- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് അംഗം മറുകണ്ടം ചാടി വോട്ട് ചെയ്തു; കോന്നി ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി; തിരിച്ചടിയേറ്റത് അടൂർ പ്രകാശ് എംപിക്ക്; യുഡിഎഫിൽ അസ്വാരസ്യം ഉടലെടുത്തു ജിജി സജിയെ മറുകണ്ടം ചാടിച്ചത് ജനീഷ് കുമാർ
കോന്നി: യുഡിഎഫ് നേതൃത്വത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരേ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ആറിനെതിരേ ഏഴ് വോട്ടുകൾക്ക് പാസായി. ഒരു കോൺഗ്രസ് അംഗം വിപ്പ് ലംഘിച്ച് എൽഡിഎഫിനൊപ്പം നിന്നതാണ് അവിശ്വാസം പരാജയപ്പെടാൻ കാരണമായത്. പ്രസിഡന്റ് എംവി അമ്പിളിയാണ് പുറത്തായത്. കോൺഗ്രസ് അംഗം ജിജി സജിയാണ് കൂറുമാറി വോട്ട് ചെയ്തത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണ സമിതിയിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് ആറ് എന്നായിരുന്നു കക്ഷി നില.
പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ജിജി സജിയുടെ പേരാണ് ഉയർന്നു വന്നിരുന്നത്. അന്ന് അടൂർ പ്രകാശ് എംവി അമ്പിളിയെ പ്രസിഡന്റാക്കണമെന്ന തീരുമാനം മറ്റ് അംഗങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അഞ്ചു വർഷവും അമ്പിളി പ്രസിഡന്റായി തുടരുമെന്നും അറിയിച്ചിരുന്നു. അന്നു മുതൽ യുഡിഎഫിൽ അസ്വാരസ്യം ഉടലെടുത്തു. ഈ അഭിപ്രായ ഭിന്നത മുതലെടുത്ത് എൽഡിഎഫ് ജിജി സജിയെ മറുകണ്ടം ചാടിക്കുകയായിരുന്നു. അടൂർ പ്രകാശിന് അവിശ്വാസം കനത്ത തിരിച്ചടി നൽകിയപ്പോൾ ജനീഷ് കുമാർ എംഎൽഎയ്ക്ക് അത് നേട്ടവുമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജിജിക്ക് സീറ്റ് നൽകാതിരിക്കാൻ ആവുന്നത് അടൂർ പ്രകാശ് ശ്രമിച്ചിരുന്നു. അമ്പിളിയെ പ്രസിഡന്റാക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചായിരുന്നു അടൂർ പ്രകാശിന്റെ കരുനീക്കം. എന്നാൽ, ആന്റോ ആന്റണി എംപി ഇടപെട്ടാണ് ജിജിക്ക് സീറ്റ് നൽകിയത്. അതും സ്വന്തം ഡിവിഷനിൽ ജിജിക്ക് സീറ്റ് കിട്ടാതിരിക്കാൻ അടൂർ പ്രകാശ് ശ്രമിച്ചു. അങ്ങളെ ഇളകൊള്ളുർ ഡിവിഷനിലാണ് ജിജി മത്സരിച്ചത്. അടൂർ പ്രകാശിന്റെ കണക്കു കൂട്ടൽ തെറ്റിച്ചു കൊണ്ട് ജിജിയും മൈലപ്ര മുൻ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫും വിജയിച്ചു.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതോടെ മൂന്നു പേരാണ് അവകാശ വാദമുന്നയിച്ചത്. ലിസിയെയും ജിജിയെയും വെട്ടി അമ്പിളിയെ കൊണ്ടു വരാൻ അടൂർ പ്രകാശ് നീക്കം നടത്തി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടന്ന യോഗത്തിൽ നിന്ന് ലിസി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. മറ്റ് അംഗങ്ങൾ എതിർത്തിട്ടും അടൂർ പ്രകാശ് ഏകപക്ഷീയമായി അമ്പിളിയുടെ പേര് നിർദേശിക്കുകയായിരുന്നു. അടൂർ പ്രകാശിന്റെ അപ്രമാദിത്വമാണ് ഇപ്പോൾ ഭരണ നഷ്ടത്തിന് കാരണമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നിയിലേറ്റ കനത്ത തോൽവി അടൂർ പ്രകാശിന് ആഘാതമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇതും.