കോന്നി: പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച് എസ്.എഫ്.ഐ നേതാവിനെ പ്രതിക്കൂട്ടിലാക്കി ഊമക്കത്ത് അയച്ചത് ഡിവൈഎഫ്ഐ മുൻനേതാവു കൂടിയായ ദേവസ്വം ബോർഡ് കരാറുകാരൻ. കടം കയറി മൂക്കോളം മുങ്ങി നിന്ന ഇയാളോട് കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധമാണ് ഊമക്കത്തിന് കാരണമായത്. പെൺകുട്ടികളെ കാണാതായ ദിവസം എസ്.എഫ്.ഐ നേതാവ് എറണാകുളത്ത് ഉണ്ടായിരുന്നതും സംശയം വർധിപ്പിച്ചു.

ഡിവൈഎഫ്ഐ വില്ലേജ് കമ്മറ്റിയംഗവും എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയംഗവുമായ ബിനാസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. അടൂർ ഡിവൈ.എസ്‌പിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പെൺകുട്ടികളെ കാണാതായ ദിവസം ബിനാസ് എറണാകുളത്ത് ഉണ്ടായിരുന്നുവെന്നും പിന്നീട് ഇയാൾ അവർക്കൊപ്പം ബംഗളൂരുവിനു പോയെന്നും മൂവരുടെയും മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നുമായിരുന്നു ഊമക്കത്ത്. കത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിയപ്പോൾ പെൺകുട്ടികളെ കാണാതായ ദിവസങ്ങളിൽ ബിനാസ് എറണാകുളത്തുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതോടെ സംശയം വർധിച്ചു. പക്ഷേ, ബിനാസിന്റെ പശ്ചാത്തലം പൊലീസ് പരിശോധിച്ചപ്പോഴാണ് യാഥാർഥ്യം അറിഞ്ഞത്.

ലാബ് ടെക്‌നിഷ്യൻ കോഴ്‌സ് പാസായിട്ടുള്ള ബിനാസിന് എറണാകുളത്തെ സ്വകാര്യ ക്ലിനിക്കൽ ലാബിൽ ജോലി ലഭിച്ചിരുന്നു. പെൺകുട്ടികളെ കാണാതായ ദിവസം തന്നെയാണ് പുതിയ ജോലിക്ക് ചേരുന്നതിനായി ബിനാസ് എറണാകുളത്തേക്ക് പോയതും. അവിടെച്ചെന്ന് ജോലിയിൽ ചേർന്നതിന്റെ പിറ്റേന്നു തന്നെ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായ ബിനാസ് പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ വിവരങ്ങളെല്ലാം ബിനാസിൽനിന്ന് മനസിലാക്കിയ പൊലീസ് ബൈക്ക് അപകടമുണ്ടായ സ്ഥലവും ചികിൽസ നടത്തിയ ആശുപത്രിയിലും വരെ പരിശോധന നടത്തി ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തി. അവിടം കൊണ്ടും കഥ തീർന്നില്ല. അപ്പോഴേക്കും ബിനാസിന്റെ പേര് സഹിതം പ്രമുഖ മാദ്ധ്യമങ്ങളിൽ വാർത്ത വന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരവും തുടങ്ങി.

ഊമക്കത്ത് ലഭിച്ചയുടൻ ചാടിക്കയറി ചോദ്യംചെയ്യലും അന്വേഷണവും നടത്തിയ പൊലീസ് ബിനാസ് നിരപരാധിയാണെന്ന് മനസിലായതോടെ ആ അധ്യായം അടച്ചു. ഊമക്കത്തിന്റെ ഉറവിടമോ ഉടമയെയോ തിരയാതെ അന്വേഷണം നിർത്തി. ഇതോടെ സിപിഎമ്മിന് പ്രതിരോധത്തിലാകേണ്ടിയും വന്നു. പകച്ചു പോയ സിപിഎമ്മും പോഷകസംഘടനകളും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എസ്.എഫ്.ഐയുടെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായിരുന്ന പൂങ്കാവ് സ്വദേശിയായ ദേവസ്വം കരാറുകാരനാണ് കത്തയച്ചതെന്ന് പാർട്ടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പ്രാഥമികാംഗത്വത്തിൽനിന്ന് നീക്കാൻ നടപടി തുടങ്ങി.

എസ്.എൻ.ഡി.പി യൂത്ത്മൂവ്‌മെന്റിന്റെ സജീവ പ്രവർത്തകനായിരുന്ന ഇയാൾ സുഭാഷ് വാസു ദേവസ്വം ബോർഡ് അംഗമായതോടെയാണ് ദേവസ്വത്തിന്റെ ജോലികൾ കരാറെടുത്തു ചെയ്യാൻ തുടങ്ങിയത്. ഇയാൾക്ക് ലൈസൻസ് തരപ്പെടുത്തിക്കൊടുത്തത് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയായ എസ്.എൻ.ഡി.പി നേതാവാണ്. കരാർ ജോലി ആരംഭിച്ചതോടെ യുവാവിന് പണത്തിന് ആവശ്യം വന്നു. നാടു മുഴുവൻ നടന്ന് പണം കടം വാങ്ങിയ ഇയാൾ ഒരു ചില്ലിക്കാശു പോലും തിരികെ കൊടുത്തിരുന്നില്ല. കോന്നിയിൽ നിരവധിപ്പേരിൽ നിന്ന് പണം കടംവാങ്ങിയിരുന്ന ഈ യുവാവിനോട് അതു തിരികെ വാങ്ങിയെടുക്കാൻ ബിനാസിനെയാണ് ചിലർ നിയോഗിച്ചത്.

പാർട്ടിയുടെ ഇമ്മാതിരി ഏർപ്പാടുകൾക്കു പോകുന്ന ബിനാസ് മറ്റു ചിലരുമായി കരാറുകാരന്റെ വീട്ടിൽ ചെന്ന് പണം ചോദിക്കുകയും നാട്ടുകാർ കാൺകെ അപമാനിക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 22 ന് കരാറുകാരൻ നാടുവിട്ടു. അടുത്ത സുഹൃത്തുക്കളിൽ ചിലരോട് താൻ ബിനാസിന് എട്ടിന്റെ പണി കൊടുത്തുവെന്ന് പറഞ്ഞിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ കോന്നി സംഭവത്തിന്റെ പേരിൽ ബിനാസ് അറസ്റ്റിലാകുമെന്നും പറഞ്ഞു. ഇയാൾ ഊമക്കത്തെഴുതി തെങ്ങുക്കാവ് പോസ്റ്റ് ഓഫീസിൽ നിന്നാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം ആർഎസ്എസ്-ബിജെപി നേതാക്കളെ പൊലീസ് സ്റ്റേഷൻ ഉപരോധം അടക്കമുള്ള സമരത്തിന് കുത്തിയിളക്കി വിട്ടതും ഇയാൾ തന്നെയാണ്. കത്തിന്റെ ഉറവിടം കണ്ടുപിടിച്ചാൽ ഇയാൾ പിടിയിലാകും. എന്നാൽ, ചിലർ ഇടപെട്ട് ഊമക്കത്തിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.