പത്തനംതിട്ട: മദ്യലഹരിയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി ഒരാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. അമ്മയ്ക്കൊപ്പം പൊള്ളലേറ്റ അഞ്ചു വയസുകാരൻ അനാഥനായത് നാടിന് നൊമ്പരവും. കോന്നി വകയാറിന് സമീപം കൊല്ലൻപടിയിൽ ഗോകുലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊക്കാത്തോട് സ്വദേശി രതീഷിന്റെ(32)ണ് ഭാര്യ രമ്യയാണ് (30) ഇന്നലെ പുലർച്ചെ മരണത്തിന് കീഴടങ്ങിയത്.

രമ്യയ്ക്കൊപ്പം പൊള്ളലേറ്റ് മകൻ അഭിജിത്തിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനാണ് കുടുംബകലഹത്തെ തുടർന്ന് രതീഷ് രമ്യയെ തീ കൊളുത്തിയത്. ആദ്യംവഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ ഇയാൾ പിന്നീട് കന്നാസിൽ പെട്രോൾ വാങ്ങി വന്ന് രമ്യയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് അഭിജിത്തിന്റെ ശരീരത്തിലും തീ പടർന്നത്. ഓടിക്കൂടിയ നാട്ടുകാർ തീയണച്ച ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലുമാക്കി.

തിങ്കളാഴ്ച പുലർച്ചെ രമ്യ മരണത്തിന് കീഴടങ്ങി. രതീഷ് പത്തനംതിട്ട സബ്ജയിലിൽ റിമാൻഡിലാണ്. ഇതോടെ അഞ്ചു വയസുകാരൻ അഭിജിത്ത് അനാഥനായി. രമ്യയുടെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി സ്വന്തം വീടായ റാന്നി ഉതിമൂട് നടുവിലേത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മദ്യലഹരിയിൽ വഴക്കും വെട്ടും കുത്തുമുണ്ടാക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം അമ്മാവനെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.

കുടുംബാംഗങ്ങൾ ഇടപെട്ടാണ് അന്ന് കേസും വഴക്കും ഒഴിവാക്കിയത്. അതിൽ നടപടി ഇല്ലാതെ വന്നതാണ് ഇപ്പോൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണം.