- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലൂർ പ്രദേശത്തെ 500 ൽ അധികം കുടുംബങ്ങളുടെ കട്ടമരം സർക്കാർ ഏറ്റെടുത്തു; നഷ്ടപരിഹാരം ലഭ്യമായത് 73 പേർക്ക് മാത്രം; തുറമുഖ പദ്ധതിയിൽ തൊഴിൽ ലഭ്യമായത് 25 ൽ താഴെ പേർക്കും; വികസനത്തെ അനുകൂലിക്കുമ്പോൾ ആശ്വാസത്തിനായി വാദിച്ച് നാടാർ സർവ്വീസ് ഫെഡറേഷൻ; വിഴിഞ്ഞത്ത് നിന്ന് മറ്റൊരു പ്രതിഷേധ സ്വരം ഇങ്ങനെ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നേരിട്ട് ബാധിച്ചത് നാടാർ സമുദായത്തെയാണെന്ന് നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ വാഗ്ദാനങ്ങൾ വിശ്വസിച്ചു ഭൂമി വിട്ടുനൽകുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്തതത് ഭൂരിഭാഗവും നാടാർ സമുദായവും മറ്റ് ഇതര സമുദായവും ഉൾപ്പെട്ട തദ്ദേശ ജനതയ്ക്കാണ് എന്നതാണ് യാഥാർഥ്യം. ഈ യാഥാർഥ്യം മറച്ചു വച്ച് ഇന്ന് ലത്തീൻ സമുദായത്തിലെ മൽസ്യത്തൊഴിലാളികൾക്ക് മാത്രമായി സമരം എന്നപേരിൽ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിപ്രദേശമായ മുല്ലൂർ കരിമ്പള്ളിക്കര മുതൽ കിഴക്കോട്ട് ആഴിമല ക്ഷേത്രം വരെയുള്ള പ്രദേശം നാടാർ സമുദായ അംഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. അവിടെയാണ് വിഴിഞ്ഞം തുറമുഖപദ്ധതി പുരോഗമിക്കുന്നത്. ആഴക്കടലിനടിയിൽ തടങ്ങളും കൂടുകളും ഉണ്ടായിരുന്ന ചൂണ്ട ഉപയോഗിച്ച് മൽസ്യബന്ധനവും ചിപ്പി തൊഴിലും കയർ പിരിക്കൽ തൊഴിലും കൃഷിയും കച്ചവടവും ചെയ്തിരുന്ന ആയിരത്തിലധികം കുടുംബങ്ങൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതയാൽ തുറമുഖത്തിനായി തെരെഞ്ഞെടുക്കപ്പെട്ട ഇവിടെ വലവീശിയുള്ള മൽസ്യബന്ധനമല്ല ഉണ്ടായിരുന്നത് കട്ടമരങ്ങളിൽ പാറയിടുക്കുകളിൽ ചൂണ്ട ഉപയോഗിച്ച മൽസ്യബന്ധനമാണ് ഉണ്ടായിരുന്നത്.
മുല്ലൂർ പ്രദേശത്തെ 500 ൽ അധികം കുടുംബങ്ങളുടെ കട്ടമരം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ 73 പേർക്ക് ആണ് നാളിതുവരെ നഷ്ടപരിഹാരം ലഭ്യമായത്. തുറമുഖ പദ്ധതിയിൽ തൊഴിൽ ലഭ്യമായത് 25 ൽ താഴെയുള്ള വ്യക്തികൾക്ക് മാത്രമാണ്. കൂടാതെ സ്വകാര്യ ഹോട്ടലുകളിൽ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവർക്കു തൊഴിലോ ആനുകൂല്യങ്ങളോ നാളിതുവരെ ലഭിച്ചിട്ടില്ല.പദ്ധതി ആരംഭിക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. മിക്ക കുടുംബങ്ങളിലും നിത്യവൃത്തിക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
തദ്ദേശീയരായ നാടാർ സമുദായത്തിന്റെയും ഇതര സമുദായങ്ങളുടെയും പ്രധാന ആവശ്യങ്ങൾ :
1. ചിപ്പി തൊഴിൽ ചെയ്തിരുന്ന 700 ഓളം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക, തൊഴിൽ ഉറപ്പാക്കുക.
2. കടലിനടിയിൽ തടങ്ങളും കൂടുകളും ഉണ്ടായിരുന്ന കട്ടമര,ചിപ്പി, ലോസ്റ്റെർ (കല്ല് റാൾ) മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ അടങ്ങിയ പ്രത്യേക പാക്കേജ് അനുവദിക്കുക.
3. കാർഷിക തൊഴിൽ നഷ്ടപ്പെട്ടവർക്കും തെങ്ങു കയറ്റ തൊഴിലാളികൾക്കും നഷ്ടപരിഹാരവും തൊഴിലും ഉറപ്പാക്കുക.
4. ടൂറിസം മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും ടൂറിസം അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർക്കും തൊഴിലും നഷ്ടപരിഹാരവും ഉറപ്പാക്കുക.
5. രജിസ്‌ട്രേഷനും മറ്റ് മാനദണ്ഡങ്ങളും ഇല്ല എന്ന് പറഞ്ഞു തള്ളപ്പെട്ട തൊഴിലാളികൾക്ക് നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ലഭ്യമാക്കുക.
6. തൊഴിൽ നഷ്ടപ്പെട്ടവരുടെ മക്കൾക്ക് പഠനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു എൻ.എസ്.എഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. തൊഴിലും ജീവനോപാധികളും നഷ്ടപ്പെട്ട തൊഴിലാളികളുടെ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്നും വികസന പദ്ധതിയായ വിഴിഞ്ഞം തുറമുഖം വളരെ വേഗത്തിൽ കമ്മീഷൻ ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും നാടാർ സർവീസ് ഫെഡറേഷൻ (NSF) ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ