പത്തനംതിട്ട: ഒടുവിൽ ഉണരേണ്ടവർ ഉണർന്നു. രാഷ്ട്രീയക്കാർ കളിച്ച് കുളമാക്കിയ കോന്നി പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് തോന്നിത്തുടങ്ങിയ രക്ഷിതാക്കൾ ഇനി സമരപാതയിൽ. സമരം കൊണ്ടു ഫലിച്ചില്ലെങ്കിൽ നിയമനടപടിയും സ്വീകരിക്കും.

ഇത്തരമൊരു ദുരന്തത്തിന് കാരണക്കാരായ പൊലീസ്, സമരക്കാരെല്ലാവരും പിൻവലിഞ്ഞ സാഹചര്യം നോക്കി കട്ടയും പടവും മടക്കിയ കാര്യം ഇന്നലെ മറുനാടൻ വാർത്തയാക്കിയിരുന്നു.

അന്വേഷണത്തിലെ വീഴ്ചയ്‌ക്കെതിരേ പെൺകുട്ടികളുടെ ബന്ധുക്കളും അനങ്ങുന്നില്ലെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് അവർ രംഗത്തുവന്നത്. പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഇന്നു രാവിലെ ഒൻപതു മുതൽ കോന്നി പൊലീസ് സ്‌റ്റേഷനു മുന്നിൽ ഉപവാസ സമരത്തിലാണ്. തുടർന്നും പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു.

പെൺകുട്ടികളെ കാണാതായ ദിവസം മുതൽ കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടും അന്വേഷണം നടത്തുന്ന കാര്യത്തിൽ കോന്നി സി.ഐയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മനഃപൂർവം വീഴ്ച വരുത്തുകയായിരുന്നു. കൃത്യനിർവഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പെൺകുട്ടികൾ മരിക്കുന്നതിനുമുമ്പ് ജൂലൈ 11 ന് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നതാണ്. എന്നിട്ടും അവർ മൗനം ഭജിച്ചു.

പെൺകുട്ടികൾ ഏത് സാഹചര്യത്തിലാണ് മരണപ്പെട്ടതെന്ന് സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി തവണ ബംഗുളൂരു, പാലക്കാട് എന്നിവിടങ്ങൾ സന്ദർശിച്ചു എന്നാണ് മാദ്ധ്യമങ്ങളിൽ നിന്നും മനസിലാക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും വ്യക്തമാക്കാൻ പൊലീസ് തയാറായിട്ടില്ല.

കുടുംബസാഹചര്യവും ദാരിദ്ര്യവുമാണ് പെൺകുട്ടികളുടെ മരണത്തിനു കാരണമായതെന്നുള്ള ഐ.ജി മനോജ് ഏബ്രഹാമിന്റെ മുൻകൂട്ടിയുള്ള പ്രസ്താവന ക്രൂരവും നിരുത്തരവാദിത്തപരവുമായിരുന്നു. മരിച്ച പെൺകുട്ടികൾക്ക് വീടും ഭൂമിയുമുണ്ട്. ആരും ദാരിദ്ര്യം അനുഭവിക്കുന്നവരല്ല. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതാണോ ദാരിദ്ര്യത്തിന്റെ മാനദണ്ഡം എന്നറിയില്ല. മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിൽ കുട്ടികളെ വേഗം കണ്ടെത്താൻ കഴിയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതിനോടകം അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തിരുന്നതായും അതിൽ യുവാക്കളും ഉൾപ്പെട്ടിരുന്നതായും മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതേപ്പറ്റി സംസാരിക്കാൻ പൊലീസ് തയാറായിട്ടില്ല.
കാണാതായ പെൺകുട്ടികളെ ദിവസങ്ങൾക്കുശേഷം ആത്മഹത്യയിലേക്ക് നയിച്ചതിനു പിന്നിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണ്. പെൺകുട്ടികളെ കാണാതായ ജൂലൈ ഒമ്പതിന് തന്നെ ഗൗരവമായ അന്വേഷണം പൊലീസ് നടത്തിയിരുന്നുവെങ്കിൽ അവരെ കണ്ടെത്താൻ കഴിയുമായിരുന്നു.

പെൺകുട്ടികൾ മാവേലിക്കരയിൽ എത്തിയതായുള്ള വിവരം ഉടൻ തന്നെ പൊലീസിനെ ധരിപ്പിച്ചിരുന്നു. പൊലീസ് അന്വേഷിച്ചില്ലെങ്കിലും തങ്ങൾ നടത്തിയ തെരച്ചിലിൽ പെൺകുട്ടികൾ അവിടെ എത്തിയിരുന്നതായും ചായ കുടിച്ചിരുന്നതായും ഓട്ടോറിക്ഷയിൽ പോയതായുമുള്ള വിവരം ലഭിച്ചിരുന്നു. സാമ്പത്തികമായ ഉയർന്ന കുടുംബത്തിലെ ഒരു കുട്ടിയാണ് അപ്രത്യക്ഷയായിരുന്നതെങ്കിൽ പൊലീസ് ഈ തരത്തിൽ നിഷ്‌ക്രിയരാകുമായിരുന്നോ എന്നും ആതിരയുടെ പിതാവ് രാമചന്ദ്രൻ നായർ, മാതാവ് ലളിതകുമാരി, സഹോദരൻ കൃഷ്ണകുമാർ, ബന്ധുവും പഞ്ചായത്ത് അംഗവുമായ ശ്രീനിവാസൻ, രാജിയുടെ മാതാവ് സുജാത എന്നിവർ ചോദിച്ചു.