തിരുവനന്തപുരം: മൂന്നാറിലെ സിഎസ്‌ഐ സഭയുടെ കോവിഡുകാലത്തെ ഒത്തു ചേരൽ പുറം ലോകത്ത് എത്തിച്ച നിഷാന്ത് ജി രാജിനെതിരെ വധഭീഷണിയെന്ന് പൊലീസിൽ പരാതി. അടിയന്തര നടപടികൾ ഈ വിഷയത്തിൽ വേണമെന്ന് നാടാർ സർവ്വീസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. എൻ.എസ്.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിഷാന്ത് ജി. രാജിന് നേരെ വധഭീഷണി നടത്തിയ വാടക ഗുണ്ടകളെയും അതിന് പ്രേരിപ്പിച്ച ആളുകളെയും പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് നാടാർ സർവീസ് ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി കൊണ്ണിയൂർ സനൽ കുമാർ ആവശ്യപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ സി എസ് ഐ സഭയുടെ ധ്യാനത്തിനെതിരെ സി.എസ്‌ഐ സഭാ അംഗവും എൻഎസ്എഫ് നാടാർ സർവീസ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ നിഷാന്ത് ജി. രാജാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണം നടത്തുന്നത്. ഈ പരാതിയുടെ പേരിൽ നിഷാന്ത് ജി.രാജിനെയും കുടുംബത്തെയും കൊലപ്പെടുത്തും എന്ന് ഭീഷണി ഉണ്ടായി. ഇതിനെതിരെ ഡിജിപിക്ക് പരാതിയും നൽകി.

ഏപ്രിൽ 27മുതൽ 31 വരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭാര്യയേയും മകളേയും ലൈംഗികമായ ഭാഷയിൽ അധിക്ഷേപിച്ചെന്നാണ് പരാതി. സി എസ് ഐ ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ ഗുണ്ടകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകളും ഡിജിപിക്ക് നൽകിയിട്ടുണ്ട്. നിഷാന്ത് ജി രാജും അരുണും വിനുവുമാണ് പരാതിക്കാർ. ബിഷപ്പ് ധർമ്മരാജ് റസാലത്തിനെ സാർ എന്ന് വിളിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി.

കേരളത്തിൽ നാടാർ സമുദായത്തെ ശിഥിലമാക്കാനും സംഘടനാ സംവിധാനത്തെ നശിപ്പിക്കാനും ബോധപൂർവ്വം ബാഹ്യശക്തികൾ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ നാടാർ സമുദായം അത്മീയമായി നിലകൊള്ളുന്ന പ്രബലമായ സി.എസ്‌ഐ സഭയെ തകർക്കാൻ ബാഹ്യശക്തികൾ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ന് സൗത്ത് കേരള ഡയോസിസിൽ ഇത്തരം ബാഹ്യശക്തികൾ കയറിയിറങ്ങുകയാണ്. ഇത്തരത്തിൽ നാടാർ സമുദായത്തെയും സമുദായത്തിന്റെ ആത്മീയ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് കൊണ്ണിയൂർ സനൽ കുമാർ പറഞ്ഞു.

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ കോവിഡ് സംഹാര താണ്ഡവമാടുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അനാവശ്യമായി നിർബന്ധ സർക്കുലർ ഇറക്കി നൂറുകണക്കിന് വൈദികരെ മൂന്നാറിൽ എത്തിച്ച് ദിവസങ്ങൾ നീണ്ട ധ്യാനം സംഘടിപ്പിച്ച സി.എസ്‌ഐ നേതൃത്വം മരണത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത് നമ്മുടെ സഹോദരങ്ങളായ വൈദികരെയാണ്. ഇന്ന് വരെ നാല്(4) വൈദികരായ സഹോദരങ്ങളാണ് മരണത്തിന് കീഴടങ്ങിയത്.ഈ ഹീനമായ പ്രവൃത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല. വളരെ വലിയ ദുരന്തത്തിനാണ് ഈ ധ്യാനം വഴിവെച്ചിരിക്കുന്നതെന്ന് കൊണ്ണിയൂർ സനൽകുമാർ ആരോപിച്ചു.

നന്ദൻ നായർ, നൗഫൽ,റെജിൻ,സോനു എന്നീ വാടക ഗുണ്ടകളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഈ വാടക ഗുണ്ടകൾക്ക് സി.എസ്‌ഐ സഭയുമായി എന്ത് ബന്ധമാണ് ഉള്ളത് എന്ന് സഭാനേതൃത്വം വ്യക്തമാക്കണമെന്നാണ് കൊണ്ണിയൂർ സനൽ കുമാർ പറയുന്നത്. പൊലീസ് അധികാരികൾ ഈ സംഭവം അനേഷിച്ച് എൻ.എസ്.എഫ് ജില്ലാ പ്രസിഡന്റിനു നേരെ കൊലവിളി നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്നും ആവശ്യപ്പെടുന്നു. നിയമപരമായി മാത്രമാണ് സംഘടന ഈ വിഷയത്തെ നേരിടാൻ ഉദ്ദേശിക്കുന്നത്. പൊലീസ് നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒരു മാസം മുൻപാണ് സിഎസ്ഐ സഭയുടെ ധ്യാനയോഗം മൂന്നാറിൽ നടന്നത്. കൊറോണ രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയായിരുന്നു ധ്യാനം നടത്തിയത്. ധ്യാനത്തിൽ പങ്കെടുത്ത 100ൽ അധികം വൈദികർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 350ഓളം വൈദികരാണ് പങ്കെടുത്തത്.

കൊറോണ പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഭയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. ധ്യാനത്തിന് അനുമതി തേടിയിരുന്നില്ലെന്നും ഏപ്രിൽ 12 മുതൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നെന്നും ഇടുക്കി ജില്ല ഭരണകൂടവും വ്യക്തമാക്കിയിരുന്നു. നിഷാന്ത് നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്.