- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണം ഒരു മാസം പിന്നിട്ടു; പൊലീസ് അന്വേഷണം അവസാനിപ്പിച്ചു; അഞ്ചു ലക്ഷം കിട്ടുമെന്നു കേട്ടപ്പോൾ വീട്ടുകാരും പിന്മാറി; സമരം നടത്തിയവരെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല
കോന്നി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നു വിദ്യാർത്ഥിനികളുടെ തിരോധാനവും പിന്നീടുണ്ടായ ദുരൂഹമരണവും സംബന്ധിച്ച കേസിലെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അഞ്ചുലക്ഷം വീതം നൽകാമെന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ച പെൺകുട്ടികളുടെ വീട്ടുകാർക്കും പരാതിയില്ല. കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് സമരത്തിനിറങ്ങിയ ബിജെപിക്കാ
കോന്നി: ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നു വിദ്യാർത്ഥിനികളുടെ തിരോധാനവും പിന്നീടുണ്ടായ ദുരൂഹമരണവും സംബന്ധിച്ച കേസിലെ അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അഞ്ചുലക്ഷം വീതം നൽകാമെന്ന സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ച പെൺകുട്ടികളുടെ വീട്ടുകാർക്കും പരാതിയില്ല. കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് സമരത്തിനിറങ്ങിയ ബിജെപിക്കാരെയും സിപിഐ(എം)-ഡിവൈഎഫ്‌ഐ പ്രവർത്തകരെയും മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. ചുരുക്കിപ്പറഞ്ഞാൽ പെൺകുട്ടികളുടെ മരണം സംബന്ധിച്ച് ഐ.ജി. മനോജ് മനോജ് ഏബ്രഹാം പറഞ്ഞതു തന്നെയായിരുന്നു സത്യം. അന്നത് അനഭിമതമായതു കൊണ്ടാണ് പൊലീസ് ഇപ്പോഴും അന്വേഷിച്ചു നടന്നു വലയുന്നത്.
കഴിഞ്ഞ മാസം ഒമ്പതിന് ആര്യ, ആതിര, രാജി എന്നീ പെൺകുട്ടികൾ സ്‌കൂളിലേക്ക് എന്നു പറഞ്ഞ് പോവുകയും പിന്നീട് നാടുവിടുകയുമായിരുന്നു. 13 ന് ആതിര, രാജി എന്നിവരുടെ മൃതദേഹവും ആര്യയെ പരുക്കേറ്റ നിലയിലും ഒറ്റപ്പാലം ലക്കിടിയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. 21 ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ ആര്യ മരിക്കുകയും ചെയ്തു. രണ്ടുപെൺകുട്ടികൾ മരിച്ചതിന്റെ പിറ്റേന്ന് കോന്നിയിലെത്തിയ ഐ.ജി. മനോജ് ഏബ്രഹാം പെൺകുട്ടികളുടേത് ആത്മഹത്യയാണെന്നും അതിനു കാരണം ശിഥിലമായ കുടുംബപശ്ചാത്തലം ആണെന്നും പ്രഖ്യാപിച്ചു.
അതോടെ ഇവിടത്തെ രാഷ്ട്രീയക്കാരും മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളും ഐ.ജിക്കെതിരേ തിരിഞ്ഞു. ഐ.ജി. പറഞ്ഞത് സത്യമാണെന്നറിയാമായിരുന്നിട്ടും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടായിരുന്നു സിപിഎമ്മും ബിജെപിയും രംഗത്തുവന്നത്. ഇതിനിടെ മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് സർക്കാർ അഞ്ചുലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചു. അവരെ നിശബ്ദരാക്കാൻ ഇതു മാത്രം മതിയായിരുന്നു. എന്നിട്ടും സിപിഐ(എം) സമരം തുടർന്നു. അതിനിടെയാണ് കുട്ടികളുടെ മരണത്തിൽ എസ്.എഫ്.ഐ നേതാവിന് പങ്കുണ്ടെന്ന ഊമക്കത്ത് പൊലീസിനു കിട്ടിയതും അയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും. ബിജെപി സമരം ഉടൻ സിപിഎമ്മിനെതിരായി. എന്നാൽ ഊമക്കത്തിനു പിന്നിൽ പാർട്ടിയിലെതന്നെ ചിലരാണെന്ന് മറുനാടൻ പുറത്തു കൊണ്ടുവന്നതോടെ രണ്ടുകൂട്ടരുടെയും സമരം നിലച്ചു.
കോന്നി സി.ഐയുടെ മണ്ടൻ തീരുമാനങ്ങളാണ് പെൺകുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നതാണ് വാസ്തവം. കുട്ടികളെ കാണാനില്ലെന്നു പരാതി കിട്ടിയപ്പോൾ തന്നെ സി.ഐ ചെയ്തത് മാതാപിതാക്കൾക്ക് അവിഹിതബന്ധമുണ്ടോ എന്നു പരിശോധിക്കുകയായിരുന്നു. സിനിമകളിലൊക്കെ കാണുന്ന വിഡ്ഢി പൊലീസുകാരെപ്പോലെ പ്രവർത്തിച്ചതാണ് കുട്ടികളുടെ ആത്മഹത്യയിൽ വരെയെത്തിയത്. അല്ലെങ്കിൽ ട്രെയിനിൽനിന്നു തന്നെ കുട്ടികളെ പിടികൂടാമായിരുന്നു. നിലവിൽ ഒരു നിഗമനത്തിലും എത്താൻ എസ്‌പി. ഉമാ ബെഹ്‌റയുടെ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. മാത്രവുമല്ല, അവർ ഇപ്പോൾ ഈ കേസിൽ ശ്രദ്ധ ചെലുത്തുന്നുമില്ല.
ആര്യ അയൽവാസിയായ വീട്ടമ്മയുടെ ഐ.ഡി. കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുത്തുവെന്നും പിതാവിന്റെ എ.ടി.എം കാർഡ് എടുത്തു കൊണ്ടു പോയി 2 ലക്ഷം രൂപ പിൻവലിച്ചുവെന്നും മാത്രമാണു കണ്ടെത്താൻ കഴിഞ്ഞത്. ഈ പണം തീർന്നപ്പോഴാണ് ആഭരണം പണയം വച്ചത്. ആര്യയുടെ ടാബ്‌ലറ്റിൽ നിന്ന് ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇത് ഇങ്ങനെയൊക്കെ തീരുമെന്ന് സർക്കാരിനും അറിയാമായിരുന്നു. ഇപ്പോൾ അന്വേഷണം സംബന്ധിച്ച് മാദ്ധ്യമങ്ങളോ എന്തിന് പെൺകുട്ടികളുടെ വീട്ടുകാരോ തിരക്കുന്നില്ല. ഇതു വെറും ആത്മഹത്യയായി എഴുതിത്ത്തള്ളി കേസ് പുസ്തകം അടയ്ക്കാനുള്ള നീക്കത്തിലാണ് പൊലീസ്.