- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ലോകഗജദിനം: അശാസ്ത്രീയ പരിപാലനം, ചികിൽസ: കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിൽ: വയസനായ താപ്പാനയെ മലകയറ്റിയും പീഡനം
പത്തനംതിട്ട: ഇന്ന് ലോകഗജദിനം ആചരിക്കുകയാണ്. ആനകളെ സ്നേഹിക്കണമെന്നും പീഡിപ്പിക്കരുതെന്നുമുള്ള ബോധവൽക്കരണ സന്ദേശമാണ് ഈ ദിനം നൽകുന്നത്. പക്ഷേ, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിലാണ്. അശാസ്ത്രീയമായ പരിപാലനവും, ചികിൽസയുമാണ് ആനകളെ മരണതീരത്തേക്ക് നയിക്കുന്നത്. ഇടുക്കിയിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ കൊണ്ടുപോയിരിക്കുന്ന സോമൻ എന്ന താപ്പാനയ്ക്ക് 77 വയസുണ്ട്. പ്രായം തളർത്തുന്ന താപ്പാനയെ എന്തിന് ഇത്രയും ദൂരം കൊണ്ടുപോയി എന്ന ചോദ്യത്തിന് മറുപടിയില്ല. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരുടെ സമീപകാല പരിപാലനവും, ചികിൽസാ നടപടികളും നിർദ്ദേശങ്ങളുമാണ് കോന്നിയിലെ ആനകൾക്ക് വിനയാകുന്നത്. പരിപാലനത്തിൽ കാതലായ മാറ്റമാണ് ആനപ്പാപ്പാന്മാർക്ക് ഡോക്ടർ നിർദ്ദേശിക്കുന്നത്. ആനകളുടെ ഭക്ഷണത്തിനുള്ള റേഷൻ സംവിധാനത്തിൽ പണ്ട് മുതൽക്കേ നൽകി വന്ന പലതും ഒഴിവാക്കി, ചെലവ് അധികരിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമങ്ങളാണ് നടപ്പാക്കുന്നത്. തെങ്ങ് ഓല, പനയോല, ശർക്കര, അരി, മുതിര, പഴം, പശുവ
പത്തനംതിട്ട: ഇന്ന് ലോകഗജദിനം ആചരിക്കുകയാണ്. ആനകളെ സ്നേഹിക്കണമെന്നും പീഡിപ്പിക്കരുതെന്നുമുള്ള ബോധവൽക്കരണ സന്ദേശമാണ് ഈ ദിനം നൽകുന്നത്. പക്ഷേ, സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള കോന്നി ആനത്താവളത്തിലെ ആനകൾ മരണവക്ത്രത്തിലാണ്.
അശാസ്ത്രീയമായ പരിപാലനവും, ചികിൽസയുമാണ് ആനകളെ മരണതീരത്തേക്ക് നയിക്കുന്നത്. ഇടുക്കിയിൽ നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ കൊണ്ടുപോയിരിക്കുന്ന സോമൻ എന്ന താപ്പാനയ്ക്ക് 77 വയസുണ്ട്. പ്രായം തളർത്തുന്ന താപ്പാനയെ എന്തിന് ഇത്രയും ദൂരം കൊണ്ടുപോയി എന്ന ചോദ്യത്തിന് മറുപടിയില്ല. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരുടെ സമീപകാല പരിപാലനവും, ചികിൽസാ നടപടികളും നിർദ്ദേശങ്ങളുമാണ് കോന്നിയിലെ ആനകൾക്ക് വിനയാകുന്നത്.
പരിപാലനത്തിൽ കാതലായ മാറ്റമാണ് ആനപ്പാപ്പാന്മാർക്ക് ഡോക്ടർ നിർദ്ദേശിക്കുന്നത്. ആനകളുടെ ഭക്ഷണത്തിനുള്ള റേഷൻ സംവിധാനത്തിൽ പണ്ട് മുതൽക്കേ നൽകി വന്ന പലതും ഒഴിവാക്കി, ചെലവ് അധികരിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമങ്ങളാണ് നടപ്പാക്കുന്നത്. തെങ്ങ് ഓല, പനയോല, ശർക്കര, അരി, മുതിര, പഴം, പശുവിൻപാൽ എന്നിവയൊക്കെ മാറ്റി തീറ്റപ്പുല്ല്, ടിൻ ഫുഡ് എന്നിവയിലേക്ക് ആഹാരക്രമം മാറ്റി.
കുട്ടിയാനകൾക്കടക്കം പ്രതിരോധശേഷി നൽകുന്ന ക്രമങ്ങൾ താളംതെറ്റിയതോടെ ഇവയ്ക്ക് വളരെ വേഗം രോഗം പിടികൂടാനുള്ള സാഹചര്യമാണിവിടെ നിലനിൽക്കുന്നത്. ഒരു വർഷത്തിനിടെ തുടർച്ചയായി കൊമ്പൻ ഇന്ദ്രജിത്ത്, കുട്ടിയാനകളായ ലക്ഷ്മി, അമ്മു എന്നിങ്ങനെ മൂന്ന് ആനകളാണ് ഇവിടെ ചെരിഞ്ഞത്. എലൈറ്റ് ഗ്രൂപ്പ് ആനത്താവളത്തിലേക്ക് നൽകിയ ആരോഗ്യവാനായിരുന്ന ഇന്ദ്രജിത്ത് ചെരിയാൻ കാരണം ഓവർഡോസിൽ മയക്കുവെടി വെച്ചതാണന്ന ആരോപണം ശക്തമാണ്.
ചങ്ങല പൊട്ടി ചെന്നതിന്റെ പേരിലാണ് തിടുക്കത്തിൽ ആരോഗ്യവാനായ ഇന്ദ്രജിത്തിനെ മയക്കുവെടി വച്ചത്.ഇതു സംബന്ധിച്ച് ആനപ്രേമികൾ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. ആനയുടെ ശരീരതൂക്കം, ആരോഗ്യസ്ഥിതി, കാലാവസ്ഥ എന്നിവ വിലയിരുത്തിയാണ് മയക്കുവെടിയുടെ ഡോസ് തീരുമാനിക്കേണ്ടത്. എന്നാൽ ഇതു പാലിക്കപ്പെടാത്തതാണ് ഇന്ദ്രജിത്തിന്റെ മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഇതേപോലെ തന്നെ കേരളത്തിലെ ചുരുക്കം താപ്പാനകളിലൊന്നായ ഇവിടുത്തെ സോമന് 77 വയസുണ്ട്. ഇടയ്ക്കിടെ ഇതിന് മദം പൊട്ടാറുണ്ട് അപ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് മയക്ക് വെടിവച്ചാണ്. ഏറ്റവും ഒടുവിൽ തുടരെ ആറ് മയക്കുവെടി ഏറ്റ സോമൻ ഭാഗ്യം കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. മയക്കുവെടിയുടെ ഡോസ് ഡി.എഫ്.ഓയെ പോലും അറിയിക്കാൻ വിസമ്മതിക്കുകയാണ്. ലക്ഷ്മി, അമ്മു എന്നിവ ചെരിയാൻ കാരണമായി പറയുന്നത് കുട്ടിയാനകളെ ബാധിക്കുന്ന എലിഫന്റ് ഇൻ ഡോതീ ലിയൻ ഹെർ പിസ് എന്ന വൈറസിന്റെ ആക്രമണമാണെന്നാണ്.
ആനക്കുട്ടികൾക്ക് ഉദരരോഗത്തിൽ നിന്നാണ് ഇതുണ്ടാകുന്നത്. പ്രതിരോധശേഷി നഷ്ടപ്പെടുമ്പോൾ വേഗം രോഗം പിടികൂടുന്നു. കുട്ടിയാനകൾക്ക് മുലപ്പാലിൽ നിന്നുമാണ് ആവശ്യമായ പ്രതിരോധശേഷി ലഭിക്കുന്നത്. ആനത്താവളത്തിൽ ഇതിനു മാർഗമില്ലങ്കിലും പകരം സംവിധാനങ്ങളുടെ കുറവാണ് രോഗ പ്രതിരോധശേഷി കുറയാൻ കാരണം. ആന ചികിൽസാ രംഗത്തുള്ള വിദഗ്ദരുടെ അഭിപ്രായത്തിൽ ആനകൾക്ക് ആയൂർവേദവും, അലോപ്പൊതിയും സംയുക്തമായുള്ള ചികിൽസാ രീതിയാണ് ഫലപ്രദമായി കണ്ടിട്ടുള്ളത്.
ആനക്കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്മയുടെ മുലപ്പാൽ ആണ് രോഗ പ്രതിരോധശേഷിയും, ആരോഗ്യവും നിലനിർത്തുന്നത്. എന്നാൽ ഇവയ്ക്ക് ഗ്ലൂക്കോസ്, ഫാരക്സ്, ലാക്ടോജൻ മുതലായ ടിൻ ഫുഡുകളാണ് നൽകുന്നത് .ഇത് ആനക്കുട്ടികൾക്ക് രോഗം ബാധിക്കാനും, ഉദരസംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. ഇതു ഉണ്ടാകാതിരിക്കാൻ കുട്ടിയാനകൾക്ക് പശുവിൻ പാലിൽ അല്പം പഞ്ഞപ്പുല്ല്, വെളുത്തുള്ളി ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ നിത്യേന പലപ്പോഴായി ഒരു വയസു വരെ നൽകും. ആഴ്ചയിൽ ഒരുദിവസം പാൽക്കായം, അഷ്ട ചൂർണം എന്നിവ നിർബന്ധമായും നൽകും.
ആന പാലിലെ കൊഴുപ്പുമായി ഏറ്റവും അടുത്ത ഘടനയുള്ളവ തേങ്ങാപ്പാലിലെ കൊഴുപ്പിനായതിനാൽ ആനക്കുട്ടിയുടെ ഭക്ഷണത്തിൽ തേങ്ങാപ്പാൽ ഒരു പ്രധാന ഘടകമാണ്. ആനക്കുട്ടിക്ക് മൂന്നു മാസമാകുമ്പോൾ അമ്മയുടെ ചൂട് ആനപ്പിണ്ടം ഭക്ഷിക്കുന്നതിലൂടെ ദഹനേന്ദ്രിയങ്ങളുടെ വളർച്ചയ്ക്കും, ദഹനത്തിനും സഹായകരമായ സൂക്ഷ്മാണുക്കൾ കുടലിനുള്ളിൽ വളരുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു.
മുമ്പ് പാപ്പാന്മാർ ആനക്കുട്ടികളുടെ പരിപാലനത്തിന് ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. ഇതു മൂലം ആരോഗ്യത്തോടെ വളർന്നു വന്ന പല ആനകളും ഇപ്പോഴും ഈ ആനത്താവളത്തിലുണ്ട്. അലോപ്പതി മാത്രമായുള്ള മരുന്ന് ചികിൽസ താങ്ങാനുള്ള ശേഷി കുട്ടിയാനകൾക്കില്ല.
ഇപ്പോൾ പിഞ്ചു എന്ന കുട്ടിയാന രോഗബാധിതനായി അവശനിലയിൽ ആന കൂടി നുള്ളിൽ കഴിയുകയാണ്.
ചികിൽസ ഫലപ്രദമല്ലന്നാണ് ആ ന പ്രേമികളുടെ ആരോപണം. ഇങ്ങനെയാണ് മറ്റ് രണ്ട് കുട്ടിയാനകളും ചെരിഞ്ഞതായി ആക്ഷേപമുള്ളത്. ഇവ ചെരിയുമ്പോൾ എലിഫന്റ് ഹെർപിസ് എന്ന രോഗകാരണം പറഞ്ഞ് ഫയൽ ക്ലോസ് ചെയ്യുകയാണ്. ആനകളുടെ രക്തം, മലം, മൂത്രം എന്നിവ ശാസ്തീയമായ രീതിയിൽ പരിശോധിക്കാനുള്ള സംവിധാനങ്ങളില്ല. വന്യജീവിയിൽ പ്രത്യേകിച്ച് ആന ചികിൽസയിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ അഭാവം കേരളത്തിലുണ്ട്.
വന്യജീവികളെ കുറിച്ചുള്ള മാസ്റ്റർ ബിരുദ പഠനത്തിനുള്ള സംവിധാനവും സംസ്ഥാനത്തില്ല. വെറ്റിനറി സയൻസിൽ ബിരുദം നേടിയ ഡോക്ടർമാരാണ് ആനകളെ ചികിൽസിച്ചു വരുന്നത്. ചികിൽസയ്ക്കായി ലക്ഷങ്ങളുടെ ഇംഗ്ലീഷ് മരുന്നുകളാണ് വാങ്ങുന്നത്. ഇവ എന്തിന്, ഏത് ആനകൾക്ക് ഉപയോഗിച്ചു എന്നതിന് യാതൊരു രേഖയുമില്ല. ആനകൾ ചെരിയുമ്പോൾ ഡോക്ടറും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രക്ഷപെടാനായി ഒരു രോഗകാരണം ചൂണ്ടിക്കാട്ടി ഫയൽ മടക്കുകയാണ് പതിവ്.