറ്റവും ചർച്ച ചെയ്യപ്പെടുന്നു. നിരന്തരമായി ബാങ്കിന് മുന്നിൽ സമരം നടത്തിയ ബിജെപിയുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയാണ് എംഎൽഎയും കൂട്ടരും തിരിച്ചടിച്ചത്. പ്രാദേശിക നേതൃത്വം വഴി ജില്ലാ നേതൃത്വവുമായി സിപിഎം ധാരണയിൽ എത്തിയതോടെ ബിജെപി സമരവും അകാല ചരമം പ്രാപിച്ചു.

കോന്നിക്കാരനായ പുതിയ പ്രസിഡന്റ വിഎ സൂരജും സമരം തുടരാനുള്ള താൽപര്യം കാട്ടുന്നില്ല. ഇതോടെ വമ്പൻ ക്രമക്കേട് നടന്ന സീതത്തോട് ബാങ്കിൽ സിപിഎമ്മും ആരോപണ വിധേയനായ എംഎൽഎയും സുരക്ഷിതരായി തുടരും.