പത്തനംതിട്ട: കോന്നി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളായ ആതിര ആർ. നായർ, എസ്. രാജി എന്നിവരുടെ മരണം സംബന്ധിച്ച അന്വേഷണം സർക്കാർ അട്ടിമറിക്കാൻ നീക്കം നടത്തുകയാണെന്ന് ആരോപണം. പെൺകുട്ടികളുടെ സംസ്‌കാര ചടങ്ങിൽ സർക്കാർ ഭാഗത്തു നിന്ന് പങ്കെടുത്തത് ജില്ലാ കലക്ടർ മാത്രം.

എവിടെയെങ്കിലും ഒരു അംഗൻവാടി ഉദ്ഘാടനമുണ്ടെങ്കിൽ അവിടെ ഓടിയെത്തുന്ന റവന്യൂമന്ത്രി അടൂർ പ്രകാശ് സ്വന്തം മണ്ഡലമായിട്ടു കൂടി കുട്ടികളുടെ സംസ്‌കാര ചടങ്ങിന് എത്താതിരുന്നതും ഇതു സംബന്ധിച്ച് യാതൊന്നും ചെയ്യാത്തതും സംശയത്തിന് ഇട നൽകിയിട്ടുണ്ട്. വിവാഹത്തിനും മരണത്തിനും ഒന്നൊഴിയാതെ എത്തുന്ന വ്യക്തിയാണ് അടൂർ പ്രകാശ്. എന്നിട്ടും വാർത്തകളിൽ നിറഞ്ഞ കോന്നിയിലെ പെൺകുട്ടികളുടെ മരണത്തിന് മാത്രം അടൂർ പ്രകാശ് എത്തിയില്ല. കഴിഞ്ഞ ഒമ്പതിന് കാണാതായ കുട്ടികളെക്കുറിച്ച് അന്വേഷണം നടത്തുന്ന കാര്യത്തിൽ പൊലീസും പിന്നാക്കം പോയി. അന്വേഷണത്തിന് മുൻകൈയെടുക്കാൻ മന്ത്രിയോ മറ്റ് ജനപ്രതിനിധികളോ ശ്രമിച്ചതുമില്ല.

ഇതിനിടെയാണ് വിവാദപ്രസ്താവനയുമായി ഐ.ജി. മനോജ് ഏബ്രഹാം രംഗത്തു വന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സിഐ ഓഫീസിലെത്തിയ ഐ.ജി. മനോജ് ഏബ്രഹാം മാദ്ധ്യമങ്ങൾക്ക് നൽകിയ വിശദീകരണമാണ് വിവാദമായിരിക്കുന്നത്. കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നും കുടുംബാന്തരീക്ഷവും സാമ്പത്തിക പരാധീനതയും ഇതിന് കാരണമായേക്കാമെന്നുമായിരുന്നു ഐ.ജിയുടെ പ്രസ്താവന. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരികയോ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടാവുകയോ ചെയ്യുന്നതിന് മുൻപ് ഐ.ജി. ധൃതി പിടിച്ച് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന ആരോപണവുമായി നാട്ടുകാരും സമുദായ സംഘടനയും സിപിഎമ്മും രംഗത്തെത്തി.

കുട്ടികളുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയ്ക്ക് പങ്കില്ലെന്നും ഐ.ജി പറഞ്ഞു. പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ കഴിയുന്ന ആര്യയുടെ മൊഴിയെടുക്കാൻ മജിസ്‌ട്രേറ്റിനെയും പൊലീസിനെയും ഡോക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് ബോധം വന്നാലുടൻ മൊഴിയെടുക്കും. ഇവരുടെ ഫേസ്‌ബുക്ക് സുഹൃത്തായ യുവാവിനെ കസ്റ്റഡിയിൽ എടുത്തുവെന്ന് പറയുന്നത് ശരിയല്ലെന്നും ഐ.ജി. അറിയിച്ചു. ആരെയും ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടില്ല. കൂടുതൽ സുഹൃത്തുക്കളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. കുട്ടികളുടെ ഡയറി കിട്ടിയിട്ടുണ്ട്. ഇതിൽ ചില കുറിപ്പുകൾ ഉണ്ട്. അതു പരിശോധിച്ചു വരികയാണ്.

കാണാതായ അന്നു മുതൽ മുഴുവൻ സമയവും കുട്ടികൾ യാത്രയിലായിരുന്നുവെന്ന് വേണം കരുതാൻ. ആദ്യം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി ഇവർ ഡൽഹിക്കാണ് ടിക്കറ്റ് എടുത്തത്. എന്നാൽ, ട്രെയിൻ മാറിക്കയറിയതിനാൽ മാവേലിക്കരയിൽ ചെന്നിറങ്ങി. അവിടെ ടിക്കറ്റ് റീ-ഫണ്ട് ചെയ്തു കിട്ടുന്നതിനായി കൗണ്ടറിൽ സമീപിച്ചു. അൽപ്പം താമസം വരുമെന്ന് കണ്ടപ്പോൾ ഇവർ പുറത്തിറങ്ങി ഒരു കടയിൽ എത്തി ഉടമയുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിക്കുകയായിരുന്നു. കൂട്ടത്തിൽ ഒരാളുടെ സ്വർണമാല പത്തനംതിട്ടയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് 8000 രൂപ എടുത്തിരുന്നു. ഇതുമായിട്ടാണ് കുട്ടികൾ നാടുവിട്ടത്.

മാവേലിക്കരയിൽ നിന്നും ബസിൽ കയറിയ കുട്ടികൾ അങ്കമാലിയിൽ പോയി ഇറങ്ങി. അവിടെ ഒരു മെഡിക്കൽ സ്റ്റോറിൽ കയറി മരുന്നു വാങ്ങി. തുടർന്ന് അവിടെ നിന്ന് എറണാകുളത്ത് ചെന്ന് ബംഗളൂരുവിലേക്ക് പോയി. കുട്ടികളുടെ കൈയിൽ നിന്ന് ലഭിച്ച ടിക്കറ്റ് പരിശോധിച്ചതിൽ നിന്നും ഇവർ രണ്ടുവട്ടം ബംഗളൂരുവിൽ പോയി എന്നു വേണം മനസിലാക്കാൻ. രണ്ടു തവണ അവർ ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചതിന് തെളിവുണ്ടെന്നും ഐ.ജി. പറഞ്ഞു.

കുട്ടികളുടെ മരണം ആത്മഹത്യയാക്കാൻ ഐ.ജി. വ്യഗ്രത കാട്ടുന്നുവെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ഓൾ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ പറഞ്ഞു. ഐ.ജിയുടെ പ്രസ്താവന കുറ്റവാളികളെ രക്ഷപ്പെടുത്താനേ ഉപകരിക്കൂ. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ വീരശൈവസഭ പ്രക്ഷോഭം നടത്തും. നിയമസഭയിൽ ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കണമെന്നും കുഞ്ഞുമോൻ ആവശ്യപ്പെട്ടു.

കുട്ടികളുടെ തിരോധാനം പൊലീസ് ഗൗരവപൂർവം അന്വേഷിക്കാതിരുന്നതാണ് അവരുടെ മരണത്തിൽ കലാശിച്ചതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ഡിവൈഎഫ്ഐയും എസ്.എഫ്.ഐയും ഇന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. അന്വേഷണത്തിന് ഐ.ജിയും ജില്ലാ പൊലീസ് മേധാവി ടി. നാരായണനും നേരിട്ട് മേൽനോട്ടം വഹിക്കും. അടൂർ ഡിവൈ.എസ്‌പി എ. നസീമിനാണ് അന്വേഷണചുമതല. സിഐ സജിമോൻ, എസ്.ഐ. ബി. വിനോദ്കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടാകും.