ബംഗളൂരു: കോന്നിയിലെ പെൺകുട്ടികളുടെ ടാബ്ലറ്റ് ബംഗളൂരുവിലെത്തിയ കേരള പൊലീസ് സംഘം കണ്ടെടുത്തു. ബംഗളൂരുവിലെ ചാമ്രാജ് പേട്ടുള്ള ഒരു മൊബൈൽ കടയിൽ പെൺകുട്ടികൾ ടാബ്ലറ്റ് വിറ്റതായി പൊലീസ് കണ്ടെത്തി. അതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുൽ ചികിത്സയിലുള്ള ആര്യയുടെ നില ഗുരുതരമായി തുടരുകയാണ്.

കേരളത്തിൽനിന്നെത്തിയ ആറംഗ പൊലീസ് സംഘം രണ്ടായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ടാബ് കണ്ടെത്തിയത്. കടക്കാരൻ 2 ദിവസം മുമ്പ് ടാബ് മറിച്ചുവിറ്റിരുന്നു. ഇയാളെ കണ്ടെത്തിയ പൊലീസ് ടാബ് വീണ്ടെടുത്തിട്ടുണ്ട്. നിർണായകമായ സൂചനകൾ ടാബിന്റെ വിശദപരിശോധനയിൽ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പെൺകുട്ടികൾ രണ്ട് തവണ ബംഗളൂരുവിൽ വന്ന നിലക്ക് കാണാതായ ടാബ്ലറ്റ് ഇവിടെ തന്നെയാകും വിറ്റതെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. ഇത് അനുസരിച്ച് മജസ്റ്റിക് റെയിൽവേ സ്റ്റേഷന് ചുറ്റുമുള്ള നിരവധി മൊബൈൽ കടകളിൽ പൊലീസ് തെരച്ചിൽ നടത്തി.

തുടർന്നാണ് മജസ്റ്റിക്കിന് നാല് കിലോമീറ്റർ അപ്പുറമുള്ള ചാമ്രാജ് പേട്ടിലെ എസ്എംഎസ് മൊബൈൽ സിറ്റി എന്ന കടയിൽ പെൺകുട്ടികൾ ടാബ് വിറ്റതായി പൊലീസ് കണ്ടെത്തിയത്. കടക്കാരൻ പെൺകുട്ടികളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. തൊട്ടടുത്തുള്ള മറ്റൊരു കടയിലും പെൺകുട്ടികൾ ടാബ് വിൽക്കാൻ ശ്രമിച്ചിരുന്നു. കേസ് അന്വേഷണത്തിലെ നിർണ്ണായക വഴിത്തിരവാണ് ടാബ് കണ്ടെത്തിയത്. ടാബിൽ ശാസ്ത്രീയ പരിശോധന നടത്തി കാര്യങ്ങൾ മനസ്സിലാക്കാനാണ് ശ്രമം. അതിലൂടെ ആരെയൊക്കെ കുട്ടികൾ ബന്ധപ്പെട്ടു എന്ന് മനസ്സിലാക്കാനാണ് ശ്രമം. എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ ബംഗളൂരുവിൽ എത്തിച്ചതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

എന്നാൽ ആശുപത്രിയിലുള്ള ആര്യയെ ചോദ്യം ചെയ്യാനാകാത്തത് പൊലീസിന് തിരിച്ചടിയാണ്. ടാബ് കൂടി കിട്ടിയ സാഹചര്യത്തിൽ ആര്യയിൽ നിന്ന് എല്ലാ സത്യവും കണ്ടെത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എന്നാൽ ന്യുമോണിയ ബാധിച്ച ആര്യയെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനായിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പാലക്കാട്ടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ ആതിരയുടേയും രാജിയുടേയും മൃതദേഹം കിട്ടിയത്. ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ ആര്യയെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കോന്നിയിൽ നിന്ന് മൂന്ന് പെൺകുട്ടികൾ എന്തിനാണ് ഒളിച്ചോടിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഊഹാപോഹങ്ങൾ നടത്തി കേസ് അന്വേഷണത്തിൽ വിവാദമുണ്ടാക്കേണ്ടെന്നാണ് പൊലീസിന്റേയും നിഗമനം.

അതുകൊണ്ട് തന്നെ കരുതലോടെയാണ് അന്വേഷണ സംഘം നീങ്ങുന്നത്. ഈ പെൺകുട്ടികൾ ഉപയോഗിച്ച ടാബ് കണ്ടെത്താനായത് തന്നെയാണ് അന്വേഷണ സംഘത്തിനുള്ള പുതു പ്രതീക്ഷ.