പത്തനംതിട്ട: ഇല്ലാത്ത വിവാദങ്ങളുടെ പേരിൽ മന്ത്രി അടൂർ പ്രകാശിന് കോന്നിയിൽ സീറ്റ് നിഷേധിക്കാനാണ് നീക്കമെങ്കിൽ വിവരം അറിയുമെന്ന കോന്നിയിലെ ഐ ഗ്രൂപ്പ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. അടൂർ പ്രകാശിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ബൂത്ത് പ്രസിഡന്റ് മുതൽ ഡി.സി.സി ഭാരവാഹികൾ ഒന്നടങ്കം രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു. എന്നാൽ, തന്റെ പേരിൽ ആരും രാജിവയ്‌ക്കേണ്ട എന്ന നിലപാടാണ് അടൂർ പ്രകാശിന്.

സ്വന്തം പാർട്ടിയിലെ നേതാക്കളെ പരാജയപ്പെടുത്തുന്നതിനും ഇല്ലാതാക്കുവാനും നടത്തുന്ന ശ്രമങ്ങളൊന്നും ആദർശമായി കാണാൻ കഴിയില്ലെന്ന് ഡി.സി.സി സെക്രട്ടറി ഡി. ഭാനുദേവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യു.ഡി.എഫിന്റെ തുടർഭരണ അവസ്ഥ ഇല്ലതാക്കുക എന്ന ഗൂഢലക്ഷ്യം മുൻനിർത്തി എത്ര ഉന്നതനായാലും ശ്രമം നടത്തുന്നത് എതിർക്കപ്പെടേണ്ടതാണ്. ഇല്ലെങ്കിൽ സമൂഹമധ്യത്തിൽ പാർട്ടി നാണം കെടുന്ന അവസ്ഥയുണ്ടാകും. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനത്തിന്റെ പേരിൽ അടൂർ പ്രകാശിനെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്.

മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരുടെയും മറ്റുള്ളവരുടെയും മൗനം സംശയപരമാണ്. പാർട്ടി ഭാരവാഹികളും ഗ്രൂപ്പ് നേതാക്കളും ചില സീറ്റ് മോഹികളും കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതികരിക്കാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ 20 വർഷമായി കോന്നിയിലെ ജനങ്ങളെ കക്ഷിരാഷ്ട്രീയ ജാതി മതചിന്തകൾക്ക് അതീതമായി വിശ്വാസത്തിലെടുത്തു കൊണ്ട് സമാനതകളില്ലാത്ത വികസനം നടത്തിയ ജനപ്രതിനിധിയാണ് അടൂർ പ്രകാശ്. അദ്ദേഹത്തിന് എതിരേ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലും ബുദ്ധിമുട്ടിയ എൽ.ഡിഎഫിനെ പിന്തുണ നൽകുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നടപടി കോന്നിക്കാർ തിരിച്ചറിയും.

കഴിഞ്ഞ് അഞ്ചുവർഷവും സർക്കാരിന്റെ മുഖമുദ്രയായിരുന്ന ജനക്ഷേമ പരമായ നടപടികൾ താൻ കൈകാര്യം ചെയ്ത വകുപ്പുകളിലൂടെ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ മുൻനിരയിലുള്ള മന്ത്രിയാണ് അടൂർ പ്രകാശ്. അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് താഴേത്തട്ടു മുതൽ മേലേത്തട്ടുവരെയുള്ള കോൺഗ്രസുകാർ രാജി സന്നദ്ധത അറിയിച്ചിട്ടുള്ളതായും ഡി. ഭാനുദേവൻ പറഞ്ഞു.